കുപ്പിയിൽ തിളച്ചവെള്ളം നിറച്ചു, 3 വയസുകാരിക്ക് ഗുരുതര പൊള്ളൽ - മാപ്പ് പറഞ്ഞ് മക്ഡൊണാൾഡ്‌സ് ജീവനക്കാർ

സിങ്കപ്പൂർ: മക്ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റിൽ നിന്ന് നൽകിയ വെള്ളം കുടിച്ച മൂന്ന് വയസ്സുകാരിക്ക് ഗുരുതരമായി പൊള്ളലേറ്റു. കുപ്പിയിൽ തണുത്ത വെള്ളത്തിന് പകരം ജീവനക്കാർ തിളച്ച വെള്ളം നിറച്ചു നൽകിയതാണ് അപകടത്തിന് കാരണമായതെന്ന് സിങ്കപ്പൂർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ഏഷ്യാവൺ റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി ഒന്നിന് സിങ്കപ്പൂരിലെ ക്വീൻസ്‌വേയിലുള്ള മക്ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റിലാണ് സംഭവം.
സിങ്കപ്പൂരിലെ മുൻ ദേശീയ ഫുട്ബോൾ താരം റിദ്വാൻ മുഹമ്മദിന്റെ മകൾക്കാണ് ദുരനുഭവം ഉണ്ടായത്. ഔട്ട്‌ലെറ്റിലെത്തിയ കുടുംബം കുട്ടിയുടെ വാട്ടർ ബോട്ടിലിൽ തണുത്ത വെള്ളം നിറച്ചുതരാൻ ജീവനക്കാരനോട് ആവശ്യപ്പെട്ടു. എന്നാൽ ജീവനക്കാരൻ അബദ്ധത്തിൽ കുപ്പിയിൽ തിളച്ച വെള്ളം നിറച്ചു നൽകുകയായിരുന്നു.
വെള്ളം നിറയ്ക്കുന്ന സ്ഥലം പുറത്തുനിന്ന് കാണാൻ കഴിയുമായിരുന്നില്ല. തിളച്ച വെള്ളമാണെന്ന മുന്നറിയിപ്പൊന്നും നൽകാതെയാണ് ജീവനക്കാരൻ കുപ്പി തിരികെ നൽകിയത്. തണുത്ത വെള്ളമാണെന്ന് കരുതി കുട്ടി ഒരു കവിൾ കുടിച്ച ഉടൻ തന്നെ വേദനകൊണ്ട് നിലവിളിക്കുകയായിരുന്നു. ഉടൻതന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ജീവനക്കാരന്റെ അശ്രദ്ധയും ജാഗ്രതക്കുറവുമാണ് അപകടത്തിന് കാരണമായതെങ്കിലും രക്ഷിതാവ് എന്ന നിലയിൽ കുട്ടിക്ക് നൽകുന്ന പാനീയങ്ങൾ പരിശോധിക്കാത്തതിൽ തനിക്കും ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. മറ്റ് മാതാപിതാക്കൾക്കും ഔട്ട്‌ലെറ്റുകൾക്കും ഇതൊരു പാഠമാകാൻ വേണ്ടിയാണ് താൻ ഈ അനുഭവം പങ്കുവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മക്ഡൊണാൾഡ്‌സിന്റെ നടപടി
സംഭവത്തിൽ മക്ഡൊണാൾഡ്‌സ് അധികൃതർ ഔദ്യോഗികമായി മാപ്പ് അപേക്ഷിച്ചിരുന്നു. കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 10 'ബീ അവർ ഗസ്റ്റ്' കാർഡുകൾ കമ്പനി നൽകി. ഉപഭോക്താക്കളുടെ സുരക്ഷയ്ക്കാണ് മുൻഗണനയെന്നും, ചൂടുള്ള പാനീയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ കർശനമാക്കുമെന്നും മക്ഡൊണാൾഡ്‌സ് വക്താവ് അറിയിച്ചിട്ടുണ്ട്.
Content Highlights: A 3-year-old girl suffered severe burns after a McDonald`s outlet in Singapore mistakenly filled her water bottle with boiling water instead of cold.