'ഞാന്‍ പോലും എന്നെ സംശയിച്ചപ്പോള്‍ സല്‍മാന്‍ എന്റെ കഴിവിലും ശബ്ദത്തിലും വിശ്വസിച്ചു'- ലുലിയ വന്തൂര്‍

ലുലിയയും സല്‍മാനും | Photo: instagram/ lulia
ലുലിയയും സല്‍മാനും | Photo: instagram/ lulia

ബോളിവുഡ് താരം സല്‍മാന്‍ ഖാനും റൊമാനിയന്‍ ഗായികയും നടിയുമായ ലുലിയ വന്തൂറും പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബോഡി ഗാര്‍ഡ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഡബ്ലിനിലെത്തിയപ്പോഴാണ് സല്‍മാന്‍ ലുലിയയെ കണ്ടുമുട്ടുന്നത്. ഇന്ത്യയില്‍ തിരച്ചെത്തിയ ശേഷവും സല്‍മാന്‍ അവരുമായുള്ള ബന്ധം തുടരുകയായിരുന്നു. സുല്‍ത്താന്‍ ഉള്‍പ്പെടെയുള്ള സല്‍മാന്റെ ചിത്രങ്ങളില്‍ ലുലിയ പാട്ടുപാടി. 

അടുത്തിടെ പുറത്തിറങ്ങിയ സല്‍മാന്‍ ചിത്രം സിക്കന്ദറിലും ലുലിയ ഭാഗമായിരുന്നു. ലതാ മങ്കേഷ്‌ക്കര്‍ അനശ്വരമാക്കിയ 'ലഗ് ജാ ഗലേ' സിക്കന്ദറില്‍ പാടിയത് ലുലിയയാണ്. എന്നാല്‍ ഒരുകാലത്ത് ലുലിയക്ക് തന്റെ ശബ്ദത്തില്‍ ഒട്ടും ആത്മവിശ്വാസമുണ്ടായിരുന്നില്ല. അന്ന് തന്നെ പിന്തുണച്ചത് സല്‍മാനാണെന്ന് ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു.

'വൈകാരികമായുള്ള പിന്തുണയില്ലാതെ ആര്‍ക്കും മുന്നോട്ടുപോകാനാകില്ല. പ്രത്യേകിച്ച് നിങ്ങളുടെ ശബ്ദത്തില്‍ ആത്മവിശ്വാസമുള്ള ഒരാളുടെ പിന്തുണ. എന്റെ കഴിവിലും ശബ്ദത്തിലും വിശ്വസിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പാട്ട് പാടാന്‍ കഴിയുമോ എന്ന രീതിയില്‍ എനിക്ക് എന്നെത്തന്നെ സംശയം തോന്നിയപ്പോള്‍ അദ്ദേഹം ആത്മവിശ്വാസം പകര്‍ന്ന് പ്രോത്സാഹിപ്പിച്ചു. എന്റെ പാട്ടുകള്‍ സ്വീകരിക്കപ്പെടാത്ത സമയങ്ങളിലും അദ്ദേഹം കൂടെനിന്നു. 

ഹിന്ദി പാട്ടുകളിലൂടെയാണ് ഞാന്‍ തിരിച്ചുവന്നത്. എന്നെ വിശ്വസിച്ച ആളുകള്‍ എന്നോടൊപ്പം നിന്നു. എന്നേക്കാള്‍ കൂടുതല്‍ അവര്‍ എന്നില്‍ വിശ്വസിച്ചു. അത് എനിക്ക് വളരെ പ്രധാനമായിരുന്നു. ആ വൈകാരിക പിന്തുണ ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.' ലുലിയ വ്യക്തമാക്കുന്നു.

കഴിഞ്ഞ ജൂലൈയില്‍ ലുലിയയുടെ 44-ാം പിറന്നാള്‍ മുംബൈയില്‍ ആഘോഷിച്ചിരുന്നു. സല്‍മാന്‍ കാമുകിക്കായി ഒരുക്കിയ പാര്‍ട്ടിയില്‍ കുടുംബാംഗങ്ങളും പങ്കെടുത്തിരുന്നു. ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും സംഗീത് ചടങ്ങിലും സല്‍മാനൊപ്പം ലുലിയ പങ്കെടുത്തിരുന്നു. അന്ന് സല്‍മാനും ലുലിയയും ഒരുമിച്ച് നൃത്തം ചെയ്യുന്ന വീഡിയോ വൈറലായിരുന്നു.
 

Content Highlights: lulia vantur credits salman khan for giving her emotional support