'25 മിനിറ്റിൽ അവരെ തീർത്തു'; ഓപ്പറേഷൻ സിന്ദൂർ എന്തിനായിരുന്നു എന്ന് വിശദീകരിച്ച് കേണൽ സോഫിയാ ഖുറേഷി

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്ന വിങ് കമാൻഡർ വ്യോമികാ സിങ്ങും കേണൽ സോഫിയാ ഖുറേഷിയും (ഫയൽ ചിത്രങ്ങൾ) | Photos: ANI
ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്ന വിങ് കമാൻഡർ വ്യോമികാ സിങ്ങും കേണൽ സോഫിയാ ഖുറേഷിയും (ഫയൽ ചിത്രങ്ങൾ) | Photos: ANI

പാകിസ്താനെതിരെ ഇന്ത്യന്‍ സൈന്യം നടത്തിയ മറ്റൊരു സര്‍ജിക്കല്‍ സ്‌ട്രൈക്കായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. പഹല്‍ഗാമില്‍ വീണ ചോരയ്ക്കും മാഞ്ഞ സിന്ദൂരത്തിനും പകരമായാണ് ഇന്ത്യ പാകിസ്താന്റെ മണ്ണില്‍ കയറി ഭീകരരെ അടിച്ചത്. ഈ വിവരം ലോകത്തെ അറിയിക്കാനായി ഇന്ത്യ നിയോഗിച്ചത് രണ്ട് വനിതാ സൈനികോദ്യോഗസ്ഥരെയായിരുന്നു. കരസേനയിലെ കേണല്‍ സോഫിയാ ഖുറേഷിയും വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ വ്യോമികാ സിങ്ങുമാണ് വാര്‍ത്താ സമ്മേളനത്തിലൂടെ ഓപ്പറേഷന്‍ സിന്ദൂര്‍ വിശദീകരിച്ചത്. 

ഇപ്പോഴിതാ ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തുറന്നുപറയുകയാണ് ഇന്ത്യയുടെ രണ്ട് വീരപുത്രിമാരും. ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കോന്‍ ബനേഗാ കരോര്‍പതി എന്ന ടെലിവിഷന്‍ ഷോയുടെ സ്വാതന്ത്ര്യദിന പ്രത്യേക എപ്പിസോഡിലാണ് ഇരുവരും ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് കൂടുതല്‍ പറഞ്ഞത്. ഇത്തരമൊരു ഓപ്പറേഷന്‍ നടത്തിയത് എന്തിനായിരുന്നുവെന്ന് കേണല്‍ സോഫിയാ ഖുറേഷി വിശദീകരിച്ചു. 

Related News: ഓപ്പറേഷൻ സിന്ദൂർ വിശദീകരിച്ച വനിതാ ഉദ്യോഗസ്ഥർ യൂണിഫോം ധരിച്ച് 'കോൻ ബനേഗാ കരോര്‍പതി'യില്‍; വിമർശനം

'പാകിസ്താന്‍ വര്‍ഷങ്ങളായി ഇത് ചെയ്തുകൊണ്ടിരിക്കുകയാണ്. അവര്‍ക്ക് മറുപടി നല്‍കേണ്ടത് അനിവാര്യമായിരുന്നു. അതുകൊണ്ടാണ് ഓപ്പറേഷന്‍ സിന്ദൂര്‍ ആസൂത്രണം ചെയ്തത്. ഇത് പുതിയ മനോഭാവമുള്ള പുതിയ ഇന്ത്യയാണ്.' -കേണല്‍ പറഞ്ഞു. 

വെറും 25 മിനിറ്റില്‍ ദൗത്യം പൂര്‍ത്തിയാക്കിയെന്ന് വിങ് കമാന്‍ഡര്‍ വ്യോമികാ സിങ് പറഞ്ഞു. 'അന്ന് പുലര്‍ച്ചെ 01:05 മുതല്‍ 01:30 വരെയുള്ള സമയം, ഞങ്ങള്‍ വെറും 25 മിനിറ്റില്‍ അവരുടെ കളികള്‍ അവസാനിപ്പിച്ചു.' -വ്യോമികാ സിങ് പറഞ്ഞു. 

