മേഗൻ മാർക്കലിനെതിരേ 85 കോടിയുടെ കേസ്; നെറ്റ്ഫ്ലിക്സ് ഷോയിലെ ബാത്ത് സാൾട്ട് പണി തന്നുവെന്ന് യുവതി

നെറ്റ്ഫ്ലിക്സ് ഷോയായ 'വിത്ത് ലവ്, മേഗൻ' എന്നതിൽ അവതരിപ്പിച്ച ബാത്ത് സോൾട്ട് റെസിപ്പി പരീക്ഷിച്ചതിനെത്തുടർന്ന് തനിക്ക് ഗുരുതരമായി പൊള്ളലേറ്റെന്ന ആരോപണവുമായി യു.എസ്. വനിത. മെരിലാൻഡ് സ്വദേശിയായ റോബിൻ പാട്രിക് ആണ് മേഗൻ മാർക്കലിനെതിരേ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് ചൂണ്ടിക്കാട്ടി രംഗത്തുവന്നത്.
ഷോയിൽ കാണിച്ച എപ്സം സോൾട്ട്, ആർനിക്ക ഓയിൽ, ലാവെൻഡർ ഓയിൽ, പിങ്ക് ഹിമാലയൻ സോൾട്ട്, ഉണങ്ങിയ പൂക്കൾ എന്നിവ അടങ്ങിയ റെസിപ്പി പിന്തുടർന്നത് തന്റെ ആരോഗ്യത്തെ ബാധിച്ചുവെന്നാണ് ആരോപണം. ശരീരത്തിൽ പൊള്ളലേൽക്കുകയും അസ്വസ്ഥതയുണ്ടാകുകയും ചെയ്തു. ഉടൻ തന്നെ ബാത്ത് ടബ്ബിൽ നിന്ന് പുറത്തിറങ്ങിയെങ്കിലും കാര്യമുണ്ടായില്ല. മിശ്രിതം പരിശോധിക്കാൻ ശ്രമിച്ചതോടെ വലതുകയ്യിലും പൊള്ളലേറ്റു. അതേ ദിവസം വൈകീട്ട് കുളിക്കുമ്പോൾ ശരീരത്തിൽ കഠിനമായ പൊള്ളലേറ്റു. ശരീരത്തിൽ വ്രണങ്ങളുണ്ടായതായും അവർ കൂട്ടിച്ചേർത്തു.
മാർക്കലിനെ കൂടാതെ നെറ്റ്ഫ്ലിക്സ്, ആച്ച്വെൽ പ്രൊഡക്ഷൻസ് എന്നിവർക്കെതിരേ 85 കോടി രൂപയുടെ നഷ്ടപരിഹാര കേസ് ആണ് പാട്രിക് നൽകിയിരിക്കുന്നത്. അതേസമയം, പാട്രിക്കിന്റെ ആരോപണങ്ങളെ തള്ളി ഐപിസി അഭിഭാഷകൻ കാമറൂൺ സ്ട്രാച്ചർ രംഗത്തെത്തി. തന്റെ കക്ഷികളാരും അവരുടെ പ്രവർത്തനങ്ങൾക്ക് ഉത്തരവാദികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: Woman Sues Meghan Markle, Netflix Over Bath Salt Recipe Burns