ഒരുമിച്ചെടുത്ത തീരുമാനം, സ്വകാര്യത മാനിക്കണം; ജോ ജൊനാസും സോഫിയും വേര്‍പിരിയുന്നു

ഗായകനും ജൊനാസ് ബ്രദേഴ്‌സിലെ രണ്ടാമനുമായ ജോ ജൊനാസും ഭാര്യയും നടിയുമായ സോഫി ടേണറും വേര്‍പിരിയുന്നു. വിവാഹമോചനത്തിനായി ഇരുവരും ഫ്‌ളോറിഡയിലെ മിയാമി-ഡേഡ് കൗണ്ടി കോടതിയെ സമീപിച്ചു. നാല് വര്‍ഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം.
നേരത്തെ ഇരുവരും വിവാഹമോചിതരാകുകയാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സോഫി വിവാഹമോതിരം ധരിക്കാത്തതും സ്വപ്‌നഭവനം വിറ്റതുമെല്ലാമായിരുന്നു ഈ അഭ്യൂഹങ്ങള്‍ക്ക് പിന്നിലെ കാരണങ്ങള്‍. ഇപ്പോള്‍ ഇരുവരും കോടതിയെ സമീപിച്ചതോടെ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിരിക്കുകയാണ്.
ഇതുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റഗ്രാമില്‍ സോഫി ഒരു പോസ്റ്റും പങ്കുവെച്ചിട്ടുണ്ട്. രണ്ടുപേരും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും തങ്ങളുടേയും മക്കളുടേയും സ്വകാര്യത മാനിച്ച് ഊഹാപോഹങ്ങള്‍ മെനയരുതെന്നും പോസ്റ്റില്‍ സോഫി വ്യക്തമാക്കുന്നു.
മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2019 മെയ് ഒന്നിനാണ് ജോ ജൊനാസും സോഫി ടേണറും വിവാഹിതരായത്. ലാസ് വെഗാസില്‍ നടന്ന സ്വകാര്യമായ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. ഒരു വര്‍ഷത്തിന് ശേഷം ഇരുവരും ആദ്യ കുഞ്ഞിനെ സ്വീകരിച്ചു. വില്ല എന്നാണ് മകള്‍ക്ക് പേര് നല്‍കിയിരിക്കുന്നത്.
2022-ല്‍ സോഫി രണ്ടാമത്തെ കുഞ്ഞിനും ജന്മം നല്‍കി. എന്നാല്‍ കുഞ്ഞിന്റെ പേരുവിവരങ്ങളോ മുഖമോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. രണ്ടാഴ്ച്ച മുമ്പാണ് ഇരുവരും തങ്ങളുടെ ആഡംബര ഭവനം വിറ്റത്. റിയല്‍ എസ്റ്റേറ്റ് നിക്ഷേപകനായ ഫസീല്‍ ഖാനാണ് 15 മില്ല്യണ്‍ ഡോളര്‍ നല്‍കി വീട് സ്വന്തമാക്കിയത്.
ഇരുവരുടേയും വിവാഹമോചന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. ജൊനാസ് ബ്രദേഴ്‌സിന്റെ സംഗീതപരിപാടികളില്‍ സോഫി സ്ഥിരസാന്നിധ്യമായിരുന്നു. സോഫിയോടൊപ്പമുള്ള ചിത്രങ്ങള്‍ ജോയുടെ സഹോദരനായ നിക്ക് ജൊനാസിന്റെ ഭാര്യയും നടിയുമായ പ്രിയങ്ക ചോപ്രയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു.
Content Highlights: joe jonas and sophie turner officially announce divorce