Don't Miss: രാജ്യത്തിനായി ബലി നല്‍കിയത് സ്വന്തം മുഖം; അറിയാം, മലയാളിയായ ധീര സൈനികന്‍ ലെഫ്. കേണല്‍ ഋഷിയെ

ഓപ്പറേഷന്‍ സിന്ദൂര്‍ ലോകത്തോട് വിശദീകരിച്ച രണ്ട് വനിതാ സൈനികോദ്യോഗസ്ഥര്‍ക്കൊപ്പം നാവികസേനയിലെ കമാന്‍ഡര്‍ പ്രേരണാ ദേവസ്തലിയും കോന്‍ ബനേഗാ കരോര്‍പതിയുടെ പ്രത്യേക എപ്പിസോഡില്‍ അതിഥിയായെത്തുന്നുണ്ട്. നാവികസേനയുടെ ചരിത്രത്തില്‍ ആദ്യമായി യുദ്ധക്കപ്പലിന്റെ കമാന്‍ഡറാകുന്ന വനിതയാണ് പ്രേരണാ ദേവസ്തലി. ഓപ്പറേഷന്‍ സിന്ദൂര്‍ ലക്ഷ്യമിട്ട കേന്ദ്രങ്ങള്‍ എല്ലാം തകര്‍ത്തുവെന്നും ഒരു സാധാരണക്കാരന് പോലും പരിക്കേറ്റിട്ടില്ലെന്നും കമാന്‍ഡര്‍ പ്രേരണാ ദേവസ്തലി വ്യക്തമാക്കി. 

മൂന്ന് വനിതാ സൈനികോദ്യോഗസ്ഥരും ഇക്കാര്യങ്ങള്‍ പറയുന്നത് കോന്‍ ബനേഗാ കരോര്‍പതി പ്രത്യേക എപ്പിസോഡിന്റെ പ്രൊമോ വീഡിയോയിലൂടെയാണ് പുറത്തുവന്നത്. ഷോയുടെ അവതാരകനായ അമിതാഭ് ബച്ചനും കാണികളും 'ഭാരത് മാതാ കീ ജയ്' എന്ന് ഉറക്കെ വിളിക്കുന്നതാണ് പ്രൊമോ വീഡിയോയുടെ അവസാനമുള്ളത്. പൂര്‍ണമായ എപ്പിസോഡ് സ്വാതന്ത്ര്യദിനത്തില്‍ രാത്രി ഒമ്പത് മണിക്ക് സോണി ടിവിയില്‍ പ്രക്ഷേപണം ചെയ്യും. 

Also Read: ദേശീയഗാനം മുഴങ്ങി; ജോലിനിര്‍ത്തി സണ്‍ഷേഡിൽ അനങ്ങാതെനിന്ന് തൊഴിലാളി, രാജ്യസ്‌നേഹത്തിന് കൈയടി | വീഡിയോ

അതേസമയം വനിതാ സൈനികോദ്യോഗസ്ഥര്‍ യൂണിഫോമില്‍ ഇത്തരമൊരു ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. 'സൈനിക ഓപ്പറേഷന് ശേഷം ഇതുപോലെയൊന്ന് ഏതെങ്കിലും രാജ്യത്ത് നിങ്ങള്‍ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ? സര്‍വീസിലുള്ള ഒരാള്‍ക്ക് ഇതിന് എങ്ങനെ അനുമതി ലഭിച്ചു?  -ഒരാള്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചത് ഇങ്ങനെയാണ്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണെന്നാണ് മറ്റൊരാള്‍ കുറിച്ചത്.

Content Highlights: Colonel Sofiya Qureshi & Wing Commander Vyomika Singh explains why Operation Sindoor was needed