'വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് പഠിക്കൂ'... ട്രെയിനുകളിലെ പൗരബോധമില്ലായ്മക്കെതിരെ കിരൺ റിജിജു

ഇന്ത്യൻ റെയിൽവേയിലെ യാത്രികരുടെ പൗരബോധമില്ലായ്മ പലപ്പോഴും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. ബെഡ്ഷീറ്റുകളും പുതപ്പുകളും മോഷ്ടിക്കുക, ട്രെയിനകത്ത് മാലിന്യങ്ങൾ വലിച്ചെറിയുക തുടങ്ങിയ പ്രവണതകൾക്കെതിരെ ഇപ്പോഴിതാ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പങ്കുവെച്ച ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. മണാലിയിലേക്ക് പോകുന്ന ഒരു ട്രെയിൻ കോച്ചിലെ ദയനീയമായ അവസ്ഥയും മിസോറാമിലെ ട്രെയിനുകളിലെ മാതൃകാപരമായ ശുചിത്വവും തമ്മിൽ താരതമ്യം ചെയ്യുന്ന വീഡിയോയാണ് മന്ത്രി പങ്കുവെച്ചത്. ‘മിസോറാമിൽ നിന്നും നമ്മുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും പഠിക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ റീപോസ്റ്റ് ചെയ്തത്.
ദി ബെറ്റർ ഇന്ത്യ ആദ്യം പുറത്തുവിട്ട വീഡിയോയിൽ, മണാലിയിലേക്ക് പത്താം ക്ലാസ് വിദ്യാർത്ഥികൾ യാത്ര ചെയ്ത ഒരു കോച്ചിന്റെ അവസ്ഥയാണ് ആദ്യം കാണിക്കുന്നത്. പുതപ്പുകളും ബെഡ് കവറുകളും തറയിൽ അലക്ഷ്യമായി ഇട്ടിരിക്കുന്നതും ഭക്ഷണപ്പൊതികളും മറ്റ് അവശിഷ്ടങ്ങളും ബോഗി മുഴുവൻ ചിതറിക്കിടക്കുന്നതും ഇതിൽ കാണാം. ഈ വീഡിയോയിൽ തന്നെ മിസോറിമിലെ ട്രെയിനുകൾക്കുള്ളിലെ രീതിയും കാണിക്കുന്നുണ്ട്.
എന്നാൽ ഇതിന് നേർവിപരീതമാണ് മിസോറാമിലെ ട്രെയിനുകളിലെ കാഴ്ച. കോച്ചിലെ ഓരോ ബർത്തിനടുത്തും പ്രത്യേകം പോളിബാഗുകൾ സ്ഥാപിച്ച് യാത്രികർ അതിലേക്ക് കൃത്യമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് വീഡിയോയിൽ വ്യക്തമാണ്. ഒരൊറ്റ കഷ്ണം പേപ്പർ പോലും തറയിൽ കാണാൻ സാധിക്കില്ല.
മിസോ സമൂഹത്തിൽ ആഴത്തിൽ വേരോടിയ ത്ലാംഗ്നൈഹ്ന എന്ന ധാർമ്മിക മൂല്യമാണ് ഈ വ്യത്യാസത്തിന് കാരണം. സ്വന്തം താൽപ്പര്യങ്ങൾക്കപ്പുറം മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാനും പൊതുശുചിത്വം ഒരാളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും അത് സമൂഹത്തിന്റെ കൂട്ടായ കടമയാണെന്നും ഈ തത്വം ജനങ്ങളെ പഠിപ്പിക്കുന്നു.
എക്സിൽ വീഡിയോ വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് പൊതുജനങ്ങളിൽ നിന്നും ഉയരുന്നത്.
Learn from Mizoram, our North East !
जिस किसी ने भी यह वीडियो बनाया है, मैं उससे सहमत हूँ। pic.twitter.com/bBTwyGZAqa— Kiren Rijiju (@KirenRijiju) June 3, 2026
"ഇന്ത്യയിലെ സർക്കാർ-സ്വകാര്യ സ്കൂളുകളിൽ കിന്റർഗാർട്ടൻ തലം മുതൽ തന്നെ ആരോഗ്യ-പൗരബോധ വിദ്യാഭ്യാസം നൽകണം. എങ്കിൽ മാത്രമേ വരുംതലമുറയിലെങ്കിലും മാറ്റം പ്രതീക്ഷിക്കാൻ സാധിക്കൂ’- എന്ന് ഒരു ഉപയോക്താവ് കുറിച്ചു.
നിയമം മൂലം അടിച്ചേൽപ്പിക്കുന്നതിനേക്കാൾ ശുചിത്വം എന്നത് ഓരോ മനുഷ്യനിലും സ്വയം ഉണ്ടാകേണ്ട മൂല്യമാണെന്നും അതൊരു സാമൂഹിക മുന്നേറ്റമായി മാറണമെന്നും മറ്റൊരാൾ അഭിപ്രായപ്പെട്ടു.
Content Highlights: Union Minister Kiren Rijiju shared a viral video highlighting the stark contrast in civic sense between passengers of a littered Manali-bound train and the exemplary cleanliness maintained by travelers in Mizoram through their cultural value of 'Tlangnainhna'.