കവിത പോല്‍ മനോഹരം, സംഗീത സംവിധായകന്‍ ഗോവിന്ദ് വസന്തയുടെ മകന്റെ പേരിടല്‍ ചടങ്ങ്- വീഡിയോ

ഗോവിന്ദ് വസന്തയും പങ്കാളി രഞ്ജിനി അച്യുതനും/ Image: www.instagram.com/ranjini_achuthan/
ഗോവിന്ദ് വസന്തയും പങ്കാളി രഞ്ജിനി അച്യുതനും/ Image: www.instagram.com/ranjini_achuthan/

വ്യത്യസ്തമായ സംഗീത സൃഷ്ടികള്‍ കൊണ്ട് ഇന്ത്യന്‍ സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ഗോവിന്ദ് വസന്ത. സിനിമാരംഗത്ത് എഴുത്തുമായി ബന്ധപ്പെട്ട് സജീവമായ രഞ്ജിനി അച്യുതനാണ് ഗോവിന്ദിന്റെ ഭാര്യ.12 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഇവര്‍ക്ക് നാളുകള്‍ക്ക് മുന്‍പാണ് കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. രഞ്ജിനി അച്യുതന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

യാഴന്‍ ആര്‍ എന്നാണ് കുഞ്ഞിന്റെ പേര്. ചടങ്ങിന്റെ മനോഹരമായ ബ്ലാക്ക് ആന്റ് വൈറ്റ് വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. ഗായകനും അഭിനേതാവുമായ സിദ്ധാര്‍ഥ് ഉള്‍പ്പെടെ തൈക്കുടം ബ്രിഡ്ജിലെ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു

ഗോവിന്ദും രഞ്ജിനിയും ചേര്‍ന്നുള്ള ഗര്‍ഭകാല ഫോട്ടോ ഷൂട്ടും ശ്രദ്ധ നേടിയിരുന്നു. എന്റെ അചഞ്ചലമായ വിശ്വാസത്തിന് പ്രപഞ്ചം ഉത്തരം നല്‍കി' എന്ന അടിക്കുറിപ്പോടെയാണ് താന്‍ അമ്മയാകാനൊരുങ്ങുന്ന വിവരം രഞ്ജിനി അറിയിച്ചത്. അമ്മയാകാനുള്ള ദീര്‍ഘകാലത്തെ കാത്തിരിപ്പിനെക്കുറിച്ചുള്ള വികാരനിര്‍ഭരമായ കുറിപ്പും അവര്‍ ചിത്രങ്ങള്‍ക്കൊപ്പം പങ്കുവച്ചു. പ്രിയപ്പെട്ട ലോകമേ, ഞങ്ങള്‍ ഗര്‍ഭം ധരിച്ചു എന്ന തലക്കെട്ടിലും രഞ്ജിനി ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

'എന്റെ ഗര്‍ഭകാല ജേണലില്‍ നിന്നുള്ള ഉദ്ധരണികള്‍...: 12 വര്‍ഷത്തെ ഇതിഹാസകാവ്യം... ഇത്രയും കാലം അമ്മമാരുടെ ഒരു കടല്‍ തന്നെ എനിക്കു ചുറ്റുമുണ്ടായിരുന്നു. അപ്പോഴെല്ലാം ഞാന്‍ കാത്തിരുന്നു. പക്ഷേ ചിലപ്പോഴൊക്കെ ചില സംശയങ്ങള്‍ എന്നെ അലട്ടി. അമ്മയാകാനൊരുങ്ങുന്ന സ്ത്രീകളുടെ വയര്‍ കാണുമ്പോള്‍, എന്റെ വയറിനും ഭാരമുള്ളതായി എനിക്കു തോന്നി. അമ്മമാരുടെ പാല്‍ ചുരത്തുന്ന സ്തനങ്ങള്‍ കാണുമ്പോള്‍ എന്റെ നെഞ്ചിലും നനവ് പടരുന്ന പോലെ തോന്നി. എന്നിട്ടും ഞാന്‍ തോറ്റുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. ഈ മറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയത് എന്നെ സംബന്ധിച്ച് ഒരു സ്വപ്നസാക്ഷാത്കാരമാണ്', രഞ്ജിനി അച്യുതന്‍ കുറിച്ചു. 

2012ലായിരുന്നു ഗോവിന്ദിന്റെയും രഞ്ജിനിയുടേയും വിവാഹം. തൈക്കൂടം ബ്രിഡ്ജ് എന്ന സംഗീത ബാന്‍ഡിലൂടെയാണ് ഗോവിന്ദ് വസന്ത ശ്രദ്ധ നേടിയത്. മലയാളത്തിലും അന്യഭാഷകളിലും സം?ഗീത സംവിധായകനെന്ന നിലയില്‍ ഇരിപ്പിടമുറപ്പിച്ച സംഗീതജ്ഞനാണ് ഗോവിന്ദ്.  

Content Highlights: music director govind vasantha son naming ceremony