'പണമില്ലാത്തതിനാല്‍ നടക്കാതിരുന്ന സ്വപ്നം,അമ്മയുടെ കണ്ണ് നിറഞ്ഞു'; ഇന്ന് അതേയിടത്ത് അതിഥിയായി നിത

ഒരിക്കല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ പഠിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അതിന് കഴിഞ്ഞില്ലെന്നും റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനി. വര്‍ഷങ്ങള്‍ക്കുശേഷം അതേ സര്‍വകലാശാലയില്‍ അതിഥിയായി ഇരിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നത് അമ്മ പൂര്‍ണിമ ദലാല്‍ ആയിരിക്കുമെന്നും നിത അംബാനി പറയുന്നു. ഹാര്‍വാഡ് സര്‍വകലാശാലയില്‍ ഒരു കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നിത അംബാനി.
'എന്നെ ഹാര്‍വാഡിലേക്ക് അയയ്ക്കണമെന്ന് കുടുംബം ഏറെ ആഗ്രഹിച്ചിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം അതിന് കഴിഞ്ഞില്ല. ഇന്ന് ഈ വേദിയില്‍ നില്‍ക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ അഭിമാനിക്കുന്നത് അമ്മയാണ്. ഞാന്‍ ഹാര്‍വാഡിലേക്ക് പോകുകയാണെന്ന് അറിഞ്ഞപ്പോള്‍ 90 വയസുകാരിയായ എന്റെ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞു. മരുമക്കളായ ശ്ലോക മെഹ്തയേയും രാധിക മെര്‍ച്ചന്റിനേയും അമ്മ ഫോണില്‍ വിളിച്ച് സംസാരിച്ചു. എന്റെ ആ പഴയ സ്വപ്നത്തെ കുറിച്ച് അമ്മ അവരോട് മനസ് തുറന്നു. പണ്ട് നിതയ്ക്ക് ഹാര്‍വാഡില്‍ പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും എന്നാല്‍ പണമില്ലാത്തതിനാല്‍ അതിന് കഴിഞ്ഞില്ലെന്നും ഇപ്പോള്‍ മകള്‍ അവരുടെ അതിഥിയായി അവിടെ പോകുകയാണെന്നും പറഞ്ഞു. ഏറെ അഭിമാനത്തോടെയാണ് അമ്മ ഇത് അവരോട് പങ്കുവെച്ചത്.'-നിത പറയുന്നു. അമ്മയെ ഇത്രയധികം സന്തോഷിപ്പിച്ചതിന് ഹാര്‍വാഡ് അധികൃതര്‍ക്ക് അമ്മ നന്ദി പറഞ്ഞു.
നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ എക്‌സ് അക്കൗണ്ടില്‍ നിത അംബാനിയുടെ പ്രസംഗം പങ്കുവെച്ചിട്ടുണ്ട്. ഒരിക്കല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിത അംബാനിയെ അയയ്ക്കാന്‍ കഴിയാതിരുന്ന ഹാര്‍വാഡ് സര്‍വകലാശാലയില്‍തന്നെ നിത അംബാനി പ്രസംഗിക്കുന്ന അവിസ്മരണീയമായ മുഹൂര്‍ത്തം എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Content Highlights: nita ambani says her parents couldnt afford to send her to harvard