നടി ബിദിഷയ്ക്ക് പിന്നാലെ മഞ്ജുഷയുടേയും ആത്മഹത്യ;ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് അമ്മ

ബിദിഷ ഡേ മജുംദാറും മഞ്ജുഷ നിയോഗിയും | Photo: Instagram/ Bidisha and Manjusha
ബിദിഷ ഡേ മജുംദാറും മഞ്ജുഷ നിയോഗിയും | Photo: Instagram/ Bidisha and Manjusha

ബംഗാളി നടിയും മോഡലുമായ ബിദിഷ ഡേ മജൂംദാറിനെ കഴിഞ്ഞ ദിവസമാണ് കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ബിദിഷയുടെ സുഹൃത്തും മറ്റൊരു ബംഗാളി മോഡലുമായ മഞ്ജുഷ നിയോഗിയും ആത്മഹത്യ ചെയ്തു. കൊല്‍ക്കത്തയിലെ പാട്ടുലിയിലെ വസതിയിലാണ് മഞ്ജുഷ തൂങ്ങിമരിച്ചത്. മൂന്നു ദിവസത്തിന്റെ ഇടവേളയിലാണ് സുഹൃത്തുക്കള്‍ ആത്മഹത്യയിലൂടെ ജീവിതം അവസാനിച്ചത്.

ഇരുവരും ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് മഞ്ജുഷയുടെ അമ്മ പറയുന്നു. ബിദിഷ മരിച്ച ശേഷം മകള്‍ ആകെ വിഷമത്തിലായിരുന്നു. അവള്‍ക്ക് അത് താങ്ങാന്‍ കഴിയുന്ന ഒന്നായിരുന്നില്ല. വിഷാദരോഗം അവളെ കീഴടക്കി. ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മഞ്ജുഷയുടെ അമ്മ പറയുന്നു.

'ബിദിഷയോടൊപ്പം താമസിക്കണമെന്ന് മകള്‍ എപ്പോഴും പറയും. ബിദിഷയെ കുറിച്ച് അവള്‍ എല്ലാ ദിവസവും എന്നോട് സംസാരിക്കും. ബിദിഷയുടേതു പോലെ നമ്മുടെ വീട്ടിലും മാധ്യമങ്ങള്‍ വരുമെന്ന് അവള്‍ എന്നോടു പറഞ്ഞു. അതിന് ഞാന്‍ അവളെ ചീത്ത പറയുകയും ചെയ്തു. പക്ഷേ അത് ആത്മഹത്യയുടെ സൂചനയാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞില്ല.' അമ്മ പറയുന്നു. വെള്ളിയാഴ്ച്ച രാവിലേയാണ് മഞ്ജുഷ ആത്മഹത്യ ചെയ്തത്. 

കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്ളാറ്റില്‍ ബിദിഷയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്ളാറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ നാലുമാസമായി ബിദിഷ കൊല്‍ക്കത്തയിലെ ഫ്ളാറ്റില്‍ വാടകയ്ക്കാണ് താമസം. 

കാമുകനുമായുള്ള പ്രശ്നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്ന് മാധ്യമങ്ങള്‍ സൂചന നല്‍കിയത്. അനുഭാബ് ബേറ എന്നയാളുമായി നടി പ്രണയത്തിലായിരുന്നു. അടുത്തിടെ പ്രണയബന്ധത്തിലെ പ്രശ്നങ്ങളെ തുടര്‍ന്ന് നടി വിഷാദത്തിലായിരുന്നുവെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

മെയ് 15-ന് മറ്റൊരു ബംഗാളി നടി കൂടി ആത്മഹത്യ ചെയ്തിരുന്നു. 21-കാരിയായ ബംഗാളി ടെലിവിഷന്‍ താരം പല്ലവി ഡേയാണ് മരിച്ചത്. കൊല്‍ക്കത്തയിലെ ഫ്ളാറ്റില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ നടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മോന്‍ മാനേ നാ എന്ന സീരിയലിലൂടെയാണ് പല്ലവി ശ്രദ്ധനേടിയത്. രണ്ട് ദിവസം മുന്‍പ് വരെ നടി ചിത്രീകരണത്തിന് എത്തിയിരുന്നു. പല്ലവിയെ സന്തോഷവതിയായാണ് കാണപ്പെട്ടതെന്നും എന്തെങ്കിലും പ്രശ്നങ്ങളുള്ളതായി തോന്നിയില്ലെന്നാണ് സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പറയുന്നത്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ'  ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 04712552056)

Content Highlights: my daughter wanted to live with her female friend says mother of kolkata model