'ലിവിങ് ടുഗെതറില്‍ ആയിരുന്ന ഒരു പെണ്‍കുട്ടിക്ക് മകനെ വിവാഹം ചെയ്തുകൊടുക്കുമോ?';സീനത്തിനെതിരെ മുംതാസ്

ലിവിങ് ടുഗെതര്‍ തെരഞ്ഞെടുക്കാന്‍ യുവാക്കളും യുവതികളും തയ്യാറാകണമെന്ന സീനത്ത് അമന്റെ അഭിപ്രായത്തെ വിമര്‍ശിച്ച് ബോളിവുഡ് താരം മുംതാസ്. സോഷ്യല്‍ മീഡിയയിലൂടെ സീനത്ത് അമന്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും യുവാക്കള്‍ക്കിടയില്‍ സ്വീകാര്യത ലഭിക്കാനാണ് സീനത്ത് ഇത്തരം കാര്യങ്ങളെ കുറിച്ച് സംസാരിക്കുന്നതെന്നും മുംതാസ് പറയുന്നു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മുംതാസ്.
'പെണ്‍കുട്ടികള്‍ ലിവ്-ഇന്‍ സംസ്‌കാരം സ്വീകരിച്ചാല്‍ വിവാഹം ഒരു സ്ഥാപനമെന്ന നിലയില്‍ കാലഹരണപ്പെടും. സത്യസന്ധമായി എന്നോട് പറയൂ, ലിവ്-ഇന്‍ റിലേഷന്‍ഷിപ്പില്‍ ആയിരുന്നെന്ന് നിങ്ങള്‍ക്കറിയാവുന്ന ഒരു പെണ്‍കുട്ടിക്ക് നിങ്ങളുടെ മകനെ വിവാഹം ചെയ്തു കൊടുക്കുമോ? മസ്ഹാര്‍ ഖാനെ വിവാഹം കഴിക്കുന്നതിന് മുമ്പ് വര്‍ഷങ്ങളോളം സീനത്തിന് അറിയാമായിരുന്നു. അവരുടെ വിവാഹ ജീവിതം നരകം പോലെയായിരുന്നു.' മുംതാസ് പറയുന്നു.
1985 ഒക്ടോബറിലാണ് നടന്‍ മസ്ഹാര്‍ ഖാനെ സീനത്ത് വിവാഹം ചെയ്യുന്നത്. ഒരു വര്‍ഷത്തിന് ശേഷം അവര്‍ക്ക് ആദ്യ കുഞ്ഞ് പിറന്നു. എന്നാല്‍ ആ വിവാഹം ഒരു വലിയ തെറ്റായിരുന്നുവെന്നും വിവാഹത്തിന്റെ ആദ്യ വര്‍ഷത്തില്‍തന്നെ താന്‍ അത് തിരിച്ചറിഞ്ഞുവെന്നും സീനത്ത് അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ബിസിനസുകാരനായ മയൂര്‍ മദ്‌വാനിയെയാണ് മുംതാസ് വിവാഹം ചെയ്തത്. ഇരുവരും 40 വര്‍ഷത്തോളമായി ഒരുമിച്ചാണ് ജീവിക്കുന്നത്.
'താന്‍ ഉപദേശിക്കുന്ന കാര്യങ്ങളെ കുറിച്ച് സീനത്ത് ശ്രദ്ധിക്കണം. സോഷ്യല്‍ മീഡിയ വഴിയുള്ള ജനപ്രീതിയിലേക്ക് അവര്‍ വേഗത്തിലാണ് എത്തിച്ചേര്‍ന്നത്. ഒരു 'കൂള്‍ ആന്റി' എന്ന് വിളിക്കപ്പെടുമ്പോഴുള്ള അവരുടെ ആവേശം എനിക്ക് മനസിലാക്കാന്‍ പറ്റും. എന്നാല്‍ ധാര്‍മിക മൂല്യങ്ങള്‍ക്ക് വിരുദ്ധമായ ഉപദേശം നല്‍കുന്നത് ഫോളോവേഴ്‌സിന്റെ എണ്ണം കൂട്ടാനുള്ള മാര്‍ഗമല്ല.' മുംതാസ് കൂട്ടിച്ചേര്‍ക്കുന്നു
റിലേഷന്‍ഷിപ്പിലുള്ള വ്യക്തികള്‍ വിവാഹത്തിന് മുമ്പ് ഒന്നിച്ചു ജീവിക്കണമെന്നും പ്രണയിക്കുന്ന സമയത്ത് യഥാര്‍ഥ സ്വഭാവം മനസിലാക്കാന്‍ പറ്റില്ലെന്നുമാണ് സീനത്ത് അമന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തന്റെ മക്കളായ സഹാനും ആസാനും ഇതേ ഉപദേശമാണ് നല്‍കിയതെന്നും സീനത്ത് അമന്‍ പറയുന്നുണ്ട്. യുക്തിപരമായ രീതിയാണിതെന്നും ഒരു ബന്ധം നിശ്ചയിച്ചുറപ്പിക്കാനുള്ള ആത്യന്തിക പരീക്ഷണമാണിതെന്നും സീനത്ത് പോസ്റ്റില്‍ പറയുന്നുണ്ട്. രണ്ടു വ്യക്തികള്‍ ഒരുമിക്കുന്നതില്‍ കുടുംബവും സര്‍ക്കാരും ഉള്‍പ്പെടുന്നതിന് മുമ്പ് അവര്‍ ആത്യന്തികമായി പരീക്ഷിക്കുകയാണ് വേണ്ടത്. പ്രണയിക്കുന്ന സമയത്ത് മിക്കവരും അവരുടെ നല്ലസ്വഭാവം മാത്രമാണ് പ്രകടമാക്കുക എന്നും സീനത്ത് പറയുന്നു.
എന്നാല്‍ ലിവിങ് ടുഗെതറിലൂടെ മുഴുവന്‍ സമയവും ഒരുമിച്ചാകുമ്പോഴാണ് ഒന്നിച്ചൊരു ജീവിതം സാധ്യമാകുമോ എന്ന് തിരിച്ചറിയാനാകൂ. ദിവസത്തില്‍ ഏതാനും മണിക്കൂറുകള്‍ മാത്രം കാണുമ്പോള്‍ നല്ലസ്വഭാവം മാത്രം പുറത്തെടുക്കാന്‍ എളുപ്പമാണ്. പക്ഷേ ഏതവസ്ഥയിലും പരസ്പരം ചേര്‍ന്നുനില്‍ക്കാന്‍ കഴിയണം. രണ്ടു വ്യക്തികള്‍ക്കിടയില്‍ തീര്‍ച്ചയായും ഉണ്ടായേക്കാവുന്ന ഒട്ടനവധി ചെറിയ വഴക്കുകളെയൊക്കെ അതിജീവിച്ച് മുന്നോട്ടുപോകാനാവുമോ എന്ന് തിരിച്ചറിയണം. ചുരുക്കിപ്പറഞ്ഞാല്‍ നിങ്ങള്‍ തമ്മില്‍ ശരിക്കും പൊരുത്തമുണ്ടോ എന്ന് നിശ്ചയിക്കാന്‍ ലിവിങ് ടുഗെതറിലൂടെ കഴിയുമെന്നും സീനത്ത് അമന്‍ പറയുന്നു.
Content Highlights: mumtaz criticises zeenat aman for live in advice