60000 രൂപയ്ക്ക് ഭൂമി വാങ്ങി,ഇപ്പോൾ ഓരോ മാസവും കിട്ടുന്നത് 14.5 ലക്ഷം; കുറിപ്പ് പങ്കുവെച്ച് യുവാവ്

പൈസയുണ്ടാകുമ്പോൾ ഭൂമി വാങ്ങിയിടണമെന്നും അത് വലിയ നിക്ഷേപമാണെന്നും പലപ്പോഴും പ്രായമായവർ യുവതലമുറയെ ഉപദേശിക്കാറുണ്ട്. അത്തരത്തിൽ ഒരാളുടെ ഭൂമിയിടപാട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. സ്‌റ്റോക്ക് മാർക്കറ്റ് ട്രേഡറായ സ്വപ്‌നിൽ കൊമ്മവാർ എക്‌സിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
തെലങ്കാനയിലെ ആദിലാബാദിൽ തന്റെ അമ്മാവൻ 1990-ൽ വാങ്ങിയ ഭൂമിയെ കുറിച്ചാണ് സ്വപ്‌നിലിന്റെ കുറിപ്പ്. അന്ന് ഏക്കറിന് 15000 രൂപ എന്ന കണക്കിൽ 60000 രൂപയ്ക്ക് നാല് ഏക്കർ ഭൂമി വാങ്ങിയെന്നും ആ പ്രദേശം വികസിച്ചതോടെ ഭൂമിയുടെ മൂല്യം കുതിച്ചുയർന്നുവെന്നും സ്വപ്‌നിൽ പറയുന്നു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റീട്ടെയ്ൽ ഭീമൻമാരായ ഡിമാർട്ട് ആ ഭൂമിയിലെ രണ്ട് ഏക്കർ 25 കോടി രൂപ നൽകി വാങ്ങി. ആ പണം ബാങ്കിൽ സ്ഥിര നിക്ഷേപമാക്കിയതിലൂടെ അമ്മാവൻ ഇപ്പോൾ പ്രതിമാസം 14.5 ലക്ഷം രൂപയാണ് പലിശയായി മാത്രം ലഭിക്കുന്നതെന്നും സ്വപ്‌നിൽ അവകാശപ്പെടുന്നു.
ഈ കുറിപ്പിന് താഴെ ഒട്ടേറെപ്പേരാണ് പ്രതികരിച്ചത്. 60000 രൂപയിൽ നിന്ന് 25 കോടിയിലേക്കുള്ള അദ്ഭുതകരമായ യാത്ര എന്നാണ് ഒരാൾ കുറിച്ചത്. എല്ലാ ഭൂമിക്കും ഒരേ മൂല്യമാണ് എന്ന് ഇതിന് അർത്ഥമില്ലെന്നും ഇത് പ്രദേശത്തേയും ഭാഗ്യത്തേയും ആശ്രയിച്ചാണ് എന്നുമായിരുന്നു മറ്റൊരു കമന്റ്. ഇത്രയും വർഷം ആ ഭൂമി വിൽക്കാതെ സൂക്ഷിച്ച അദ്ദേഹത്തിന്റെ ക്ഷമ സമ്മതിക്കുന്നുവെന്നും കമന്റുകളുണ്ട്. ഈ നിക്ഷേപത്തിനുമേൽ ചുമത്തിയ വിവിധ തരം നികുതികളെ കുറിച്ചും ചിലർ ചോദിച്ചു. 'നിങ്ങളുടെ അമ്മാവന്റെ 25 കോടി രൂപ മുഴുവനും FDയിൽ ഇട്ടോ? എത്ര LTCG അടച്ചു? ഏഴ് ശതമാനം നിരക്കിലാണ് പലിശയെങ്കിൽ പ്രതിമാസം 14.58 ലക്ഷം ലഭിക്കും, പലിശ വിവിധ സ്ലാബുകളിൽ TDS നികുതിക്ക് വിധേയമായേക്കാം' എന്നായിരുന്നു ഒരു കമന്റ്.
Content Highlights: Demonstrates the exponential growth potential of long-term real estate holding., Highlights the importance of location development in land appreciation., Showcases passive income generation through fixed deposits after capital gains