‘ലയോളയിൽ പഠിച്ച വിജയ് എങ്ങനെ ദരിദ്രനാകും?’; മുഖ്യമന്ത്രിയുടെ പ്രസംഗത്തിനെതിരെ മനു ജോസഫ്

മുഖ്യമന്ത്രി വിജയ്| ഫോട്ടോ: Reuters
മുഖ്യമന്ത്രി വിജയ്| ഫോട്ടോ: Reuters

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ നടൻ വിജയ്‍ക്കെതിരെ രൂക്ഷവിമർശനവുമായി പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ മനു ജോസഫ്. ചെന്നൈ ലോയോള സ്കൂളിൽ വിജയ്‍യുടെ സഹപാഠിയായിരുന്നു താനെന്നും താരം തന്റെ പ്രസംഗത്തിൽ പറഞ്ഞ ദാരിദ്ര്യ കഥകൾ വാസ്തവവിരുദ്ധമാണെന്നും മനു ജോസഫ് തന്റെ എക്സ് ഹാൻഡിലിലൂടെ വെളിപ്പെടുത്തി.

തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള തന്റെ ആദ്യ പ്രസംഗത്തിൽ താൻ വളർന്നത് ദാരിദ്ര്യത്തിലാണെന്നും വിശപ്പ് എന്താണെന്ന് തനിക്കറിയാമെന്നും വിജയ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മനു ജോസഫ് പ്രതികരിച്ചത്. ‘ഇത് വെറും അസംബന്ധമാണ്, കാരണം അദ്ദേഹം ചെന്നൈ ലയോള സ്കൂളിൽ എന്റെ മൂന്നാം ക്ലാസിലെ സഹപാഠിയായിരുന്നു. അദ്ദേഹത്തിന്റെ അച്ഛൻ ചലച്ചിത്ര സംവിധായകനായിരുന്നു, മകനായി ഒരു സിനിമാ കരിയർ തന്നെ അദ്ദേഹം ഒരുക്കിയിരുന്നു. മിക്ക ചലച്ചിത്ര പ്രവർത്തകരെയും പോലെ അദ്ദേഹത്തിന്റെ അച്ഛനും സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട കാലഘട്ടങ്ങൾ ഉണ്ടായിട്ടുണ്ടാകാം, എന്നാൽ അത് തമിഴ് സിനിമകളിൽ കാണുന്ന തരം ദാരിദ്ര്യത്തിന് തുല്യമല്ല. സമ്പന്നരായ പല ആൺകുട്ടികളും കൈയിൽ പണമില്ലാത്ത അവസ്ഥയെ ദാരിദ്ര്യമായി തെറ്റിദ്ധരിക്കാറുണ്ട്. ഇവ രണ്ടും തികച്ചും വ്യത്യസ്തമായ കാര്യങ്ങളാണ്’- എക്സ് പോസ്റ്റിൽ അദ്ദേഹം കുറിച്ചു.

തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് താൻ ദാരിദ്ര്യവും വിശപ്പും അറിഞ്ഞാണ് വളർന്നതെന്ന് വിജയ് പറഞ്ഞത്. താനൊരു സാധാരണക്കാരനാണെന്നും ജനങ്ങളിൽ ഒരാളായാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാൽ ബാല്യകാലം മുതൽക്കേ സിനിമയിൽ സജീവമായിരുന്ന വിജയ്‍യുടെ ഈ അവകാശവാദം തികച്ചും വ്യാജമാണെന്നാണ് മനു ജോസഫ് ചൂണ്ടിക്കാണിക്കുന്നത്.

ഏപ്രിൽ 23-ന് നടന്ന തിരഞ്ഞെടുപ്പിൽ വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകം  വിജയിച്ചതിനെത്തുടർന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി ചുമതലയേറ്റത്.

Content Highlights: Writer Manu Joseph challenges CM Vijay's claims of a poverty-stricken childhood.