കലയില്‍ മനുഷ്യരെല്ലാം ഒന്നാണെന്ന ചിന്തയിലേക്ക് കേരളം ഇനിയും വളര്‍ന്നിട്ടില്ല-മന്‍സിയ

'കല മതത്തിനും ജാതിക്കും അതീതമാവണം' വടകരയില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവതി ഫെസ്റ്റില്‍ നൃത്തംചെയ്യുന്ന വി.പി. മന്‍സിയ
'കല മതത്തിനും ജാതിക്കും അതീതമാവണം' വടകരയില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവതി ഫെസ്റ്റില്‍ നൃത്തംചെയ്യുന്ന വി.പി. മന്‍സിയ

വടകര: കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ നൃത്തംചെയ്യാന്‍ വിലക്കുനേരിട്ട മന്‍സിയ വടകരയില്‍ കൃഷ്ണഗീതത്തിന് ചുവടുവെച്ച് അരങ്ങില്‍ നിറഞ്ഞു. ഡി.വൈ.എഫ്.ഐ. ജില്ലാസമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവതി ഫെസ്റ്റില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു മന്‍സിയ.

കല ജാതിക്കും മതത്തിനും അതീതമാണെന്നും കലയെ അങ്ങനെ അല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു. ആദ്യം മലപ്പുറത്ത് ഹിന്ദു വേഷങ്ങളണിഞ്ഞ് നൃത്തം ചെയ്തതിന് മഹല്ലില്‍നിന്ന് പുറത്താക്കി. ഇപ്പോള്‍ അഹിന്ദുവെന്ന് പറഞ്ഞ് ക്ഷേത്രത്തിലെ നൃത്തവേദിയില്‍ നിന്ന് വിലക്കി. കലയില്‍ മനുഷ്യരെല്ലാം ഒന്നാണെന്ന ചിന്തയിലേക്ക് കേരളം ഇനിയും വളര്‍ന്നിട്ടില്ലെന്ന് മന്‍സിയ പറഞ്ഞു. തുടര്‍ന്ന് കൃഷ്ണഭക്തി ഗാനത്തിനൊപ്പം ചുവടുവെച്ച് മന്‍സിയ നൃത്തം അവതരിപ്പിച്ചു. യുവതിഫെസ്റ്റ് നോവലിസ്റ്റ് ഡോ. ആര്‍. രാജശ്രീ ഉദ്ഘാടനം ചെയ്തു. കെ.വി. ലേഖ അധ്യക്ഷയായി. ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി വി. വസീഫ്, പ്രസിഡന്റ് എല്‍.ജി. ലിജീഷ്, പി.സി. ഷൈജു, കെ.എം. നിനു, അമൃത, അജിഷ, വി.പി. സുബിഷ, കെ. സുബിഷ, പിങ്കി പ്രമോദ് എന്നിവര്‍ സംസാരിച്ചു.

Content Highlights: dancer mansiya, krishna song, dyfi kozhikode district conference, lifestyle