'ആ ചിത്രം ചര്‍ച്ചയായതോടെ ബെഡില്‍നിന്ന് എഴുന്നേല്‍ക്കാന്‍പോലും തോന്നിയില്ല,എല്ലാ ദിവസവും കരഞ്ഞു'

രണ്‍ബീറും മഹിറയും സിഗരറ്റ് വലിക്കുന്ന ചിത്രം/ മഹിറ ഖാന്‍ | Photo: x/ instagram/ mahira khan
രണ്‍ബീറും മഹിറയും സിഗരറ്റ് വലിക്കുന്ന ചിത്രം/ മഹിറ ഖാന്‍ | Photo: x/ instagram/ mahira khan

2017-ല്‍ പുറത്തുവന്ന പാക് നടി മഹിറാ ഖാന്റെ ഒരു ചിത്രം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനൊപ്പം ന്യൂയോര്‍ക്കിലെ തെരുവിലിരുന്ന് സിഗരറ്റ് വലിക്കുന്ന മഹിറാ ഖാനായിരുന്നു ആ ചിത്രത്തിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ ഇരുവരേയും ചേര്‍ത്ത് നിരവധി കഥകളും പ്രചരിച്ചു. പാകിസ്താനിലും ഈ സംഭവം വലിയ ചര്‍ച്ചാവിഷയമായി. 

അന്ന് താന്‍ ഒരുപാട് വിചാരണകള്‍ നേരിട്ടുവെന്നും പ്രതിസന്ധി നിറഞ്ഞ ആ കാലം പിന്നിടാന്‍ ഏറെ പ്രയാസപ്പെട്ടുവെന്നും മഹിറാ ഖാന്‍ പറയുന്നു. ബിസിസി ഏഷ്യന്‍ നെറ്റ്‌വര്‍ക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ബിബിസി പ്രസിദ്ധീകരിച്ച 'ദി ലിറ്റില്‍ വൈറ്റ് ഡ്രസ്സ്' എന്ന ലേഖനം വായിച്ചതോടെ തന്റെ കരിയര്‍ അവസാനിച്ചുവെന്ന് തോന്നിയെന്നും അവര്‍ പറയുന്നു.

ആളുകളുടെ ശ്രദ്ധ മുഴുവന്‍ തന്നിലേക്കായതും സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റുകളും തന്റെ മാനസികാരോഗ്യത്തെ ബാധിച്ചുവെന്നും കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍പോലും പറ്റാത്ത അവസ്ഥയിലായിപ്പോയെന്നും മിക്ക ദിവസങ്ങളിലും കരഞ്ഞുവെന്നും അവര്‍ പറയുന്നു. 'പാകിസ്താനില്‍ നിന്നുള്ള ആര്‍ക്കും സ്വന്തമാക്കാനാകാത്ത വിജയമാണ് ഈ പെണ്‍കുട്ടി നേടിയിട്ടുള്ളതെന്നും ഇപ്പോള്‍ അതെല്ലാം നഷ്ടപ്പെട്ടുവെന്നും അവള്‍ക്ക് എന്താണ് സംഭവിച്ചതെന്നും ആ ലേഖനത്തില്‍ എഴുതിയിട്ടുണ്ടായിരുന്നു. അത് വായിച്ചപ്പോള്‍ ഞാന്‍ ആകെ സ്തബ്ധയായിപ്പോയി. പിന്നീടുള്ള ദിവസങ്ങള്‍ എനിക്ക് ഓര്‍ക്കാന്‍പോലും പറ്റുന്നില്ല. വളരേയധികം പ്രതിസന്ധികളായിരുന്നു മുന്നിലുണ്ടായിരുന്നത്. കിടക്കയില്‍നിന്ന് എഴുന്നേല്‍ക്കാന്‍ പോലും തോന്നാത്ത അവസ്ഥ. എല്ലാ ദിവസവും കരച്ചില്‍ തന്നെയായിരുന്നു. എന്റെ പ്രൊഫഷണല്‍ ജീവിതത്തേയും സ്വകാര്യ ജീവിതത്തേയും അത് ബാധിച്ചു.'-മഹിറ പറയുന്നു. 

'സിംഗിള്‍ മദര്‍' കൂടി ആയതിനാല്‍ ഈ പ്രശ്‌നങ്ങള്‍ ജീവിതത്തെ കൂടുതല്‍ ബാധിച്ചു. എന്നാല്‍ ഇതെല്ലാം മറന്ന് കൂടുതല്‍ പോസിറ്റീവ് ആയി ജീവിതത്തെ കാണാനാണ് ശ്രമിച്ചത്. തന്റേയും മകന്റേയും നല്ലതിനുവേണ്ടി മാത്രം തീരുമാനങ്ങള്‍ എടുക്കാന്‍ പഠിച്ചെന്നും മഹിറ പറയുന്നു.

ഈ പ്രതിസന്ധി ഘട്ടത്തില്‍ പ്രൊഫഷണല്‍ പാര്‍ട്ണര്‍മാരും ബ്രാന്‍ഡുകളും തനിക്ക് പിന്തുണ നല്‍കിയെന്നും അതൊരിക്കലും മറക്കില്ലെന്നും അവര്‍ പറഞ്ഞു. ശാന്തയായി ഇരിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലായെന്നും പ്രശ്‌നങ്ങള്‍ ഭാവിയില്‍ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷ കാത്തുസൂക്ഷിക്കാന്‍ തുടങ്ങിയെന്നും മഹിറ കൂട്ടിച്ചേര്‍ക്കുന്നു.

അലി അസ്‌കാരിയുമായുള്ള ആദ്യ വിവാഹത്തിലെ മഹിറയുടെ മകനാണ് 12-കാരനായ അസ്‌ലന്‍. അലിയും മഹിറയും 2015-ല്‍ വേര്‍പിരിഞ്ഞിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ബിസിനസുകാരനായ സലീം കരീമും മഹിറയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്.
 

Content Highlights: mahira khan on viral smoking pic with ranbir kapoor