'ജോലിക്കാരിയുമായി ബന്ധമുണ്ടെന്ന് വിവാഹത്തിന് മുമ്പ് പറഞ്ഞു, പിന്മാറാൻ ധൈര്യമില്ലായിരുന്നു' -സീമ കപൂർ

ഓം പുരി, സീമാ കപൂർ
ഓം പുരി, സീമാ കപൂർ

അന്തരിച്ച ബോളിവുഡ് താരം ഓം പുരിയെ കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ തുടര്‍ന്ന് ആദ്യഭാര്യ സീമാ കപൂര്‍. ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തക നന്ദിത പുരിയുമായി ഓം പുരി അടുപ്പത്തിലായെന്ന് നേരത്തേ സീമ പറഞ്ഞിരുന്നു. വീട്ടിലെ വേലക്കാരിയുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഓം പുരി തന്നോട് പറഞ്ഞിരുന്നുവെന്നാണ് സീമ ഇപ്പോള്‍ പറഞ്ഞത്. സിദ്ധാര്‍ഥ് കണ്ണന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. 

'1989-ലാണ് ഞങ്ങള്‍ തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയത്. എന്തുകൊണ്ടാണെന്നറിയില്ല, രണ്ട് കുടുംബങ്ങളും വിവാഹം നടത്താന്‍ വല്ലാതെ തിരക്കുകൂട്ടി. അന്നു ഭയ്യ (അന്നു കപൂര്‍) ഷൂട്ടിങ്ങിനുവേണ്ടി മറ്റൊരിടത്തായിരുന്നു. തന്റെ പ്രിയപ്പെട്ട സഹോദരിയുടെ വിവാഹനിശ്ചയം മറ്റൊരാള്‍ പറഞ്ഞാണ് അറിഞ്ഞത് അദ്ദേഹത്തെ വളരെ അസ്വസ്ഥനാക്കിയിരുന്നു. ആ കാലത്ത് ഫോണ്‍ സാധാരണമായിരുന്നില്ല.' -സീമ പറഞ്ഞു. 

'വിവാഹത്തിന് ഒരുദിവസം മുമ്പാണ് വീട്ടുജോലിക്കാരിയുമായി തനിക്ക് ബന്ധമുണ്ട് എന്ന് അദ്ദേഹം എന്നോട് പറഞ്ഞത്. എല്ലാവരേയും ക്ഷണിച്ചുകഴിഞ്ഞു. റിസപ്ഷനുള്ള തയ്യാറെടുപ്പിലായിരുന്നു ഞങ്ങള്‍. ജലാവര്‍ എന്ന ഗ്രാമത്തില്‍ ഏറെ ആദരിക്കപ്പെടുന്നവരായിരുന്നു എന്റെ മാതാപിതാക്കള്‍.' -സീമ തുടര്‍ന്നു. 

'എന്നോട് എന്തോ പറയാനുണ്ട് എന്ന് പറഞ്ഞ് അദ്ദേഹം എന്നെ പുഴയോരത്തേക്ക് കൂട്ടിക്കൊണ്ടുപോയിട്ടാണ് ഇക്കാര്യം പറഞ്ഞത്. വിവാഹം വേണ്ട എന്നുവെക്കാനുള്ള ധൈര്യം എനിക്കില്ലായിരുന്നു. ഇന്നത്തെ കാലത്തെ സ്ത്രീകള്‍ ധൈര്യശാലികളാണ്. വിവാഹ ചടങ്ങ് നടക്കുന്നതിനിടെ പോലും പിന്മാറാനുള്ള ധൈര്യം അവര്‍ക്കുണ്ട്.' -സീമ കപൂര്‍ പറഞ്ഞു. 

ഇത്തരം സാഹചര്യം കൈകാര്യം ചെയ്യാനുള്ള കഴിവ് തനിക്കില്ലായിരുന്നു. ഇത് മറ്റുള്ളവരെ വേദനിപ്പിക്കുമെന്നായിരുന്നു ചിന്ത. എന്നാല്‍ ഇപ്പോഴാണ് ഇങ്ങനെയൊരു സാഹചര്യമെങ്കില്‍ വിവാഹത്തില്‍ നിന്ന് താന്‍ പിന്മാറുമായിരുന്നുവെന്നും സീമ കപൂര്‍ കൂട്ടിച്ചേര്‍ത്തു. 

Content Highlights: A day before wedding, Om Puri confessed he had an affair with house help, says Seema Kapoor