'മാതാപിതാക്കളോട് 'നോ' പറയാൻ പറ്റില്ല,പക്ഷേ കൊലപാതകം ആസൂത്രണം ചെയ്യാം'; 'ഹണിമൂൺ കൊലയിൽ' കങ്കണ റണൗത്ത്

മേഘാലയയില്‍ മധുവിധു യാത്രയ്ക്കിടെ ഭര്‍ത്താവിനെ യുവതിയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവം ഏറെ നടുക്കത്തോടെയാണ് രാജ്യം കേട്ടത്. സംസ്ഥാനത്തെ ടൂറിസത്തെ പോലും പ്രതികൂലമായി ബാധിച്ചേക്കുമായിരുന്ന കേസിന്റെ അന്വേഷണം ക്രൈം ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പ്രതികളിലേക്ക് എത്തിയത്. മേയ് 11-ന് നടന്ന ക്രൂരമായ മേഘാലയ ഹണിമൂണ്‍ കൊലപാതകത്തെ കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നടിയും എംപിയുമായ കങ്കണ റണൗത്ത്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. കൊലപാതകത്തെ അസംബന്ധമെന്ന് വിശേഷിപ്പിച്ച കങ്കണ, ഹണിമൂണ്‍ കൊലപാതകത്തെ കുറിച്ചുള്ള വാര്‍ത്ത തനിക്ക് തലവേദനയുണ്ടാക്കുന്നുവെന്നും പറഞ്ഞു.
'എത്ര അസംബന്ധമാണ് ഇത്. സ്വന്തം മാതാപിതാക്കളെ പേടിയായതിനാല്‍ അവരോട് 'നോ' പറയാന്‍ ആ സ്ത്രീക്ക് കഴിയില്ല. പക്ഷേ അവള്‍ക്ക് വാടകക്കൊലയാളികള്‍ക്കൊപ്പം ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്യാന്‍ കഴിയും. രാവിലെ മുതല്‍ ഇതെന്റെ മനസിലുണ്ട്. പക്ഷേ എനിക്കൊന്നും മനസിലാവുന്നുണ്ടായിരുന്നില്ല. ഹൊ! എനിക്കിപ്പോള്‍ തലവേദനയെടുക്കുന്നു.' -കങ്കണ കുറിച്ചു.
'അവള്‍ക്ക് വിവാഹമോചനം നേടാനോ അല്ലെങ്കില്‍ കാമുകനൊപ്പം ഒളിച്ചോടി പോകാനോ പോലും കഴിഞ്ഞില്ല. എത്ര ക്രൂരവും നീചവും, അതിനെല്ലാമുപരി അസംബന്ധവും വിഡ്ഢിത്തവുമാണ് ഇത്. വിഡ്ഢികളെ ഒരിക്കലും നിസാരമായി കാണരുത്. അവരാണ് ഏതൊരു സമൂഹത്തിനും ഏറ്റവും വലിയ ഭീഷണി. നമ്മള്‍ പലപ്പോഴും അവരെ നോക്കി ചിരിക്കും. അവര്‍ നിരുപദ്രവകാരികളാണെന്ന് കരുതും. എന്നാല്‍ അത് ശരിയല്ല.' -കങ്കണ തുടര്‍ന്നു.
'ബുദ്ധിമാന്മാര്‍ സ്വന്തം നേട്ടത്തിനായി മറ്റുള്ളവരെ ദ്രോഹിക്കും. എന്നാല്‍, ഓര്‍ക്കുക, വിഡ്ഢിയായൊരാള്‍ക്ക് താനെന്താണ് ചെയ്യുന്നത് സംബന്ധിച്ച് യാതൊരു ബോധവുമുണ്ടാകില്ല. നിങ്ങള്‍ക്ക് ചുറ്റുമുള്ള വിഡ്ഢികളെ കുറിച്ച് ബോധവാന്മാരായിരിക്കുക.' -കങ്കണ റണൗത്ത് പറഞ്ഞുനിര്‍ത്തി.
മേഘാലയ ഹണിമൂണ്‍ കൊല
മധ്യപ്രദേശ് സ്വദേശിയായ രാജാ രഘുവംശിയെന്ന യുവാവാണ് മേഘാലയയില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ സോനം രഘുവംശിയും കാമുകനെന്ന് പറയപ്പെടുന്ന രാജ് കുശ്വാഹയും ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് മേഘാലയ പോലീസ് പറയുന്നു.
