കുഛ് കുഛ് ഹോത്താ ഹേ റിലീസ് ചെയ്തപ്പോള്‍ അച്ഛന്‍ കരുതി ഒറ്റരാത്രികൊണ്ട് ഞാന്‍ ജെയിംസ് കാമറൂണായെന്ന് -കരണ്‍ ജോഹര്‍

ബോളിവുഡിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് കരണ്‍ ജോഹര്‍. കുഛ് കുഛ് ഹോതാ ഹേ, കഭി ഖുഷി കഭീ ഗം, മൈ നെയിം ഇസ് ഖാന്‍, യേ ദില്‍ ഹേ മുഷ്‌കില്‍ തുടങ്ങിയവ അദ്ദേഹത്തിന്റെ ഹിറ്റ് ചിത്രങ്ങളില്‍ ചിലതാണ്. നിരവധി ചിത്രങ്ങളുടെ നിര്‍മാതാവ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. നിര്‍മാതാവായിരുന്ന യാഷ് ജോഹറാണ് കരണിന്റെ പിതാവ്. 2004-ല്‍ അന്തരിച്ച പിതാവിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് കരണ്‍ ജോഹര്‍.
താന്‍ കഥക് നൃത്തച്ചുവടുകള്‍ വെക്കുമ്പോള്‍ പിതാവ് കൈയടിച്ച് പ്രോത്സാഹിക്കാറുണ്ടായിരുന്നുവെന്ന് കരണ്‍ ജോഹര്‍ ഓര്‍ക്കുന്നു. പിതാവ് തനിക്ക് പകര്‍ന്നു തന്ന മൂല്യങ്ങളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. അദ്ദേഹം വലിയ പണക്കാരനായിരുന്നില്ല, പക്ഷേ സ്വഭാവം, മനുഷ്യത്വം, സഹാനുഭൂതി എന്നീ കാര്യങ്ങളില്‍ അദ്ദേഹം സമ്പന്നനായിരുന്നു. തിരികെ ഒന്നും പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്കായി നിലകൊള്ളണമെന്ന് പിതാവ് തന്നെ പഠിപ്പിച്ചു. കര്‍മയില്‍ വിശ്വസിച്ചിരുന്നയാളാണ് തന്റെ പിതാവെന്നും കരണ്‍ പറഞ്ഞു. സാനിയാ മിര്‍സയുടെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മറ്റുള്ള അച്ഛന്‍മാരില്‍ നിന്ന് വ്യത്യസ്തനായിരുന്നു എന്റെ അച്ഛന്‍. കെട്ടിപ്പിടിക്കലും ഉമ്മവെക്കലും പതിവാക്കിയ ആളായിരുന്നു അദ്ദേഹം. എനിക്ക് 100 കിലോഗ്രാം ഭാരമുണ്ടായിരുന്നപ്പോള്‍ പോലും എന്നെ മടിയിലിരുത്തിയിട്ടുണ്ട്. ഞങ്ങളുടേത് വളരെ ഊഷ്മളമായ ബന്ധമായിരുന്നു. എന്നെ വലിയ ഇഷ്ടമായിരുന്നു. എന്റെ കുറവുകള്‍ കാണാന്‍ അദ്ദേഹം വിസമ്മതിച്ചു. ഉദാഹരണത്തിന്, ഞാന്‍ കഥക് ചെയ്തപ്പോള്‍ മകന്‍ പെണ്‍കുട്ടികള്‍ക്കായുള്ള നൃത്തമാണ് ചെയ്യുന്നത് എന്നൊന്നും അദ്ദേഹം കരുതിയിട്ടേയില്ല. അദ്ദേഹം കൈയടിച്ച് എന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു.' -കരണ്‍ ജോഹര്‍ തുടര്‍ന്നു.
'ഭൂമിയിലെ ഏറ്റവും സുന്ദരനായ വ്യക്തി ഞാനാണെന്ന് അച്ഛന്‍ കരുതി. കുഛ് കുഛ് ഹോതാ ഹേ പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം വിചാരിച്ചത് ഒരുരാത്രി കൊണ്ട് ഞാന്‍ ജെയിംസ് കാമറൂണായെന്നാണ്. എന്റെ മകന്‍ ഒന്നാം നമ്പര്‍ സംവിധായകനായി, ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ ഒന്നാം നമ്പര്‍ സംവിധായകന്‍ എന്നെല്ലാം അദ്ദേഹം ആളുകളോട് പറയുമായിരുന്നു. എന്റെ ആരാധകനായിരുന്നു അദ്ദേഹം. അച്ഛന്‍ എന്നെ ലാളിച്ചപ്പോള്‍ അമ്മയാണ് എന്നെ അച്ചടക്കം പഠിപ്പിച്ചത്.' -കരണ്‍ ജോഹര്‍ പറഞ്ഞു.