‘വെള്ളത്തലമുടിയുള്ള സ്ത്രീയുടെ ചിത്രവും വേറെ പേരും ഉപയോഗിച്ചു’; എലൈറ്റ് പാർട്ടികളിൽ പങ്കെടുത്ത തന്ത്രം പങ്കുവെച്ച് യുവാവ്

സാമൂഹിക മാധ്യമങ്ങളില്‍ 'ഫേക്ക് അക്കൗണ്ട്' ഉണ്ടാക്കുന്ന ഒരുപാട് പേര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ ഫേക്ക് അക്കൗണ്ട് ഉപയോഗിച്ച ഒരു യുവാവാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പ്രമുഖ എഐ കമ്പനിയായ പെര്‍പ്ലെക്‌സിറ്റിയില്‍ ജോലി ചെയ്യുന്ന ഇറാനിയന്‍-കനേഡിയന്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ അലി ഷൊബെയ്‌രിയാണ് രസകരമായ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
സിലിക്കണ്‍ വാലിയിലെ എലൈറ്റ് പാര്‍ട്ടികളില്‍ പങ്കെടുക്കാനായാണ് താന്‍ ഇങ്ങനെ ചെയ്തതെന്ന് അലി പറയുന്നു. പാര്‍ട്ടിഫുള്‍ എന്ന ആപ്പ് വഴിയാണ് അലി പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നത്. വെള്ളത്തലമുടിയുള്ള വെള്ളക്കാരിയുടെ ചിത്രമാണ് ആപ്പിലെ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചത്. ഒപ്പം അലി എസ്. എന്ന 'ജെന്‍ഡര്‍ ന്യൂട്രല്‍' പേരും നല്‍കി. ഇതോടെ പല ഉന്നത പാര്‍ട്ടികളിലേക്കും ആപ്പ് വഴി തനിക്ക് ക്ഷണം ലഭിച്ചുവെന്നും അലി പറയുന്നു. എക്‌സിലൂടെയാണ് അലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
'പാര്‍ട്ടിഫുള്‍ പ്രൊഫൈല്‍ ചിത്രമായി വെള്ളത്തലമുടിയുള്ള സ്ത്രീയുടെ ചിത്രം ഉപയോഗിച്ചു. കാരണം അങ്ങനെ ചെയ്താല്‍ എനിക്ക് പല പാര്‍ട്ടികളിലേക്കും ക്ഷണം ലഭിക്കും. റിറ്റ്‌സ് കാള്‍ട്ടണിലെ അത്തരം ഒരു പാര്‍ട്ടി വളരെ എക്‌സ്‌ക്ലൂസിവായിരുന്നു. അവിടെ വാതില്‍ക്കല്‍ ക്ഷണം ഉണ്ടോ എന്ന് പരിശോധിക്കാന്‍ ബൗണ്‍സര്‍മാരുണ്ടായിരുന്നു. അവരുടെ സമീപം എത്തുന്നതിന് മുമ്പ് ഞാന്‍ ആപ്പിലെ പ്രൊഫൈല്‍ ചിത്രം പുരുഷന്റേതാക്കി മാറ്റി. അങ്ങനെ തടസമില്ലാതെ എനിക്ക് അകത്ത് കടക്കാന്‍ കഴിഞ്ഞു. ഇനി മുതല്‍ അയോവയില്‍ നിന്നുള്ള വെള്ളത്തലമുടിയുള്ള അലി എസ്. എന്ന കെമിക്കല്‍ എന്‍ജിനീയറെ ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ കണ്ടാല്‍, പാര്‍ട്ടി നല്‍കിയതിന് ഞാന്‍ എഴുന്നേറ്റ് നിങ്ങള്‍ക്ക് ഹസ്തദാനം തരുമ്പോള്‍ ഒട്ടും അതിശയിക്കേണ്ടതില്ല.' -ഇതായിരുന്നു അലിയുടെ പോസ്റ്റ്.
54 ലക്ഷത്തിലേറെ പേരാണ് അലിയുടെ പോസ്റ്റ് ഇതിനകം കണ്ടത്. നിരവധി പേര്‍ പോസ്റ്റില്‍ കമന്റുകളിട്ടിട്ടുണ്ട്.
Content Highlights: 'Partyful' Prank: Perplexity AI Engineer Ali Shoebairi Used Fake Female Profile to Sneak into Exclusive Silicon Valley Parties