അംബാനിയുടെ പാചകക്കാരന് ഇത്രയും ശമ്പളമോ! ഞായറാഴ്ചകളില്‍ മുകേഷ് അംബാനിക്ക് പ്രിയം ഇഡ്‌ലിയും സാമ്പാറും

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്മാരിലൊരാളാണ് മുകേഷ് അംബാനി. ബിസിനസ് ലോകത്തെ തിരക്കിലും വീട്ടിലെ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന, കര്‍ശനമായ ഡയറ്റ് പിന്തുടരുന്ന വ്യക്തികൂടിയാണ് അദ്ദേഹം. ഭാര്യ നിത അംബാനിയും അതുപോലെതന്നെ. മുംബൈയിലെ അംബാനിയുടെ ആഡംബര വസതിയായ 'ആന്റില'യില്‍ ഇത്തരം ഭക്ഷണമെല്ലാം ഒരുക്കാന്‍ പ്രത്യേക പാചകക്കാരുമുണ്ട്. അംബാനിയുടെ വീട്ടിലെ പാചകക്കാരന്റെ ശമ്പളം ഒരു സ്വകാര്യ കമ്പനിയിലെ മുതിര്‍ന്ന എക്‌സിക്യൂട്ടിവിന് കിട്ടുന്ന തുകയെക്കാള്‍ ഉയര്‍ന്നതാണെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.
'ആന്റില'യിലെ പ്രധാന പാചകക്കാരന്റെ മാസശമ്പളം ഏകദേശം രണ്ടുലക്ഷം രൂപയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. അങ്ങനെയാണെങ്കില്‍ വാര്‍ഷികശമ്പളം ഏകദേശം 24 ലക്ഷം രൂപ. ഇതിനുപുറമേ ആരോഗ്യ ഇന്‍ഷുറന്‍സും കുടുംബാംഗങ്ങള്‍ക്കുള്ള വിദ്യാഭ്യാസച്ചെലവും അടക്കമുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ടത്രേ. 'ആന്റില'യിലെ ഡ്രൈവര്‍മാര്‍ അടക്കം പല ജീവനക്കാര്‍ക്കും ഇതേരീതിയിലാണ് ശമ്പള പാക്കേജ്. ഏകദേശം 600-ഓളം ജീവനക്കാരാണ് അംബാനിയുടെ 24 നിലയുള്ള ആഡംബര വസതിയില്‍ ജോലിചെയ്യാനുള്ളതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ദാല്‍, റൊട്ടി, ഞായറാഴ്ചകളില്‍ ഇഡ്‌ലിയും സാമ്പാറും...
ഭക്ഷണകാര്യത്തില്‍ കര്‍ശനമായ ഡയറ്റ് പിന്തുടരുന്ന അംബാനിക്ക് ദാല്‍, റൊട്ടി, ചോറ് എന്നിവയാണ് ഏറെ ഇഷ്ടമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വെജിറ്റേറിയന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് ഞായറാഴ്ചകളില്‍ ഇഡ്‌ലിയും സാമ്പാറുമാണ് മെനു. വീട്ടിലുണ്ടാക്കുന്ന ഇത്തരം ഭക്ഷണങ്ങളാണ് ഏറെ പ്രിയം. തായ് വിഭവങ്ങളും അദ്ദേഹത്തിന്റെ ഇഷ്ടഭക്ഷണവിഭവങ്ങളുടെ പട്ടികയിലുണ്ടെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
Content Highlights: mukesh ambani chef salary and ambani favourite food menu