'രാഷ്ട്രീയജീവിതം ഞാൻ ആസ്വദിക്കുന്നില്ല, നാട്ടുകാർ ഓരോ പ്രശ്‌നങ്ങളുമായി വരും, പ്രധാനമന്ത്രിയാകാനില്ല'

ബിജെപിയെ അനുകൂലിച്ച് പരസ്യമായ നിലപാടെടുത്ത ബോളിവുഡ് താരം കങ്കണ റണൗത്ത് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ് പാര്‍ലമെന്റ് അംഗമാകുന്നത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി ടിക്കറ്റിൽ തിരഞ്ഞെടുക്കപ്പെട്ട കങ്കണ, രാഷ്ട്രീയജീവിതം താന്‍ ആസ്വദിക്കുന്നില്ല എന്ന് തുറന്നു പറയുകയാണ്. ആത്മന്‍ ഇന്‍ രവി (എഐആര്‍) എന്ന യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിലാണ് കങ്കണ ഇക്കാര്യം പറഞ്ഞത്.
Also Read: 'തറവാട്ടില്‍ പ്രേതബാധ, പ്രേതം വലിയമ്മായിയുടെ മുഖത്തടിച്ചു, രാത്രിക്കുരാത്രി വീട് മാറി' -സോഹ അലി ഖാൻ
'ഞാന്‍ രാഷ്ട്രീയപ്രവര്‍ത്തനം ആസ്വദിക്കുന്നുവെന്ന് ഒരിക്കലും പറയില്ല. അത് വളരെ വ്യത്യസ്തമായൊരു ജോലിയാണ്, സാമൂഹ്യസേവനമൊക്കെ പോലെ. എന്റെ പശ്ചാത്തലം ഇതായിരുന്നില്ല. ജനങ്ങളെ സേവിക്കുന്നതിനെ കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ഞാന്‍ സ്ത്രീകളുടെ അവകാശത്തിനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ അത് ഇതില്‍നിന്ന് വ്യത്യസ്തമാണ്.' -ചോദ്യത്തിന് മറുപടിയായി കങ്കണ പോഡ്കാസ്റ്റില്‍ പറഞ്ഞു.
Don't Miss: ആർത്തവം സ്വാഭാവികപ്രക്രിയ, വിംബിള്‍ഡണിനിടെ സ്‌കര്‍ട്ടിലെ രക്തക്കറ മറയ്ക്കാതെ മോഡല്‍, കൈയടി | വീഡിയോ
' നാട്ടുകാർ ഓരോ പ്രശ്‌നങ്ങളുമായി വരും. ഓട തകര്‍ന്നെന്ന് പറഞ്ഞ് ചിലര്‍ വരും. ഞാനൊരു എംപിയാണ്. പഞ്ചായത്ത് തലത്തിലുള്ള പ്രശ്‌നങ്ങളുമായാണ് ആളുകള്‍ എന്റെയടുത്തേക്ക് വരുന്നത്. അവര്‍ ഒന്നും ശ്രദ്ധിക്കില്ല. അവര്‍ നിങ്ങളെ കാണുമ്പോള്‍ തന്നെ പ്രശ്‌നങ്ങളുമായി നിങ്ങള്‍ക്കരികിലേക്ക് വരും. പൊട്ടിപ്പൊളിഞ്ഞ റോഡിനെ കുറിച്ച് പറയുന്ന എംഎല്‍എയോട് ഇത് സംസ്ഥാന സര്‍ക്കാരിന്റെ വിഷയമാണെന്ന് ഞാന്‍ പറയുമ്പോള്‍ അവര്‍ പറയും, നിങ്ങളുടെ പക്കല്‍ പണമുണ്ടല്ലോ, സ്വന്തം പണം ഉപയോഗിക്കൂ എന്ന്.' -കങ്കണ തുടര്‍ന്നു.
ഇന്ത്യയുടെ പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. 'ആ പദവിയിലിരിക്കാന്‍ വേണ്ടത്ര കഴിവ് എനിക്കില്ല. ഞാന്‍ വളരെ സ്വാര്‍ഥമായ ജീവിതമാണ് നയിച്ചത്. എനിക്ക് വലിയ വീടും വലിയ കാറും വജ്രങ്ങളുമെല്ലാം സ്വന്തമാക്കണം. അത്തരമൊരു ജീവിതമാണ് ഞാന്‍ നയിച്ചിരുന്നത്. ദൈവം എന്നില്‍ അര്‍പ്പിച്ച നിയോഗമെന്താണെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ ജീവിതത്തെ ഇത്ര വലിയ ത്യാഗമായി ഞാന്‍ കാണുന്നില്ല.' -കങ്കണ പറഞ്ഞു.
Also Read: 'മാതാപിതാക്കളോട് 'നോ' പറയാൻ പറ്റില്ല,പക്ഷേ കൊലപാതകം ആസൂത്രണം ചെയ്യാം'; 'ഹണിമൂൺ കൊലയിൽ' കങ്കണ റണൗത്ത്
Content Highlights: Kangana Ranaut not enjoying her political career, says people comes with problems like broken roads