'പലസ്തീനൊപ്പം നില്‍ക്കാതിരിക്കാനാകില്ല';നിലപാട് വ്യക്തമാക്കി മിയ ഖലീഫ

മിയ ഖലീഫ | Photo: instagram/ mia khalifa
മിയ ഖലീഫ | Photo: instagram/ mia khalifa

പലസ്തീന്‍ അനുകൂല സായുധസംഘമായ ഹമാസും ഇസ്രയേലും തമ്മിലുള്ള യുദ്ധത്തില്‍ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുന്‍ പോണ്‍താരം മിയ ഖലീഫ. പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാല്‍ അവരുടെ പക്ഷത്ത് നില്‍ക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് മിയ എക്‌സില്‍ കുറിച്ചത്. പലസ്തീനിലെ സാഹചര്യം മനസിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ വംശീയതയുടെ ആ തെറ്റായ വശത്താണ്. അത് കാലക്രമേണ ചരിത്രം തെളിയിക്കുമെന്നും മിയ എക്‌സില്‍ കുറിച്ചു.

ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മിയയ്‌ക്കെതിരെ പ്രതിഷേധം നിറഞ്ഞു. ഒക്ടോബര്‍ ഏഴിന് പങ്കുവെച്ച ഈ പോസ്റ്റ് എക്‌സില്‍ ട്രെന്‍ഡിങ്ങാണ്. 20 മില്യണ്‍ ഇംപ്രഷന്‍സാണ് ഇതിന് ലഭിച്ചത്. ഇതിന് പിന്നാലെ മിയയ്‌ക്കെതിരേ പ്രതിഷേധവും ശക്തമായി. 

അജ്ഞത മൂലമാണ് ഇത്തരത്തില്‍ പ്രതികരിക്കുന്നത് എന്നായിരുന്നു പലരുടേയും വിമര്‍ശനം. മെച്ചപ്പെട്ട ഒരു മനുഷ്യനാകാന്‍ ശ്രമിക്കൂവെന്നും ദുരന്തമുഖത്ത് മനുഷ്യര്‍ ഒരുമിക്കുകയാണ് വേണ്ടതെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇതിനെല്ലാം മറുപടിയുമായി മിയയും രംഗത്തെത്തി. എന്തൊക്കെ പറഞ്ഞാലും പിന്തുണ പലസ്തീന് തന്നെയാകുമെന്നും പലസ്തീന്‍ സ്വതന്ത്രമാകുന്നതുവരെ ആ നിലപാട് തുടരുമെന്നും മിയ കുറിച്ചു. 

നേരത്തെ നടിയും മോഡലുമായ കെയ്‌ലി ജെന്നര്‍ ഇസ്രായേല്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഇസ്രായേല്‍ പതാകയുടെ ചിത്രമാണ് കെയ്‌ലി പങ്കുവെച്ചത്. എന്നാല്‍ ഇത് വിവാദമായതോടെ താരം സ്‌റ്റോറി നീക്കം ചെയ്തു. എന്നാല്‍ ഈ സ്‌റ്റോറിയെ വിമര്‍ശിച്ചും മിയ രംഗത്തെത്തി.

 'യഥാര്‍ഥ മാധ്യമപ്രവര്‍ത്തനം നിലനില്‍ക്കുന്നുണ്ടെങ്കില്‍ കെയ്‌ലി ജെന്നറുടെ കണ്ണില്‍ നോക്കിക്കൊണ്ട് മധ്യേഷ്യയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളെ കുറിച്ചുള്ള ചോദ്യം ചോദിക്കണം. ഇടറാതെ ഒരു വാക്യം പൂര്‍ത്തിയാക്കുന്നതുവരെ അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കരുത്'-കെയ്‌ലിയെ വിമര്‍ശിച്ച് മിയ എക്‌സില്‍ കുറിത്തു, 

Content Highlights: mia khalifa trends over palestine posts