'പൊരുത്തപ്പെടാന്‍ ഒരുപാട് ശ്രമിച്ചു, ഒടുവില്‍ വേദനയോടെ നടാഷ ആ തീരുമാനമെടുത്തു'

ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയും നടിയും സെര്‍ബിയന്‍ മോഡലുമായ നടാഷ സ്റ്റാന്‍കോവിച്ചും കഴിഞ്ഞ മാസമാണ് വിവാഹമോചതിരാകുന്ന വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഈ വാര്‍ത്ത അവര്‍ ആരാധകരുമായി പങ്കുവെച്ചത്. അതിന് മുമ്പ് മകന് അഗസ്ത്യയുമായി നടാഷ സെര്‍ബിയയിലേക്ക് മടങ്ങുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഇരുവരും വേര്‍പിരിയാനുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരുടേയും അടുത്ത സുഹൃത്ത്. ഹാര്‍ദിക് പാണ്ഡ്യ എപ്പോഴും സ്വന്തം കാര്യങ്ങള്‍ക്കാണ് പ്രാധാന്യം നല്കിയരുന്നതെന്നും സ്വന്തം കാര്യങ്ങളെ കുറിച്ചാണ് എപ്പോഴും ആലോചിച്ചിരുന്നതെന്നും അടുത്ത സുഹൃത്തിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാര്‍ദികിന്റെ ഈ സ്വഭാവവുമായി ഒത്തുപോകാന്‍ നടാഷ ഒരുപാട് ശ്രമിച്ചെന്നും സഹിക്കാന്‍ വയ്യാതായപ്പോള്‍ വിവാമോചനമെന്ന തീരുമാനത്തില്‍ വേദനയോടെ എത്തുകയായിരുന്നുവെന്നും സുഹൃത്ത് പറയുന്നു.
'എപ്പോഴും സ്റ്റൈലിഷ് ആയി നടക്കുന്ന ഹാര്‍ദിക്കിന് ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റണമെന്നത് എപ്പോഴത്തേയും ആഗ്രഹമായിരുന്നു. ആദ്യം ഇതെല്ലാം നടാഷ കൈകാര്യം ചെയ്തെങ്കിലും പിന്നീട് കൈവിട്ടുപോയി. ഹാര്‍ദികും താനും തമ്മില്‍ ഒരുപാട് വ്യത്യാസങ്ങളും പൊരുത്തക്കേടുകളുമുണ്ടെന്ന് നടാഷ മനസിലാക്കി. അതെല്ലാം പൊരുത്തപ്പെട്ട് ജീവിക്കാനുള്ള ശ്രമമാണ് പിന്നീടുണ്ടായത്. പക്ഷേ അത് പലപ്പോഴും നടാഷയില്‍ അസ്വസ്ഥതയുണ്ടാക്കി. ഇത് ഒരിക്കലും അവസാനിക്കാന്‍ പോകില്ലെന്ന് അവര്‍ക്ക് മനസിലായി. ഇതോടെ ബന്ധത്തില്‍ നിന്ന് പിന്മാറാന് അവര്‍ തീരുമാനിക്കുകയായിരുന്നു.'-സുഹൃത്തിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
'വളരേയധികം വേദനയോടെയാണ് നടാഷ തീരുമാനത്തിലെത്തിയത്. ഒരു ദിവസത്തിനുള്ളിലോ ഒരാഴ്ച്ചക്കുള്ളിലോ എടുത്ത തീരുമാനമായിരുന്നില്ല അത്. അവളെ വേദനിപ്പിച്ചുകൊണ്ടിരുന്ന ഒരു മുറിവായിരുന്നു അത്.'-റിപ്പോര്‍ട്ടില്‍ പറയുന്നു.
2020-ലാണ് ഹാര്‍ദികും ഡാന്‍സറും മോഡലും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയുമായ നടാഷയും വിവാഹിതരായത്. ലോക്ഡൗണിനിടയില് രഹസ്യമായിട്ടായിരുന്നു വിവാഹം. അതേ വര്‍ഷം ജൂലൈയില്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു. 2023-ല്‍ ഇരുവരും ആര്‍ഭാടപൂര്‍വ്വം വിവാഹം വീണ്ടും നടത്തി. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത പ്രീ വെഡ്ഡിങ് ആഘോഷവും റിസപ്ഷനുമെല്ലാം വിവാഹത്തോട് അനുബന്ധിച്ചുണ്ടായിരുന്നു.
വിവാഹം കഴിഞ്ഞ് നാല് വര്‍ഷത്തെിന് ശേഷം ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇന്‍സ്റ്റഗ്രാമിലെ ബയോയില്‍ നിന്ന് പാണ്ഡ്യ എന്ന സര്‍നെയിം നടാഷ ഒഴിവാക്കിയതോടെയാണ് വിവാഹ മോചന അഭ്യൂഹങ്ങളുണ്ടായത്. ഒപ്പം ഹാര്‍ദികിനൊപ്പമുള്ള ചില ചിത്രങ്ങളും അവര്‍ ഒഴിവാക്കിയിരുന്നു. ഇന്ത്യന്‍ ടീം ട്വന്റി-20 ലോകകപ്പ് കിരീടം നേടിയപ്പോള്‍ ഹാര്‍ദികിനെ അഭിനന്ദിച്ച് നടാഷ ഒരു വാക്ക് പോലും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നില്ല. ഇതോടെ ഇരുവരും വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ബലം വന്നു. ഇതിന് പിന്നാലെ നടാഷ മകനൊപ്പം സെര്‍ബിയയിലേക്ക് പോകുകയും പിന്നാലെ വിവാഹ മോചന വാര്‍ത്ത പുറത്തുവിടുകയുമായിരുന്നു.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഹാര്‍ദിക്കും ബ്രിട്ടീഷ് ഗായിക ജാസ്മിന് വാലിയയും പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇരുവരും ഗ്രീസില്‍ അവധിക്കാലം ആഘോഷിച്ചെന്നും ഈ റിപ്പോര്‍ട്ടുകളിലുണ്ടായിരുന്നു. ഒരേ പശ്ചാത്തലത്തില്‍ ഒരേ സമയത്തെടുത്ത ചിത്രങ്ങളായിരുന്നു ഈ റിപ്പോര്‍ട്ടുകള്‍ക്ക് ആധാരം.
Content Highlights: natasa stankovic and hardik pandyas divorce reason revealed