മേയ് 11-നായിരുന്നു സോനവും രാജ രഘുവംശിയും വിവാഹിതരാകുന്നത്. ഒമ്പത് ദിവസത്തിന് ശേഷം മേയ് 20-ന് ഇവര്‍ മധുവിധു യാത്രയ്ക്കായി മേഘാലയയിലേക്ക് പുറപ്പെട്ടു. കശ്മീരിലേക്കായിരുന്നു ഇവര്‍ നേരത്തെ യാത്ര പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തോടെയാണ് പദ്ധതി മാറ്റിയത്.
വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ സോന സ്വന്തം വീട്ടില്‍ തിരിച്ചെത്തി കുറച്ചു ദിവസങ്ങള്‍ താമസിച്ചിരുന്നു. ഈ സമയത്താണ് സോനയും കുശ്വാഹയും രാജ രഘുവംശിയെ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ഇതനുസരിച്ച് മേഘാലയയില്‍ ഹണിമൂണ്‍ ട്രിപ്പ് പ്ലാന്‍ ചെയ്യുന്നതും ടിക്കറ്റ് എടുക്കുന്നതുമെല്ലാം സോനയാണ്. മേഘാലയയിലെ ടൂര്‍ദിനങ്ങള്‍ ചുരുക്കണമെന്ന് രഘുവംശി പല തവണ ആവശ്യപ്പെട്ടെങ്കിലും സോനം തയ്യാറായില്ല.
സോനത്തിന്റെ വീടിന് തൊട്ടടുത്തായിരുന്നു കുശ്വാഹയുടെ വീടും. ഇരുവരും തമ്മില്‍ സ്നേഹത്തിലായതോടെ കുശ്വാഹയുടെ സന്ദര്‍ശനവും കൂടുതലായി. ഇതിനിടെ സോനത്തിന്റെ കുടുംബ ബിസിനസായ ടൈല്‍ ഷോപ്പില്‍ കുശ്വാഹയ്ക്ക് ജോലി നല്‍കുകയും ചെയ്തു. കുശ്വാഹയുമായുള്ള അടുപ്പത്തില്‍ സോനത്തിന്റെ കുടുംബത്തിന് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. അവര്‍ രഘുവംശിയുമായുള്ള വിവാഹം നടത്തുകയും ചെയ്തു. വിവാഹത്തിനു ശേഷം രഘുവംശിയുടെ വീട്ടിലെത്തിയ സോനം തന്നോട് ഭര്‍ത്താവ് കൂടുതല്‍ സ്നേഹത്തോടെ പെരുമാറുന്നത് സഹിക്കാനാവുന്നില്ലെന്നു പറഞ്ഞ് കുശ്വാഹയ്ക്ക് മെസേജ് അയച്ചിരുന്നു.
കൊല നടത്താന്‍ കാമുകനും സൂത്രധാരനുമായ രാജ് കുശ്വാഹ ഷില്ലോങ്ങിലേക്ക് പോയില്ല, പകരം ഇന്ദോറില്‍നിന്ന് ഫോണ്‍ വഴി രാജാ രഘുവംശിയുടെ കൊലപാതകം ഏകോപിപ്പിക്കുകയായിരുന്നു. മേയ് 21-നാണ് സോനവും രഘുവംശിയും മേഘാലയയില്‍ എത്തുന്നത്. അടുത്ത ദിവസം അവര്‍ ഒരു സ്‌കൂട്ടര്‍ വാടകയ്‌ക്കെടുത്ത് ചിറാപുഞ്ചിയിലേക്ക് പോയി. നോങ്രിയാത്ത് ഗ്രാമത്തിലെ ഷിപാറ ഹോംസ്റ്റേയിലേക്ക് ട്രെക്കിങ് നടത്തി. അടുത്ത ദിവസം, അവര്‍ നോങ്രിയാത്തില്‍ നിന്ന് മാവ്‌ലാഖിയാറ്റിലേക്ക് ഇറങ്ങി.
മേയ് 22-ന് മൂന്ന് വാടക്കൊലയാളികളെ കുശ്വാഹ മേഘാലയയില്‍ എത്തിച്ചു. ആകാശ് രജ്പുത്, ആനന്ദ് കുര്‍മി, വിശാല്‍ സിംഗ് ചൗഹാന്‍ എന്നിവര്‍ ദമ്പതികളെ പിന്തുടരാന്‍ തുടങ്ങി. ഗുവാഹത്തിയില്‍വെച്ചാണ് ഇവര്‍ വടിവാള്‍ അടക്കമുള്ള ആയുധങ്ങള്‍ വാങ്ങുന്നത്. ഇവര്‍ തുടര്‍ച്ചയായി രഘുവംശിയെയും സോനത്തെയും പിന്തുടരുകയായിരുന്നു. കൊലപാതകം നടന്ന ദിവസവും അവര്‍ ഒരു കാറില്‍ ദമ്പതികളെ പിന്തുടരുകയായിരുന്നു. ചിറാപുഞ്ചിയിലെ ഒരിടത്ത്, സോനത്തിന്റെ സാന്നിധ്യത്തില്‍ മൂന്നുപേരും രഘുവംശിയോട് സംസാരിച്ചു.
