ഐസ്വാൾ മുതൽ ഗുവാഹത്തി വരെ ഒരു 'ക്ലീൻ' യാത്ര; വൈറലായി വീഡിയോ

പൊതുഇടങ്ങളിലെ വൃത്തിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആളുകളുടെ നിലപാട് പലപ്പോഴും ചർച്ചയാകാറുണ്ട്. പൊതുമുതൽ സംരക്ഷിക്കുന്ന കാര്യത്തിലും അവ വൃത്തിയായി സൂക്ഷിക്കുന്ന കാര്യത്തിലും പലപ്പോഴും ആളുകൾ മടികാണിക്കാറുണ്ട്. തീവണ്ടി പോലുള്ള യാത്രാസൗകര്യങ്ങൾ ഉപയോഗിക്കുമ്പോൾ ആളുകൾ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയും ശുചിത്വത്തിന്റെ ഉത്തരവാദിത്തം അധികാരികളുടെ മേൽ കെട്ടിവെക്കുകയും ചെയ്യുന്നു. സമൂഹത്തിലെ ഒരു കൂട്ടം ആളുകൾ ഇത്തരത്തിൽ പെരുമാറുമ്പോഴും രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖല ശുചിത്വത്തിൽ മാതൃകയാണ് എന്ന് കാണിച്ചുതരുന്ന വീഡിയോ വൈറലാവുകയാണ്.
ഐസ്വാൾ മുതൽ ഗുവാഹത്തി വരെ തീവണ്ടിയിൽ യാത്ര ചെയ്യുന്ന ഒരു വ്യക്തി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച വീഡിയോയിലാണ് ആളുകളുടെ ശുചിത്വബോധം വ്യക്തമാകുന്നത്. യാത്രക്കാർ അവരുടെ പരിസരം വൃത്തിയായി സൂക്ഷിക്കാൻ വേണ്ടി മുൻകൈയ്യെടുത്ത് പ്രവർത്തിക്കുന്നു. ആരുടേയും നിർബന്ധമോ കർശനമായ നിയമങ്ങളോ ഇല്ലാതെ ഉയർന്ന തലത്തിലുള്ള പൗരബോധം ഉൾക്കൊണ്ടാണ് ഇത് നടപ്പിലാക്കുന്നത്.
ഇതിനകം നിരവധിയാളുകൾ കണ്ട വീഡിയോയിൽ യാത്രക്കാർ അവരുടെ സീറ്റിന് തൊട്ടടുത്തായി ചെറിയ ബാഗുകളിൽ യാത്രയ്ക്കിടെ ഉണ്ടാകുന്ന മാലിന്യങ്ങൾ സൂക്ഷിക്കുന്നു. പ്രത്യേകമായി ലഭിച്ച നിർദേശങ്ങളൊന്നുമില്ലാതെ ഇത് ആളുകൾക്കിടയിലുള്ള ഒരു ശീലം മാത്രമാണെന്ന് വീഡിയോയിൽ ഓർമ്മപ്പെടുത്തുന്നുണ്ട്. വീഡിയോ വൈറലായതോടെ ആളുകളുടെ പ്രവൃത്തിയെ പ്രശംസിച്ചുകൊണ്ട് നിരവധി ഉപയോക്താക്കൾ രംഗത്തെത്തി. പലപ്പോഴും വൃത്തിഹീനമായ റോഡുകളെക്കുറിച്ചും ട്രെയിനുകളെക്കുറിച്ചും പരാതിപ്പെടുന്ന ആളുകൾ സ്വന്തം പെരുമാറ്റത്തെ അപൂർവമായിട്ടെ ചോദ്യം ചെയ്യാറുള്ളു എന്ന് ഒരു ഉപയോക്താവ് കുറിച്ചു. പൊതുസ്ഥലങ്ങളിലെ പെരുമാറ്റം ഒരു ജീവിതരീതിയാണെന്നാണ് മറ്റൊരാളുടെ അഭിപ്രായം. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ളവരും വീഡിയോ കണ്ട് നല്ല പെരുമാറ്റം പഠിക്കുമെന്ന് പ്രത്യാശിക്കുന്നതായും കുറിപ്പുകളുണ്ട്.
Content Highlights: Discover how Northeast India sets a benchmark for public cleanliness and civic responsibility, even on train journeys. Learn from their exemplary waste management practices.