DNA ടെസ്റ്റ് നടത്തണമെന്ന് ജോയ് ക്രിസിൽഡ, പരിശോധനയ്ക്ക് വിധേയനായി മാധംപട്ടി രംഗരാജ്

#Lifestyle desk
മാധംപട്ടി രംഗരാജ്, ജോയ് ക്രിസിൽഡ| ഫോട്ടോ: Photo: X/ Joy Crizildaa
മാധംപട്ടി രംഗരാജ്, ജോയ് ക്രിസിൽഡ| ഫോട്ടോ: Photo: X/ Joy Crizildaa

ഫാഷൻ ഡിസൈനർ ജോയ് ക്രിസിൽഡയുമായുള്ള നിയമതർക്കത്തെത്തുടർന്ന് നടനും ഷെഫുമായ മാധംപട്ടി രംഗരാജ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയനായി. ചെന്നൈ രാജീവ് ഗാന്ധി ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ നടന്ന പരിശോധനയുടെ ഫലം മുദ്രവെച്ച കവറിൽ മധ്യസ്ഥനായ റിട്ട. ജഡ്ജി പി.എൻ. പ്രകാശിന് കൈമാറിയതായി അഡ്വക്കേറ്റ് കമ്മീഷണർ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു.

തന്റെ കുട്ടിയുടെ പിതാവ് മാധംപട്ടി രംഗരാജാണെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധന വേണമെന്ന് ജോയ് ക്രിസിൽഡ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് രംഗരാജ് സമ്മതം പ്രകടിപ്പിച്ചതിനെത്തുടർന്നാണ് കോടതി ഉത്തരവ് പ്രകാരം പരിശോധന നടന്നത്.

തന്നെ വഞ്ചിച്ചുവെന്നും വിവാഹശേഷം ഉപേക്ഷിച്ചുവെന്നും ആരോപിച്ച് ജോയ് ക്രിസിൽഡ രംഗരാജിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച മാധംപട്ടി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. നിലവിൽ ഇരുവർക്കുമിടയിൽ മധ്യസ്ഥ ചർച്ചകൾ നടന്നുവരികയാണ്. ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി കേസ് പരിഗണിക്കുന്നത് ജൂൺ എട്ടിലേക്ക് മാറ്റി.

ഓഗസ്റ്റിൽ ആരംഭിച്ച വിവാദങ്ങളിൽ, രംഗരാജ് തന്റെ ഭാഗം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തിയിരുന്നു. ജോയ് ക്രിസിൽഡയുമായുള്ള വിവാഹം തന്റെ പൂർണ്ണ സമ്മതത്തോടെ നടന്നതല്ലെന്നും ഭീഷണിപ്പെടുത്തി ചെയ്യിച്ചതാണെന്നുമായിരുന്നു ആരോപണം. സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജോയ് തന്നെ വിവാഹത്തിന് നിർബന്ധിച്ചതെന്നും, പണം തട്ടാനാണ് അവർ ശ്രമിക്കുന്നതെന്നും രംഗരാജ് അന്ന് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ വ്യക്തമാക്കി. മാസംതോറും ഒന്നര ലക്ഷം രൂപ ജീവിതച്ചെലവായും ബിഎംഡബ്ല്യു കാറിന്റെ ഇഎംഐ ആയി 1.25 ലക്ഷം രൂപയും ജോയ് ആവശ്യപ്പെട്ടതായും അദ്ദേഹം വെളിപ്പെടുത്തി. കുട്ടി തന്റേതാണെന്ന് ശാസ്ത്രീയമായി തെളിഞ്ഞാൽ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കാൻ താൻ തയ്യാറാണെന്നും എന്നാൽ തന്നെ വഞ്ചകനായി ചിത്രീകരിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അന്ന് അറിയിച്ചിരുന്നു.

അതേസമയം, രംഗരാജ് തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് ജോയ് ക്രിസിൽഡയുടെ വാദം. വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് തന്നെ കൂടെക്കൂട്ടിയതെന്നും പിന്നീട് ഗർഭിണിയായപ്പോൾ ഉപേക്ഷിച്ചുവെന്നും അവർ ആരോപിക്കുന്നു. രംഗരാജിന്റെ ആദ്യ ഭാര്യ ശ്രുതിക്ക് തങ്ങളുടെ ബന്ധത്തെക്കുറിച്ച് എല്ലാം അറിയാമായിരുന്നുവെന്നും ജോയ് മുൻപ് വെളിപ്പെടുത്തിയിരുന്നു. നിലവിൽ ഇരുവരും തമ്മിലുള്ള മധ്യസ്ഥ ചർച്ചകൾ തുടരുകയാണ്. കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി ജൂൺ എട്ടിലേക്ക് മാറ്റിയിട്ടുണ്ട്. മാധംപട്ടി തങ്കവേലു ഹോസ്പിറ്റാലിറ്റി സിഇഒ ആയ രംഗരാജ്, അഭിഭാഷകയായ ശ്രുതിയെയാണ് ആദ്യം വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

മാധംപട്ടി രംഗരാജുമായി വിവാഹിതയായെന്ന് കഴിഞ്ഞ ജുലൈയിലാണ് ജോയ് ക്രിസിൽഡ അറിയിച്ചത്. സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ജോയ് ക്രിസിൽഡ ഇക്കാര്യം അറിയിച്ചത്. 

പിന്നാലെ,  ക്രിസിൽഡ വീണ്ടും രംഗരാജിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു. 'ബേബി ലോഡിങ് 2025' എന്ന ക്യാപ്ഷനിൽ താൻ ആറുമാസം ഗർഭിണി ആണെന്ന് അറിയിച്ചുകൊണ്ടായിരുന്നു ചിത്രം. 

തമിഴ് സിനിമാ മേഖലയിലെ അറിയപ്പെടുന്ന സെലിബ്രിറ്റി സ്റ്റൈലിസ്റ്റും കോസ്റ്റ്യൂം ഡിസൈനറുമാണ് ക്രിസിൽഡ. ഒരു സ്വകാര്യ ചാനലിൽ അസിസ്റ്റന്റ് ഡയറക്ടറായാണ് തുടക്കം. മോഹൻലാലും വിജയ്‌യും ഒന്നിച്ച ജില്ല, ഫഹദ് ഫാസിലും ശിവകാർത്തികേയനും പ്രധാനവേഷങ്ങളിലെത്തിയ വേലൈക്കാരൻ, നിവിൻ പോളിയുടെ റിച്ചി എന്നീ ചിത്രങ്ങളിൽ ക്രിസിൽഡ കോസ്റ്റ്യൂം ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്. ജില്ലയാണ് ആദ്യ ചിത്രം. 2018-ൽ സംവിധായകൻ ജെ.ജെ. ഫ്രെഡ്രിക്കിനെ ക്രിസിൽഡ വിവാഹംചെയ്തിരുന്നു.

മദംപട്ടി തങ്കവേലു ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ സിഇഒയാണ് മദംപട്ടി രംഗരാജ്. തമിഴ്‌നാട്ടിൽ അറിയപ്പെടുന്ന ഷെഫ് ആയ രംഗരാജ് ടെലിവിഷൻ കുക്കറി ഷോയിൽ ജഡ്ജ് ആയിരുന്നു. മെഹന്തി സർക്കസ്, പെൻഗ്വിൻ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Content Highlights: Actor-chef Madhampatty Rangaraj undergoes court-ordered DNA test.Legal dispute initiated by designer Joy Crissilda regarding paternity claims.