മേയ് 23-നും 24-നും ഇടയിലുള്ള രാത്രിയില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് രഘുവംശി കൊല്ലപ്പെടുന്നത്. ആ സമയത്ത് ദമ്പതികളുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. 'രാജയെ ഒറ്റപ്പെടുത്താനായിരുന്നു പദ്ധതി എന്ന് ഞങ്ങള്‍ സംശയിക്കുന്നു. അദ്ദേഹത്തെ ട്രെക്കിങ്ങിനായി കൊണ്ടുപോകാനും തുടര്‍ന്ന് പ്രതികള്‍ക്ക് തടസ്സപ്പെടുത്താനും തന്ത്രപരമായി ആസൂത്രണം ചെയ്യുകയായിരുന്നു. ഇതെല്ലാം രാജ് കുശ്വാഹ ഫോണിലൂടെ ഏകോപിപ്പിച്ചു. സോനം രാജുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പ്രദേശം ഒറ്റപ്പെട്ടതാണ്, പ്രത്യേകിച്ച് വൈകുന്നേരത്തോടെ. ഭൂപ്രകൃതി ദുഷ്‌കരമായതുകൊണ്ട്. വൈകുന്നേരത്തിന് ശേഷം വിനോദസഞ്ചാരികളും നാട്ടുകാരും പോലും പുറത്തിറങ്ങാറില്ല.'' മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൊലപാതകത്തിന് ശേഷം സോനം, ആകാശ് രജ്പുത്, ആനന്ദ് കുര്‍മി, വിശാല്‍ സിംഗ് ചൗഹാന്‍ എന്നിവര്‍ അടുത്ത ദിവസം ഗുവാഹത്തിയിലേക്ക് പോവുകയും തുടര്‍ന്ന് പലയിടങ്ങളിലേക്ക് മാറി. വിനോദസഞ്ചാരികളായി വന്ന ദമ്പതികളെ കാണാതായത് ആദ്യഘട്ടത്തില്‍ മേഘാലയ പോലീസിനെ ഏറെ കുഴക്കി. പിന്നീട് ഡ്രോണ്‍ സഹായത്തോടെയാണ് ഇടുങ്ങിയ പാറക്കെട്ടുകള്‍ക്കിടയില്‍ രഘുവംശിയുടെ മൃതദേഹം കണ്ടെത്തുന്നത്. അപ്പോഴും സോനം കാണാമറയത്തായിരുന്നു. ആഭരണങ്ങള്‍ മോഷ്ടിക്കാനായി ഇരുവരെയും മോഷ്ടാക്കള്‍ അപകടപ്പെടുത്തിയതാണെന്നായിരുന്നു ആദ്യധാരണ. എന്നാല്‍, ആല്‍ബെര്‍ട്ടോ പിഡെ എന്ന ടൂറിസ്റ്റ് ഗൈഡ് സോനത്തിനും രഘുവംശിക്കുമൊപ്പം ഉണ്ടായിരുന്ന മൂന്നു പേരെ കുറിച്ച് സൂചന നല്‍കിയതോടെയാണ് ചിത്രം മാറിമറിയുന്നത്.
ഇതോടെ പോലീസ് രഘുവംശിയുടെ മരണത്തില്‍ കുറ്റകൃത്യം മണത്തു. സോനത്തെയും ക്വട്ടേഷന്‍ സംഘത്തെയും പിടികൂടാന്‍ രാജ്യം മുഴുവന്‍ വല വിരിച്ചതിന്റെ രണ്ടാം നാള്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് അര്‍ധരാത്രിയില്‍ ഗാസിയാബാദിലെ ധാബയില്‍ സോനം പ്രത്യക്ഷപ്പെടുന്നത്. പിറ്റേന്ന് പുലര്‍ച്ചെ മധ്യപ്രദേശില്‍വെച്ച് അക്രമിസംഘവും പിടിയിലായി.
Content Highlights: Meghalaya honeymoon murder case gives Kangana Ranaut a 'headache'