'ബേബോ, വാക്കുകള്‍ കൊണ്ട് പറയാവുന്നതിനുമപ്പുറം'; വൈകാരിക കുറിപ്പുമായി ഷമി

2023 ഏകദിന ലോകകപ്പില്‍ അത്ഭുതപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടേത്. എന്നാല്‍ പരിക്കേറ്റ താരം പിന്നീട് ഇന്ത്യന്‍ കുപ്പായത്തില്‍ കളിക്കാനിറങ്ങിയിട്ടില്ല. അടുത്തിടെ ബംഗാള്‍ ടീമിന്റെ രഞ്ജി ട്രോഫി സ്‌ക്വാഡില്‍ താരം ഇടംപിടിച്ചിരുന്നു. നവംബറില്‍ ഓസീസിനെതിരായ പരമ്പരയില്‍ ഷമി കളിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താരം പരിശീലനം ആരംഭിച്ചുകഴിഞ്ഞു.
ഇപ്പോഴിതാ ഷമി സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ദീര്‍ഘനാളുകള്‍ക്ക് ശേഷം മകളെ കണ്ടതുമായി ബന്ധപ്പെട്ടുള്ള പോസ്റ്റാണ് താരം പങ്കുവെച്ചത്.മകള്‍ ഐറയ്‌ക്കൊപ്പം ഷോപ്പിങ് മാളില്‍ പോകുന്നതുള്‍പ്പെടെയുള്ള ചിത്രങ്ങളടങ്ങിയ റീലാണ് താരം പങ്കുവെച്ചത്. ഐറയുടെ മാതാവായ ഹസിന്‍ ജഹാനുമായി ഷമി വേര്‍പിരിഞ്ഞിരുന്നു.
'ഒരുപാട് നാളുകള്‍ക്ക് ശേഷം മകളെ കണ്ടപ്പോള്‍ സമയം പോലും നിശ്ചലമായി. ബേബോ, വാക്കുകള്‍ കൊണ്ട് പറയാവുന്നതിനുമപ്പുറം നിന്നെ ഇഷ്ടപ്പെടുന്നു.'- ഷമി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കളിക്കളത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ് താരം. മടങ്ങിവരവില്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തുമെന്നും ഫിറ്റ്‌നസ് ഉറപ്പാക്കാന്‍ ആഭ്യന്തരക്രിക്കറ്റില്‍ കളിക്കേണ്ടി വന്നാല്‍ കളിക്കുമെന്നും ഷമി പറഞ്ഞിരുന്നു.
Content Highlights: Mohammed Shamis Emotional Post meeting with daughter