'എല്ലാം നേടിയാല്‍ ത്രില്‍ നഷ്ടപ്പെടും,പ്രയത്‌നം തുടരുക';മമ്മൂട്ടിയുമായുള്ള ചാറ്റുപങ്കുവെച്ച് നിരഞ്ജന

നിരഞ്ജന അനൂപ് മമ്മൂട്ടിക്കും സുല്‍ഫത്തിനുമൊപ്പം | Photo: Instagram/ niranjana anoop
നിരഞ്ജന അനൂപ് മമ്മൂട്ടിക്കും സുല്‍ഫത്തിനുമൊപ്പം | Photo: Instagram/ niranjana anoop

മലയാളികളുടെ പ്രിയപ്പെട്ടതാരം മമ്മൂട്ടി 71-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മെഗാസ്റ്റാറിന് ആശംസയുമായി നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നു. മമ്മൂട്ടിയോടൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെച്ചാണ് പലരും ആശംസ അറിയിച്ചത്. 

അത്തരത്തില്‍ നടി നിരഞ്ജന അനൂപ് പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുമായി നടത്തിയ വാട്‌സാപ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചാണ് നിരഞ്ജന ആശംസ അറിയിച്ചത്.

'ഇതിഹാസരമാകാന്‍ ഒരു കാരണമുണ്ടാകും. സ്വപ്‌നം കണ്ടത് നേടിയെടുക്കാനുള്ള പോരാട്ടം തുടരാന്‍ തലമുറകളെ നിങ്ങള്‍ പ്രചോദിപ്പിക്കുന്നു. ഏറ്റവും സന്തോഷകരമായ ജന്മദിനം മമ്മൂക്ക, ഇപ്പോഴും സ്‌നേഹിക്കുന്നു' എന്ന കുറിപ്പോടെയാണ് നിരഞ്ജന സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്തിനും ഒപ്പമുള്ള ചിത്രവും യുവനടി പങ്കുവെച്ചിട്ടുണ്ട്.

'നിങ്ങളെപ്പോലുള്ളവര്‍ ഇപ്പോഴും പ്രയത്‌നിക്കുകയാണെന്ന് താങ്കള്‍ പറഞ്ഞു. ഈ സന്ദേശം ഞങ്ങളെപ്പോലുള്ളവര്‍ക്ക് മോശം ദിവസങ്ങളിലും പ്രതീക്ഷ നല്‍കുന്നു.' ഇതായിരുന്നു നിരഞ്ജന മമ്മൂട്ടിക്ക് അയച്ച മെസ്സേജ്. 'പ്രയത്‌നിക്കുമ്പോഴാണ് ത്രില്ലുള്ളത്. നിങ്ങള്‍ ഒരിക്കല്‍ അതു നേടിക്കഴിഞ്ഞാല്‍ ത്രില്‍ നഷ്ടപ്പെടും. അതുകൊണ്ട് പ്രയത്‌നം തുടരുക. ഞാന്‍ ഇപ്പോഴും പ്രയത്‌നിക്കുകയാണ്' എന്നായിരുന്നു മമ്മൂട്ടി ഇതിന് മറുപടി നല്‍കിയത്. ഈ വാക്കുകള്‍ ഫ്രെയിം ചെയ്തു വെക്കുകയാണെന്നും നിരഞ്ജന മമ്മൂട്ടിയോട് പറയുന്നു. 

Content Highlights: niranjana anoop birthday wish to actor mammootty goes viral