സ്വന്തമായുള്ളത് 1638 ക്രെഡിറ്റ് കാര്‍ഡുകൾ, ഒരു രൂപപോലും കടമില്ല ! ; ഗിന്നസ് റെക്കോഡ് നേടി യുവാവ്

ഏറ്റവും അധികം ക്രെഡിറ്റ് കാര്‍ഡുകൾ സ്വന്തമാക്കി ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയ മനീഷ് ധമേജ | Photo: www.guinnessworldrecords.com/
ഏറ്റവും അധികം ക്രെഡിറ്റ് കാര്‍ഡുകൾ സ്വന്തമാക്കി ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയ മനീഷ് ധമേജ | Photo: www.guinnessworldrecords.com/

ഷോപ്പിങ്ങിനും ബില്ലുകള്‍ അടക്കുന്നതിനുമാണ് കൂടുതൽപേരും ക്രെഡിറ്റ് കാര്‍ഡുകള്‍ എടുക്കുന്നത്. ഒരു ക്രെഡിറ്റ് കാര്‍ഡ് കയ്യിലുള്ളവര്‍ തന്നെ അതിന്റെ തിരിച്ചടവ് കൈകാര്യം ചെയ്യാന്‍ പ്രയാസമനുഭവിക്കുമ്പോഴാണ് 1638 ക്രെഡിറ്റ് കാര്‍ഡുകള്‍ സ്വന്തമായിവെച്ച് ഇന്ത്യക്കാരനായ മനീഷ് ധമേജ റെക്കോര്‍ഡിട്ടിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡിന്റെ സ്ഥിരം ഉപയോഗം മാത്രമല്ല. കാര്‍ഡുകള്‍ ബുദ്ധിപൂര്‍വമുപയോഗിച്ച് നേട്ടവും ഇയാള്‍ ഉണ്ടാക്കുന്നുണ്ട്. 2011 ഏപ്രില്‍ 30 നാണ് മനേഷിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത്.

സ്വന്തമായി 1638 ക്രെഡിറ്റ് കാര്‍ഡുകളാണ് മനീഷിനുള്ളത്. വെറുതെ ശേഖരിക്കുക മാത്രമല്ല ഈ കാര്‍ഡുകളില്‍ നിന്നുള്ള റിവാര്‍ഡ് പോയിന്റുകള്‍, കാഷ്ബാക്കുകള്‍, യാത്രാ ആനുകൂല്യങ്ങള്‍, ഹോട്ടല്‍ ആനുകൂല്യങ്ങള്‍ എന്നിവയെല്ലാം അദ്ദേഹം പരമാവധി പ്രയോജനപ്പെടുത്താറുണ്ട്. മാത്രവുമല്ല ഈ ക്രെഡിറ്റ് കാര്‍ഡുകളിലൊന്നും മനേഷിന് യാതൊരു കടബാധ്യതയുമില്ല.

“ക്രെഡിറ്റ് കാര്‍ഡുകള്‍ ഇല്ലാതെ എന്റെ ജീവിതം അപൂര്‍ണമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു. എനിക്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ വളരെ ഇഷ്ടമാണ്. റിവാര്‍ഡ് പോയിന്റുകള്‍, എയര്‍മൈലുകള്‍, ക്യാഷ്ബാക്ക് എന്നിവ ഉപയോഗിച്ച് കോംപ്ലിമെന്ററി യാത്ര, റെയില്‍വേ ലോഞ്ച്, എയര്‍പോര്‍ട്ട് ലോഞ്ച്, ഭക്ഷണം, സ്പാ, ഹോട്ടല്‍ വൗച്ചറുകള്‍, കോംപ്ലിമെന്ററി ആഭ്യന്തര വിമാന ടിക്കറ്റുകള്‍, കോംപ്ലിമെന്ററി ഷോപ്പിംഗ് വൗച്ചറുകള്‍, കോംപ്ലിമെന്ററി മൂവി ടിക്കറ്റുകള്‍, കോംപ്ലിമെന്ററി ഗോള്‍ഫ് സെഷനുകള്‍, കോംപ്ലിമെന്ററി ഇന്ധനം തുടങ്ങിയവ ഞാന്‍ ആസ്വദിക്കുന്നു.”- മനീഷ് പറയുന്നു.

“2016 ലെ നോട്ട് നിരോധന സമയത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ തനിക്കേറെ സഹായകമായെന്ന് മനേഷ് പറയുന്നു. ഞാന്‍ പണത്തിനായി ബാങ്കുകളിലേക്ക് പോയില്ല. പകരം ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഡിജിറ്റലായി പണം ചിലവാക്കുന്നത് ഞാന്‍ ആസ്വദിക്കുകയായിരുന്നു.” മനീഷ് പറഞ്ഞു.

കാണ്‍പുര്‍ സിഎസ്‌ജെഎം സര്‍വകലാശാലയില്‍ നിന്ന് കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ബിസിഎയും ലഖ്‌നൗ ഇന്റഗ്രല്‍ സര്‍വകലാശാലയില്‍ നിന്ന് എംസിഎയും ഇഗ്നോയുടെ എംഎസ്ഡബ്ല്യൂ ബിരുദവും സ്വന്തമാക്കിയ ആളാണ് മനീഷ്

Content Highlights: Indian man Manish Dhameja holds the Guinness World Record with 1,638 credit cards (received in 2011), successfully managing them with zero debt while strategically leveraging their rewards for complimentary travel, lounge access, cashback, and various other luxury benefits.