'അമ്മയെ കാണാന്‍ കരിഷ്മ മക്കളോടൊപ്പം വരും; സഞ്ജയ്‌യുടെ ഭാര്യ പ്രിയയുമായും അടുപ്പം സൂക്ഷിക്കുന്നു'

കഴിഞ്ഞ ജൂണിലാണ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും സോന കോംസ്റ്റാര്‍ ചെയര്‍മാനുമായ വ്യവസായി സഞ്ജയ് കപൂര്‍ അന്തരിച്ചത്. 30,000 കോടി രൂപയുടെ ആസ്തിയുള്ള അദ്ദേഹത്തിന്റെ മരണശേഷം കമ്പനിയെ ആര് നയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. സഞ്ജയ്‌യുടെ ഭാര്യ പ്രിയ സച്ച്‌ദേവിനെ സോന കോംസ്റ്റാറിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇതിനെതിരെ സഞ്ജയ്‌യുടെ അമ്മ റാണി കപൂര്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു.
ഇതിന് പിന്നാലെ കമ്പനിയുടെ പുതിയ തീരുമാനത്തില്‍ സഞ്ജയ്‌യുടെ സഹോദരി മന്ദിര കപൂര്‍ സ്മിത്തും അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരുന്നു. കരിഷ്മയുടെ അടുത്ത സുഹൃത്ത് കൂടിയായ അവര്‍ സോന ഗ്രൂപ്പ് ഇപ്പോള്‍ അപരിചിതരെപ്പോലെയാണ് തങ്ങളെ കാണുന്നതെന്ന് വ്യക്തമാക്കിയിരുന്നു. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കരിഷ്മയുമായുള്ള ബന്ധത്തെ കുറിച്ചു അവര്‍ തുറന്ന് സംസാരിച്ചു.
കുടുംബത്തെ ഒരുമിച്ച് നിര്‍ത്തുന്നതില്‍ കരിഷ്മ വലിയ പങ്കാണ് വഹിച്ചതെന്നും വളരെ നല്ലൊരു അമ്മയാണെന്നും മന്ദിര വ്യക്തമാക്കി. 'അവള്‍ വളരെ നല്ല ഒരമ്മയാണ്. കുടുംബത്തെ ഒന്നായി നിര്‍ത്തുന്നതില്‍ പങ്കുവഹിച്ചു. അതിന് ഞാന്‍ അവളെ അഭിനന്ദിക്കുന്നു. സഞ്ജയ്‌യുടെ ഇപ്പോഴത്തെ ഭാര്യ പ്രിയയുമായും കരിഷ്മ അടുപ്പം സൂക്ഷിച്ചു. അമ്മയെ കാണാന്‍ കരിഷ്മ തന്റെ മക്കളേയും കൂട്ടി വരാറുണ്ട്. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാകാന്‍ അത് സഹായിച്ചു.'-മന്ദിര പറയുന്നു.
'എന്റെ അച്ഛനും അമ്മയ്ക്കും അവരുടെ പേരക്കുട്ടികളോട് വലിയ വാത്സല്യമായിരുന്നു. സഞ്ജയ്‌യുടേയും കരിഷ്മയുടേയും മക്കളായ സമൈറയും കിയാനും എപ്പോഴും ഈ കുടുംബത്തിന്റെ വലിയൊരു ഭാഗമാണ്. അവരെക്കുറിച്ച് ഞങ്ങള്‍ക്ക് വളരെ അഭിമാനമുണ്ട്. അവരോട് ഒരുപാട് സ്‌നേഹവുമുണ്ട്. അച്ഛനും അമ്മയും അവരെ ലാളിക്കുമായിരുന്നു. അവര്‍ ഞങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ്. എപ്പോഴും അങ്ങനെയായിരിക്കും.'-മന്ദിര കൂട്ടിച്ചേര്‍ത്തു.
Content Highlights: karisma kapoor is a very good mother says sunjay kapurs sister