സ്വർണഖനിയിൽ ഭക്ഷണവും വെള്ളവുമില്ലാതെ 14 ദിവസം കുടുങ്ങി തൊഴിലാളി, ഒടുവിൽ രക്ഷ; നടുക്കുന്ന വീഡിയോ

#Lifestyle Desk
രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യം | Photo: x.com/dom_lucre
രക്ഷാപ്രവർത്തനത്തിന്റെ ദൃശ്യം | Photo: x.com/dom_lucre

സ്വർണഖനിയിൽ കുടുങ്ങിയ തൊഴിലാളിയെ 14 ദിവസങ്ങൾക്ക് ശേഷം രക്ഷപ്പെടുത്തി. ഭക്ഷണമോ വെള്ളമോ ഇല്ലാതെയാണ് തൊഴിലാളി സ്വർണഖനിയിൽ രണ്ടാഴ്ച കുടുങ്ങിക്കിടന്നത്. മെക്‌സിക്കോയിലെ സിനലോവ സംസ്ഥാനത്തെ എൽ റൊസാരിയോയിലാണ് സംഭവം. രക്ഷാപ്രവർത്തനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.

ഫ്രാൻസിസ്‌കോ സപാതാ നജേര എന്ന 42-കാരനാണ് 300 മീറ്റർ താഴെ ഭൂമിക്കടിയിൽ കുടുങ്ങിയത്. ഖനിയുടെ ഒരു ഭാഗം തകരുകയും ഖനിയിലേക്ക് വെള്ളം കയറുകയും ചെയ്യുകയായിരുന്നു. അപകടസമയത്ത് 25 തൊഴിലാളികൾ ഖനിയിലുണ്ടായിരുന്നു. 21 പേർ രക്ഷപ്പെട്ടു. എന്നാൽ ഫ്രാൻസിസ്‌കോ ഉൾപ്പെടെ നാല് പേർ ഖനിയിൽ കുടുങ്ങിപ്പോയി.

രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചെങ്കിലും അഞ്ച് ദിവസത്തിന് ശേഷമാണ് ആദ്യ തൊഴിലാളിയെ രക്ഷപ്പെടുത്തിയത്. മറ്റൊരു തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. രക്ഷാപ്രവർത്തനം തുടങ്ങി 300 മണിക്കൂറിന് ശേഷമാണ് പ്രതീക്ഷയുടെ വെളിച്ചം രക്ഷാപ്രവർത്തകർ കണ്ടത്. ഫ്രാൻസിസ്‌കോയുടെ കൈയിലുണ്ടായിരുന്ന ടോർച്ചിൽ നിന്നുള്ള നേരിയ പ്രകാശം കണ്ടതോടെ രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂടി.

ഭൂഗർഭ ടണലിൽ അരയ്‌ക്കൊപ്പം വെള്ളത്തിലായിരുന്നു ഫ്രാൻസിസ്‌കോ ഉണ്ടായിരുന്നത്. ദുർഘടമായ സാഹചര്യത്തിൽ ഭക്ഷണവും വെള്ളവുമില്ലാതെ രണ്ടാഴ്ച കഴിഞ്ഞെങ്കിലും അദ്ദേഹം സംസാരിക്കുന്നുണ്ടായിരുന്നു. 'നിങ്ങൾക്ക് എങ്ങനെയുണ്ട്? നിങ്ങളുടെ ടോർച്ചിൽ നിന്നുള്ള വെളിച്ചം ഞങ്ങളെ ഒരുപാട് സഹായിച്ചു. അതാണ് ഞങ്ങളെ നിങ്ങളുടെ അടുത്തെത്തിച്ചത്.'-ഇതാണ് രക്ഷാപ്രവർത്തകർ ഫ്രാൻസിസ്‌കോയോട് ആദ്യം പറഞ്ഞത്. 'എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ല. എനിക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ല.' എന്നാണ് ഫ്രാൻസിസ്‌കോ ഇതിന് മറുപടിയായി പറഞ്ഞതെന്നും ബിബിസി റിപ്പോർട്ട് ചെയ്തു.

കണ്ടെത്തിയെങ്കിലും അദ്ദേഹത്തെ ഉടൻ പുറത്തെത്തിക്കാൻ രക്ഷാപ്രവർത്തകർക്ക് കഴിഞ്ഞില്ല. കുടിവെള്ളവും ട്യൂണാ കാനുകളും എനർജി ബാറുകളും തിരികെ വരുമെന്ന ഉറപ്പും നൽകി രക്ഷാപ്രവർത്തകർ മടങ്ങിപ്പോയി. പിന്നീട് വീണ്ടുമെത്തിയ രക്ഷാപ്രവർത്തകർ അദ്ദേഹത്തെ പുറത്തെത്തിച്ചു. തെർമൽ ബ്ലാങ്കറ്റിൽ പൊതിഞ്ഞാണ് ഫ്രാൻസിസ്‌കോയെ അവർ പുറത്തെടുത്തത്. തുടർന്ന് അദ്ദേഹത്തെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് മാറ്റി.

Content Highlights: In a dramatic rescue operation in El Rosario, Sinaloa, Mexico, 42-year-old miner Francisco Zapata Najera was saved after being trapped 300 meters underground for 14 days. Following a mine collapse and flooding, Francisco survived without food or water in waist-deep water. Rescuers spotted the faint light from his flashlight after 300 hours of searching. He was provided emergency supplies before being airlifted to a hospital for treatment.