പുതിയ സാന്‍ഡ്‌വിച്ച് ബാഗ് അവതരിപ്പിച്ച് ലൂയി വിറ്റോണ്‍; വില രണ്ടര ലക്ഷത്തോളം!

ഫ്രഞ്ച് ആഡംബര ഫാഷന്‍ ബ്രാന്‍ഡായ ലൂയി വിറ്റോണിന്റെ ബാഗിനും ഷൂവിനും കൂളിങ് ഗ്ലാസിനുമെല്ലാം വില അല്‍പം കൂടുതലാണ്. സാധാരണക്കാര്‍ക്ക് ഒരിക്കലും താങ്ങാന്‍ കഴിയാത്ത വിലയാണത്. ഇപ്പോഴിതാ ലൂയി വിറ്റോണ്‍ പുറത്തിറക്കിയ ഒരു സാന്‍ഡ്‌വിച്ച് ബാഗാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്ത് ചര്‍ച്ചയാകുന്നത്. സ്പ്രിങ്-സമ്മര്‍ 2024 ഫാഷന്‍ ഷോയില്‍ അവതരിപ്പിച്ച ഈ ബാഗിന്റെ വില 2,80,000 രൂപയാണ്.
സാധാരണ പേപ്പര്‍ ബാഗ് പോലെ തോന്നിക്കുന്ന ഇതിന് സിപ്പ്ഡ് പോക്കറ്റും ഡബ്ള്‍ ഫ്‌ളാറ്റ് പോക്കറ്റുമുണ്ട്. ലൂയി വിറ്റോണ്‍ മെന്‍സ്‌വെയറിന്റെ ക്രിയേറ്റീവ് ഡയറക്ടറായ ഫാരെല്‍ വില്ല്യംസാണ് ഈ ബാഗ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
ഷോപ്പിങ് ബാഗിന്റെ അതേ നിറത്തിലാണ് ഈ ലെതര്‍ ബാഗും അവതരിപ്പിച്ചിരിക്കുന്നത്. 30 സെന്റിമീറ്റര്‍ നീളവും 27 സെന്റിമീറ്റര്‍ ഉയരവും 17 സെന്റിമീറ്റര്‍ വീതിയുമാണ് ഇതിനുള്ളത്.
ഈ ബാഗ് അവതരിപ്പിച്ച് ലൂയി വിറ്റോണ്‍ വെബ്‌സൈറ്റില്‍ പങ്കുവെച്ച കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ലൂയി വിറ്റോണിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും പ്രതികരണങ്ങളുണ്ട്. ഒരു സാധാരണ പേപ്പര്‍ ബാഗിന് പുതിയ ഫാഷന്‍ നിര്‍വചനം നല്‍കാന്‍ ലൂയി വിറ്റോണിന് കഴിഞ്ഞു എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് ഭ്രാന്തമായ ആശയമാണെന്നും ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: louis vuitton launches sandwich bag internet shocked by its price