'റീലെടുക്കാനായി തെരുവിൽ കഴിയുന്നയാൾക്ക് എല്ലിൻ കഷ്ണങ്ങൾ നൽകി'; ഇൻഫ്ലുവൻസർക്ക് 9.2 ലക്ഷം പിഴ

സോഷ്യൽ മീഡിയയിൽ റീച്ചും വ്യൂവും കിട്ടാൻ പല തരത്തിലുള്ള സാഹസത്തിനും ഇൻഫ്ളുവൻസർമാർ മുതിരാറുണ്ട്. ഇതിൽ ചിലത് ദാരുണമായ അപകടങ്ങളിലേക്കും നയിക്കാറുണ്ട്. ഇതുപോലെ മലേഷ്യയിലെ ഒരു ഇൻഫ്ളുവൻസറും അൽപം വ്യത്യസ്തനാകാൻ ശ്രമിച്ചു. കിട്ടിയതാകട്ടെ 40,000 മലേഷ്യൻ റിംഗിറ്റ് (ഏകദേശം 9.2 ലക്ഷം രൂപ) പിഴയും.
23 വയസുകാരനായ ടാങ് സീ ലുക്ക് എന്ന ഇൻഫ്ളുവൻസർക്കാണ് മലേഷ്യൻ കോടതി പിഴയിട്ടത്. തെരുവിൽ കഴിയുന്ന പാവപ്പെട്ട മനുഷ്യനെ അപമാനിക്കുന്ന രീതിയിൽ ടാങ് വീഡിയോ ചിത്രീകരിക്കുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് വിവാദമായി വീഡിയോ ടാങ് ഇൻസ്റ്റഗ്രാം, ഡൂയിൻ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തത്.
കെഎഫ്സി ചിക്കൻ കഴിച്ച് അതിലെ അവശേഷിച്ച എല്ലിൻ കഷ്ണങ്ങൾ ചോറിൽ കലർത്തി അത് പൊതിഞ്ഞ് തെരുവിൽ കഴിയുന്ന ഒരു മനുഷ്യന് നൽകുകയായിരുന്നു. മറ്റ് രണ്ട് സുഹൃത്തുക്കളും ടാങ്ങിനൊപ്പമുണ്ടായിരുന്നു. 'ഇന്ന് നമ്മളൊരു പുണ്യപ്രവർത്തി ചെയ്യാൻ പോകുന്നു' എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. ഇത്രയും ക്രൂരമായ കാര്യം 'സഹായം' എന്ന പേരിൽ പോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയയിൽ ഡാങ്ങിനെതിരെ ഒട്ടേറെപ്പേർ രംഹത്തെത്തി.
വൈകാതെ കേസാകുകയും കോടതിയിലെത്തുകയും ചെയ്തു. മനുഷ്യന്റെ കഷ്ടപ്പാടിനെ വിനോദത്തിനായി ചൂഷണം ചെയ്തുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു. താൻ അപമാനിക്കപ്പെട്ടുവെന്ന് തെരുവിൽ കഴിയുന്ന മനുഷ്യനും മൊഴി നൽകി. ടാങ് കോടതിയിൽ കുറ്റം സമ്മതിക്കുകയും മാപ്പ് അപേക്ഷിക്കുകയും ചെയ്തു. പിഴ അടച്ചില്ലെങ്കിൽ നാല് മാസം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് കോടതി വിധിച്ചു. ഇതോടെ ടാങ് പിഴ അടക്കുകയായിരുന്നു. പിന്നീട് സോഷ്യൽ മീഡിയയിൽ നിന്ന് ടാങ് വീഡിയോ നീക്കം ചെയ്തു. ടാങ്ങും സുഹൃത്തുക്കളും മാപ്പ് പറയുകയും ചെയ്തു.
Content Highlights: malaysian influencer fined 9.2 lakh for giving homeless man rice with chicken bones