ദിഷാ പഠാണിയുടെ വീടിനുസമീപം കുട്ടിയെ ഉപേക്ഷിച്ചു; രക്ഷപ്പെടുത്തി സഹോദരി ഖുശ്ബു പഠാണി, അഭിനന്ദനപ്രവാഹം

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ തന്റെ വീടിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തില്‍ ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തിയ കുട്ടിയെ രക്ഷപ്പെടുത്തി ബോളിവുഡ് നടി ദിഷാ പഠാണിയുടെ സഹോദരി മേജര്‍ ഖുശ്ബു പഠാണി. വീടിന് പിന്നിലെ സ്ഥലത്തുനിന്നും പെണ്‍കുട്ടിയെ കണ്ടെത്തിയ വിവരം ഞായറാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ ഖുശ്ബു അറിയിച്ചത്.
വൃത്തിഹീനമായ സ്ഥലത്ത് കിടന്നിരുന്ന കുട്ടിയെ ഖുശ്ബു പഠാണി രക്ഷപ്പെടുത്തുന്നതും ഭക്ഷണം നല്‍കുന്നതും പിന്നീട് പോലീസിനെ ഏല്‍പിക്കുന്നതുമാണ് ആദ്യം പങ്കുവെച്ച വീഡിയോയിലുള്ളത്. ഈ വീഡിയോയില്‍, പോലീസ് കുട്ടിയെ ആരോഗ്യപരിശോധനക്ക് കൊണ്ടുപോയിരിക്കുകയാണെന്ന് മുന്‍ ആര്‍മി ഉദ്യോഗസ്ഥയായ ഖുശ്ബു പഠാണി പറഞ്ഞു. ഖുശ്ബു പഠാണി രാധ എന്ന് പേരിട്ട കുട്ടി സുരക്ഷിതയാണെന്ന് പിന്നീട് പങ്കുവെച്ച വീഡിയോകളില്‍ വ്യക്തമാക്കി. കുട്ടിയെ മാതാവിനെ ഏല്‍പിച്ചെന്നും തനിക്കതില്‍ സന്തോഷമുണ്ടെന്നും ഖുശ്ബു പിന്നീട് പങ്കുവെച്ച വീഡിയോയിലൂടെ അറിയിച്ചു.
ഖുശ്ബു പഠാണിയുടെ അമ്മയാണ് കുട്ടിയുടെ കരച്ചില്‍ ആദ്യം കേട്ടത്. ഇതേതുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ നല്ല വളര്‍ച്ചയും വീടും താന്‍ ഉറപ്പ് നല്‍കുന്നുവെന്ന് ഖുശ്ബു ആദ്യ വീഡിയോയ്ക്കൊപ്പം പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. വീഡിയോയുടെ അടിക്കുറിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, എന്നിവരെ ഖുശ്ബു പഠാണി ടാഗ് ചെയ്തിട്ടുണ്ട്.
ഖുശ്ബു പങ്കുവെച്ച വീഡിയോ വൈറലായതിനെ തുടര്‍ന്ന് നിരവധി പേരാണ് അഭിനന്ദനങ്ങളറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. സഹോദരിയും നടിയുമായ ദിഷാ പഠാണിയും പോസ്റ്റിന് താഴെ കമന്റുമായി രംഗത്തെത്തി. ദൈവം നിന്നേയും ആ കുട്ടിയേയും അനുഗ്രഹിക്കട്ടെ എന്നാണ് നടി കുറിച്ചത്.
ഫിറ്റ്നസ് കോച്ചും സംരഭകയുമായ ഖുശ്ബു പഠാണി സോഷ്യല്‍മീഡിയയില്‍ സജീവമാണ്.
Content Highlights: Khushboo Patani Rescues Abandoned Child