യുകെ പ്രഥമവനിതയായ മകള്‍ അക്ഷതയ്‌ക്കൊപ്പം ഐസ്‌ക്രീം രുചിച്ച് നാരായണ മൂര്‍ത്തി; ചിത്രം വൈറല്‍

ബ്രിട്ടന്റെ പ്രഥമ വനിത അക്ഷതാ മൂര്‍ത്തിയും പിതാവും ഇന്‍ഫോസിസ് സ്ഥാപകനുമായ നാരായണ മൂര്‍ത്തിയും ഒരുമിച്ചുള്ള ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇരുവരും ബെംഗളൂരുവിലെ ഒരു കടയില്‍ ഇരുന്ന് ഐസ്‌ക്രീം കഴിക്കുന്നതാണ് ചിത്രത്തിലുള്ളത്.
കാഷ്വല്‍ വസ്ത്രം ധരിച്ച് ലളിതമായി എത്തിയ ഇരുവരും ഐസ്‌ക്രീം കപ്പ് പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. ബെംഗളൂരുവിലെ ജയാനഗറിലുള്ള പ്രശസ്തമായ ഐസ്‌ക്രീം ഷോപ്പ് 'കോര്‍ണര്‍ ഹൗസി'ലാണ് ഇരുവരും എത്തിയത്.
മേഘ്‌ന ഗിരീഷ് എന്ന എക്‌സ് അക്കൗണ്ടില്‍ ഇരുവരുടേയും ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ബഹളൊന്നുമുണ്ടാക്കാതെ അവര്‍ വന്ന് ഐസ്‌ക്രീം വാങ്ങി. പക്ഷേ സ്റ്റാഫ് അവരെ തിരിച്ചറിയുകയും അവര്‍ക്ക് ഇരിക്കാന്‍ കസേര നല്‍കുകയും ചെയ്തു. ഫോട്ടോയ്ക്ക് പോസ് ചെയ്തു. ഞങ്ങളുടെ പ്രിയപ്പെട്ട ഐസ്‌ക്രീമിന് യുകെയിലെ പ്രഥമ വനിതയും അവരുടെ പിതാവും ഇന്ത്യയുടെ ഐടി രാജവും വഴി സൗജന്യമായി പരസ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ജമ്മു കശ്മീരിലെ നഗ്രോട്ട ആര്‍മി ബേസ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ അക്ഷയ് ഗിരീഷ് കുമാറിന്റെ മാതാവാണ് മേഘ്‌ന ഗിരീഷ്.
40 വര്‍ഷത്തെ പാരമ്പര്യമുള്ള കോര്‍ണര്‍ ഹൗസ് സെലിബ്രിറ്റികള്‍ക്കിടയില്‍ പ്രശസ്തമാണ്. 1982-ല്‍ നാരായണ്‍ റാവുവാണ് ഈ കടയ്ക്ക് തുടക്കം കുറിച്ചത്. ദീപിക പദുക്കോണ്‍, രാഹുല്‍ ദ്രാവിഡ്, മഹേഷ് ഭൂപതി തുടങ്ങിയവരെല്ലാം ഇവിടുത്തെ സ്ഥിരം സന്ദര്‍ശകരാണ്.
ബ്രിട്ടീഷ് പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഋഷി സുനാകിന്റെ ഭാര്യയാണ് അക്ഷതാ മൂര്‍ത്തി. കഴിഞ്ഞ ആഴ്ച എഴുത്തുകാരി ചിത്ര ബാര്‍ജിയുടെ പുസ്തകം 'ആന്‍ അണ്‍കോമണ്‍ ലവ്: ദ ഏര്‍ലി ലൈഫ് ഓഫ് സുധ ആന്റ് നാരായണ മൂര്‍ത്തി'യുടെ പ്രകാശന ചടങ്ങിന് മാതാപിതാക്കള്‍ക്കൊപ്പം അക്ഷതാ മൂര്‍ത്തി എത്തിയിരുന്നു. ബെംഗളൂരുവിലെ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കൊമേഴ്‌സിലായിരുന്നു ചടങ്ങ്. 1970-കളില്‍ സുധാ മൂര്‍ത്തിയെ കണ്ടുമുട്ടിയ കാലത്തെ കുറിച്ചുള്ള നാരായണ മൂര്‍ത്തിയുടെ ഓര്‍മകളാണ് ഈ പുസ്തകത്തിലുള്ളത്.
Content Highlights: narayana murthy enjoys ice cream with daughter akshata in bengaluru