എഐ കളറാക്കി മാറ്റിയ കൗമാര കാലത്തെ ചിത്രം; പിറന്നാള്‍ ആഘോഷിച്ച് നഫീസ അലി

നഫീസ അലി | Photo: instagram/ nafisa ali
നഫീസ അലി | Photo: instagram/ nafisa ali

ബിഗ് ബി എന്ന ചിത്രത്തിലെ മേരി ടീച്ചര്‍ എന്ന കഥാപാത്രത്തിലൂടെയാണ് മലയാളികള്‍ക്ക് നഫീസ അലിയെ പരിചയം. എന്നാല്‍ സൗന്ദര്യ മത്സരത്തിലും നീന്തലിലും ഒരുപോലെ പ്രാഗല്‍ഭ്യം തെളിയിച്ച നടിയാണ് അവര്‍. 1972 മുതല്‍ 1974 വരെ ദേശീയ നീന്തല്‍ ചാമ്പ്യനായിരുന്ന അവര്‍ 1976-ല്‍ മിസ് ഇന്ത്യ കിരീടവും ചൂടി. പിന്നീട് ചില ബോളിവുഡ് സിനിമകളിലും അഭിനയിച്ചു.

ഏറെക്കാലമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അവര്‍ക്ക് 2018-ല്‍ അര്‍ബുദം സ്ഥിരീകരിച്ചു. എന്നാല്‍ അതെല്ലാം അതിജീവിച്ച് ഇപ്പോള്‍ ഗോവയില്‍ സ്വസ്ഥജീവിതത്തിലാണ് അവര്‍. കഴിഞ്ഞ ദിവസം നഫീസ അലിയുടെ 67-ാം പിറന്നാളായിരുന്നു. ഇതിനോട് അനുബന്ധിച്ച് നഫീസ അലി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റ് ആരാധകരുടെ ശ്രദ്ധ കവര്‍ന്നു.

എഐ വികസിപ്പിച്ച തന്റെ കൗമാര കാലത്തെ ചിത്രങ്ങളാണ് അവര്‍ പങ്കുവെച്ചത്. 'എഐ കളറിലേക്ക് മാറ്റിയ എന്റെ കൗമാര കാലത്തെ ഓര്‍മകളാണ് എനിക്ക് പിറന്നാള്‍ സമ്മാനമായി ലഭിച്ചത്. റോഷ്‌നി അലിക്കും ദീപ്തരൂപ് ബസുവിനും നന്ദി'-നഫീസ അലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ഒരു ടേബിളിന് മുന്നില്‍ ബൊക്ക പിടിച്ചുനില്‍ക്കുന്ന ചിത്രവും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഭക്ഷണം കഴിക്കുന്ന ചിത്രവും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നില്‍ നഫീസ അലിയുടെ കൗമാര കാലത്തെ ചിത്രങ്ങള്‍ ഫ്രെയിം ചെയ്തുവെച്ചിരിക്കുന്നതും കാണാം.

ഈ പോസ്റ്റിന് താഴെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പിറന്നാള്‍ ആശംസ നേര്‍ന്ന് കമന്റ് ചെയ്തു. 'നിങ്ങള്‍ കെടാവിളക്കാണ്. നിങ്ങളുടെ സൗന്ദര്യം, വ്യക്തിത്വം.... നിങ്ങള്‍ പ്രകടിപ്പിക്കുന്ന് ഊഷ്മളതയും സ്‌നേഹവും കരുതലും നന്മയും വിവരിക്കാന്‍ വാക്കുകളില്ല.'-നടി പൂജാ ബേദി കുറിച്ചു. 

Content Highlights: nafisa alis ai made birthday gift