പ്രിയ- സഞ്ജയ് ബന്ധത്തെ കുടുംബം എതിര്‍ത്തിരുന്നു; കരിഷ്മയുടെ വിവാഹജീവിതം തകര്‍ത്തു - സഞ്ജയുടെ സഹോദരി

വ്യവസായി സഞ്ജയ് കപുറിന്റെ മരണത്തിനുശേഷം കുടുംബത്തിലുണ്ടായ സ്വത്ത് തര്‍ക്കവും പ്രശ്‌നങ്ങളും അവസാനിക്കുന്നില്ല. നടി കരിഷ്മ കപുറിന്റെ വിവാഹജീവിതം തകരാന്‍ കാരണം സഞ്ജയ് കപുറിന്റെ മൂന്നാം ഭാര്യ പ്രിയ സച്ച്ദേവ് കപുര്‍ ആണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സഞ്ജയുടെ സഹോദരി മന്ദിര കപുര്‍. മാധ്യമപ്രവര്‍ത്തകന്‍ വിക്കി ലാല്‍വാനിയുമായുള്ള അഭിമുഖത്തിലാണ് പ്രിയയ്‌ക്കെതിരെ മന്ദിര ഗുരുതര ആരോപണം ഉന്നയിച്ചത്.
പ്രിയയുമായി സഞ്ജയ് അടുക്കുന്നതിനെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നുവെന്നും അത് ഒരിക്കലും അംഗീകരിച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു. പ്രിയയും സഞ്ജയും ഒരിക്കല്‍ വിമാനത്തില്‍ വെച്ചാണ് കണ്ടുമുട്ടിയത്. ആ സമയം മുതല്‍ മുതല്‍ അവരെക്കുറിച്ച് അറിയാമായിരുന്നു. ആ സമയത്ത് ലോലോയും (കരിഷ്മ) സഞ്ജയ് കപുറും നല്ല ബന്ധത്തിലായിരുന്നു. അവര്‍ക്ക് കിയാന്‍ എന്ന മകന്‍ ജനിച്ചു. സഞ്ജയ്ക്ക് കുട്ടികളോട് വലിയ ഇഷ്ടമായിരുന്നു. ആ സമയത്ത് സഞ്ജയും പ്രിയയയും തമ്മില്‍ അടുക്കുന്നത് തനിക്ക് വിഷമമുണ്ടാക്കി. ഒരു കുഞ്ഞിന് ജന്മം നല്‍കിയ ശേഷം മറ്റൊരു സ്ത്രീയുമായി അടുക്കുന്നത് വളരെ മോശമായ കാര്യമാണ്. ഒരു കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതും മോശമാണ്. സന്തോഷകരമായ ഒരു ദാമ്പത്യം തകര്‍ക്കരുത്. ഒരു കുഞ്ഞ് ജനിച്ചതേയുള്ളൂ എന്നവകാര്യമെങ്കിലും പരിഗണിച്ച് മാറിനില്‍ക്കണം. ഒരു വിവാഹബന്ധം നശിപ്പിക്കരുത്. വിവാഹജീവിതം തകരുന്നതൊന്നും കരിഷ്മ അര്‍ഹിച്ചിരുന്നില്ല.
പരേതനായ പിതാവ് ഉള്‍പ്പെടെ കുടുംബത്തിലുള്ള എല്ലാവരും പ്രിയയുമായുള്ള സഞ്ജയുടെ ബന്ധത്തിന് എതിരായിരുന്നുവെന്ന് മന്ദിര പറയുന്നു. അവന്‍ അവളെ ഒരിക്കലും വിവാഹം കഴിക്കാന്‍ പാടില്ല എന്നാണ് പിതാവ് പറഞ്ഞത്. അവളുടെ മുഖം കാണുകയേ വേണ്ടെന്നും പിതാവ് പറഞ്ഞിരുന്നു. കുടുംബത്തില്‍ ആരും അവര്‍ക്കൊപ്പം നിന്നില്ല. താന്‍ അവനോടൊപ്പം നിന്നത് സഹോദരനോടുള്ള സ്‌നേഹം കൊണ്ടാണെന്നും മന്ദിര അവകാശപ്പെടുന്നു.
2017-ല്‍ നടന്ന സഞ്ജയുടെയും പ്രിയയുടെയും വിവാഹത്തില്‍ താനും സഹോദരിയും പങ്കെടുത്തില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിവാഹത്തെ പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന വ്യക്തമായ ധാരണ തങ്ങള്‍ക്ക് ഉണ്ടായിരുന്നു. പ്രയാസകരമായ സമയത്ത് കരിഷ്മയുടെ കൂടെ നില്‍ക്കാന്‍ കഴിയാത്തതില്‍ തനിക്ക് ഖേദമുണ്ടെന്നും മന്ദിര സമ്മതിച്ചു. 'ഞങ്ങള്‍ അന്ന് സംസാരിച്ചിരുന്നില്ല... അവര്‍ക്ക് എന്നോട് ദേഷ്യമുണ്ടായിരുന്നു എന്ന് ഞാന്‍ കരുതുന്നു, ഞാന്‍ അവരെ കുറ്റപ്പെടുത്തുന്നില്ല. എനിക്കതില്‍ വിഷമമുണ്ട്, കാരണം അവര്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ഞാന്‍ അവര്‍ക്കുവേണ്ടി നിലകൊള്ളണമായിരുന്നു.' - മന്ദിര പറഞ്ഞു.
ലണ്ടനില്‍ പോളോ കളിക്കുന്നതിനിടെ ജൂണ്‍ 12-ന് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് സാന കോംസ്റ്റാര്‍ എന്ന കമ്പനിയുടെ ചെയര്‍മാനായിരുന്നു സഞ്ജയ് മരിച്ചത്. അദ്ദേഹത്തിന്റെ അന്ത്യകര്‍മങ്ങള്‍ ജൂണ്‍ 19-ന് സൗത്ത് ഡല്‍ഹിയിലെ ലോധി റോഡ് ശ്മശാനത്തില്‍ കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്നിരുന്നു. 2003-ലാണ് അദ്ദേഹം കരിഷ്മയെ വിവാഹം കഴിച്ചത്. 2005-ല്‍ മകള്‍ സമൈറയും 2011-ല്‍ മകന്‍ കിയാനും ജനിച്ചു. 2016-ല്‍ ഇരുവരും വിവാഹമോചനം നേടി. വേര്‍പിരിയലിന് ശേഷം സഞ്ജയ് പ്രിയ സച്ച്‌ദേവിനെ വിവാഹം കഴിച്ചു. സഞ്ജയുടെ ആസ്തി 30,000 കോടി രൂപയാണെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ടുചെയ്യുന്നത്. അതിനിടെ സ്വത്തില്‍ അര്‍ഹമായ വിഹിതം ആവശ്യപ്പെട്ട് കരിഷ്മയുടെ മക്കള്‍ കോടതിയെ സമീപിച്ചിട്ടുണ്ട്.
Content Highlights: Sunjay Kapur`s sister, Mandira Kapur Smith, breaks silence on the inheritance dispute, accusing Priya Sachdev Kapur of causing Sunjay`s separation from Karisma Kapoor