മാതാപിതാക്കളെ പിരിഞ്ഞ് മാറിത്താമസിക്കാൻ ഭർത്താവിനെ നിർബന്ധിക്കുന്നത് മാനസിക പീഡനം; മദ്രാസ് ഹൈക്കോടതി

മാതാപിതാക്കളുടെ ഏക മകനായ ഭർത്താവിനെ അവരിൽ നിന്ന് അകറ്റി മാറിത്താമസിക്കാൻ നിർബന്ധിക്കുന്നതും, ന്യായമായ കാരണങ്ങളില്ലാതെ ഇടയ്ക്കിടെ സ്വന്തം വീട്ടിലേക്ക് പോകുന്നതും പങ്കാളിയോടുള്ള മാനസിക പീഡനമായി (Cruelty) കണക്കാക്കാമെന്ന് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന വിധി. ഭർത്താവിന് കുടുംബകോടതി അനുവദിച്ച വിവാഹമോചനം ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് പി.ടി. ആശ, ജസ്റ്റിസ് എൻ. മാല എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചാണ് ഈ നിർണായക നിരീക്ഷണം നടത്തിയത്.
ഭർത്താവും മാതാപിതാക്കളും ജീവിക്കുന്ന വീട്ടിൽ താമസിക്കാൻ താല്പര്യമില്ലെന്നും മാറിത്താമസിക്കണമെന്നും ഭാര്യ നിരന്തരം നിർബന്ധിച്ചിരുന്നതായി ഭർത്താവ് ഹർജിയിൽ വ്യക്തമാക്കിയിരുന്നു. തനിക്ക് സ്വന്തമായി വീടുണ്ടായിരുന്നിട്ടും മാതാപിതാക്കളുടെ ഏക മകനായ താൻ ഭാര്യയുടെ നിർബന്ധത്തിന് വഴങ്ങി വാടകവീടെടുത്ത് മാറിത്താമസിക്കാൻ തയ്യാറായി. പിന്നീട് ഭാര്യയുടെ വീടിന് അടുത്തേക്ക് താമസം മാറ്റിയിട്ടും, ചെറിയ കാരണങ്ങൾക്ക് പോലും വഴക്കിട്ട് മാസങ്ങളോളം സ്വന്തം വീട്ടിലേക്ക് പോകുന്ന രീതി ഭാര്യ തുടർന്നു. ഇതേത്തുടർന്നാണ് ഭർത്താവ് കുടുംബകോടതിയെ സമീപിച്ച് വിവാഹമോചനം നേടിയത്.എന്നാൽ, സ്ത്രീധന പീഡനവും ഭർത്താവിനുള്ള പരസ്ത്രീബന്ധവുമാണ് തനിക്ക് മാറിനിൽക്കേണ്ടി വന്നതിന് കാരണമെന്ന് ആരോപിച്ചുകൊണ്ട് ഭാര്യ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വിവാഹബന്ധം പരസ്പര സ്‌നേഹത്തിലും സഹിഷ്ണുതയിലും അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും, ഒരാളുടെ മാത്രം വാശിക്ക് അനുസരിച്ച് മുന്നോട്ടുപോകാൻ സാധിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ചെറിയ വഴക്കുകളുടെ പേരിൽ എപ്പോൾ വേണമെങ്കിലും പങ്കാളി വീടുവിട്ടിറങ്ങാം എന്ന അവസ്ഥ മറ്റേയാൾക്ക് വലിയ സുരക്ഷിതത്വമില്ലായ്മയും മാനസിക സമ്മർദ്ദവും ഉണ്ടാക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഭർത്താവ് മാതാപിതാക്കളുടെ ഏക മകനാണെന്നും, പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം അയാൾക്കുണ്ടെന്നും അറിഞ്ഞുകൊണ്ടാണ് യുവതി വിവാഹത്തിന് തയ്യാറായത്. അങ്ങനെയൊരാളെ ന്യായമായ കാരണങ്ങളില്ലാതെ കുടുംബത്തിൽ നിന്നും അകറ്റാൻ ശ്രമിക്കുന്നത് ഭർത്താവിനോട് കാണിക്കുന്ന ക്രൂരത തന്നെയാണ്. കുടുംബകോടതി നടപടികളിൽ ഭാര്യ വേണ്ടത്ര സഹകരിച്ചില്ലെന്നും, താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ ആവശ്യമായ തെളിവുകളോ വിസ്താരമോ ഹാജരാക്കാൻ അവർക്കായില്ലെന്നും ഹൈക്കോടതി വിലയിരുത്തി.കുടുംബകോടതിയുടെ വിധിയിൽ ഇടപെടാൻ തക്ക തകരാറുകളൊന്നുമില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഭാര്യ സമർപ്പിച്ച അപ്പീൽ ഹർജി പൂർണ്ണമായും തള്ളിക്കളഞ്ഞു.
Content Highlights: Forcing a husband to separate from his parents is considered mental cruelty., Madras High Court upheld the divorce granted by the family court., Frequent departure to the wife's house without valid reasons causes severe mental stress., A son has the responsibility to take care of his aging parents.