ട്രെയിനിലെ കണ്ടാലറയ്ക്കുന്ന ബാത്റൂംവരെ വൃത്തിയാക്കി കാർത്തിക് സൂര്യ;ഇതാവണം ഇൻഫ്ലുവൻസറെന്ന് അഭിനന്ദനം

ഏറെ ആരാധകരുള്ള യൂട്യൂബ് വ്ളോഗറാണ് കാർത്തിക് സൂര്യ. ടെലിവിഷൻ അവതാരകനായും എത്തിയതോടെ കാർത്തിക്കിൻ്റെ പ്രേക്ഷകപ്രീതി വർദ്ധിച്ചു. ചെയ്യുന്ന കണ്ടൻ്റുകളിൽ വ്യത്യസ്ത കൊണ്ടുവരാൻ കാർത്തിക് നടത്തുന്ന പരിശ്രമങ്ങൾ ശ്രദ്ധേയമാണ്. കേരളത്തിലെ പ്രധാനപ്പെട്ട അറുപത് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നെടുത്ത കാർത്തിക്കിൻ്റെ റീൽ വീഡിയോ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ മറ്റൊരു വ്യത്യസ്തമായ വീഡിയോയുമായി എത്തിയിരിക്കുകയാണ് കാർത്തിക്.
ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിനായ വിവേക് എക്‌സ്പ്രസ് വൃത്തിയാക്കുന്ന വീഡിയോയാണ് കാർത്തിക് പങ്കുവെച്ചിരിക്കുന്നത്. കന്യാകുമാരിയിൽ നിന്ന് യാത്ര തുടങ്ങി അസമിലെ ദിബ്രുഘട്ടിൽ യാത്ര അവസാനിക്കുന്ന വിവേക് എക്‌സ്പ്രസിന് ഇന്ത്യയിലെ ഏറ്റവും മോശം ട്രെയിനുകളിലൊന്ന് എന്ന ദുഷ്‌പേര് കൂടിയുണ്ടെന്നും കാർത്തിക് പറയുന്നു. ട്രെയിനിൽ യാത്ര തിരിക്കുന്നത് തൊട്ടുള്ള അനുഭവങ്ങൾ കാർത്തിക പല വീഡിയോകളായി പങ്കുവെച്ചിട്ടുണ്ട്. വൃത്തിഹീനമായ ശൗചാലയവും കംപാർട്ട്‌മെന്റുകളും വളരെ മോശം ഭക്ഷണവും കാലു കുത്താനിടമില്ലാത്തത് പോലെയുള്ള തിരക്കുമൊക്കെയായി അങ്ങേയറ്റം പരിതാപകരമായ ഒരു യാത്രാനുഭവമാണ് വിവേക് എക്‌സ്പ്രസ് കാർത്തിക്കിനു സമ്മാനിച്ചത് എന്ന് വീഡിയോകളിൽ നിന്ന് വ്യക്തമാണ്. അങ്ങേയറ്റം മോശം റിവ്യുവാണ് യാത്ര ചെയ്തവർ ട്രെയിനിനു നൽകിയിരിക്കുന്നതും. ഈ മോശം റേറ്റിങ്ങുകൾ 5 സ്റ്റാറാക്കാനായിരുന്നു കാർത്തിക്കിൻ്റെ ശ്രമം.
ജനറൽ കമ്പാർട്ട്‌മെന്റുകളെന്ന പോലെയാണ് ട്രെയിനിലെ സ്ലീപ്പറിന്റെ അവസ്ഥ.വെയിറ്റിങ് ലിസ്റ്റിൽ പോലുമില്ലാതെ എസി കമ്പാർട്ട്‌മെന്റുകളിൽ പോലും തിക്കി തിരക്കി കയറുന്നു. ജനറലിൽ നിന്ന് എസിയിലേക്ക് ആളുകൾ അതിക്രമിച്ചു കയറുന്നുമുണ്ട്. ഇത് അധികൃതരോട് റിപ്പോർട്ട് ചെയ്ത് കാർത്തിക് അതിനു പരിഹാരമുണ്ടാക്കി.
മോശം ഭക്ഷണമായിരുന്നു മറ്റൊരു പ്രധാന പ്രശ്‌നം. ട്രെയിനിലെ ഭക്ഷണം ഓഡർ ചെയ്തു നോക്കിയ ശേഷം വായിൽ വെയ്ക്കാൻ പോലും കൊളളില്ലെന്ന് മനസ്സിലായതോടെ കാർത്തിക് ഐആർസിടിസി ആപ്പ് വഴി ഏറ്റവും നല്ല റെസ്റ്ററന്റിൽ നിന്നും ഭക്ഷണം വാങ്ങി യാത്രക്കാർക്ക് നൽകി. മദ്യക്കുപ്പി വരെയുൾപ്പടെയുള്ള മാലിന്യങ്ങൾ നിറഞ്ഞതായിരുന്നു കമ്പാർട്ട്മെൻ്റുകൾ. അതും കാർത്തിക് വൃത്തിയാക്കി. അടുത്തതായിരുന്നു കാർത്തിക്കിനെ കാത്തിരുന്നു ഏറ്റവും പ്രയാസമേറിയ കടമ്പ, ശൗചാലയങ്ങൾ.
വളരെ വൃത്തിഹീനമായിരുന്നു ട്രെയിനിലെ ശൗചാലയങ്ങൾ.കണ്ടാലറയ്ക്കുന്ന ക്ലോസറ്റും ദുർഗന്ധം വമിക്കുന്ന കപ്പുമുൾപ്പടെ വൃത്തികേടിൻ്റെ അങ്ങേയറ്റമായിരുന്നു. അതും ഏറെ പണിപ്പെട്ട് കാർത്തിക് വൃത്തിയാക്കി.
ട്രെയിനിന്റെ സമയത്തിൽ മാത്രം മാറ്റം വരുത്താൻ തനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ബാക്കി തന്നെ കൊണ്ടാവുന്നത് ചെയ്തെന്നും കാർത്തിക് പറഞ്ഞു. ഒരാൾ ശ്രമിച്ചാൽ തന്നെ ഇത്രയും മാറ്റം വരുത്താൻ കഴിഞ്ഞെങ്കിൽ മനസ്സുവെച്ചാൽ എല്ലാ ട്രെയിനുകളും 5 സ്റ്റാർ റേറ്റിങ്ങിലെത്തിക്കാനാവുമെന്നും കാർത്തിക് പറയുന്നു. അമേരിക്കൻ യൂട്യൂബറായി റയാൻ ട്രഹാനിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഇത് ചെയ്തതെന്ന സൂചനയും കാർത്തിക് വീഡിയോയിൽ നൽകിയിട്ടുണ്ട്.
ഇൻഫ്‌ളുവൻസറെന്ന വാക്കിനോട് നൂറു ശതമാനം നീതി പുലർത്തിയെന്നും വീഡിയോ അധികാരികളുടെ ശ്രദ്ധയിൽപ്പെടുമെന്നു ട്രെയിനുകളുടെ ശോചനീയാവസ്ഥയിൽ മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തുടങ്ങി നിരവധി പേരാണ് വീഡിയോക്ക് കമൻ്റ് ചെയ്തത്.
Content Highlights: Karthik Surya cleans India`s longest train, Vivek Express, highlighting its poor condition