'അവർ പരസ്പരം മിണ്ടുന്നില്ല, അതുതന്നെയല്ലേ സൂചന'; ജയറാം-പാർവതി പ്രണയത്തിൽ ഡിറ്റക്ടീവായ ശ്രീനിവാസൻ

മലയാളികളുടെ പ്രിയതാരം ജയറാമിന് ചൊവ്വാഴ്ച 60 തികഞ്ഞിരിക്കുകയാണ്. 'അപരനി'ല്‍ തുടങ്ങി 'എബ്രഹാം ഓസ്ലര്‍' വരെ എത്തിനില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതം. ഇതിനിടെ ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ ചെയ്തു, മലയാളികളുടെ പ്രിയപ്പെട്ട താരമായി. ജയറാമിന്റെ സിനിമാ ജീവിതത്തോളം യുവത്വമാണ് അദ്ദേഹത്തിന്റെ പ്രണയജീവിതത്തിനും. ആദ്യചിത്രമായ അപരന്റെ സെറ്റില്‍വെച്ചാണ് ജയറാം പാര്‍വതിയെ പരിചയപ്പെടുന്നത്. പ്രണയം നാലുവര്‍ഷത്തിനപ്പുറം വിവാഹത്തിലെത്തി.
ഇരുവരുടേയും പ്രണയത്തെക്കുറിച്ച് സിനിമാമേഖലിയില്‍ പ്രചരിക്കുന്ന രസകരമായൊരു കഥയുണ്ട്. അതിങ്ങനെയാണ്: അപരന് ശേഷം ജയറാമും പാര്‍വതിയും ഒട്ടനവധി സിനിമകളില്‍ ഒരുമിച്ച് വേഷമിട്ടു. ഇരുവരും പ്രണയത്തിലാണെന്ന ശ്രുതി പരന്നു. 'തലയണ മന്ത്രം' സിനിമയുടെ ലൊക്കേഷനില്‍ വെച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട് ശ്രീനിവാസനെ ഒരു ഡിറ്റക്ടീവിന്റെ പണി ഏല്‍പ്പിച്ചത്രേ. സിനിമയിലെ നായകനും നായികയും തമ്മില്‍ പ്രണയമുണ്ടോ എന്നുകണ്ടുപിടിക്കലായിരുന്നു ശ്രീനിവാസന്റെ ഡ്യൂട്ടി. അവസാനം നാടോടിക്കാറ്റിലെ വിജയനെപ്പോലെ ശ്രീനിവാസന്‍ ആ രഹസ്യം കണ്ടുപിടിച്ചു. 'അവര്‍ പരസ്പരം മിണ്ടുന്നില്ല. അതുതന്നെയല്ലേ പ്രണയത്തിന്റെ സൂചന' സത്യന്‍ അന്തിക്കാടും ശ്രീനിവാസന്‍ കൊടുത്ത റിപ്പോര്‍ട്ട് അംഗീകരിച്ചു.
ഇതെക്കുറിച്ച് പാര്‍വതി ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ: ആ കഥ ഞാനും കേട്ടിട്ടുണ്ട്. അന്ന് ശ്രീനിയേട്ടന്‍ കണ്ടുപിടിച്ചത് ഞാനും ജയറാമും സംസാരിക്കുന്നില്ലെന്നതാണ്. അതുപിന്നെ ഞങ്ങള്‍ ബോധപൂര്‍വം സംസാരിക്കാതിരുന്നതാണ്. എന്തെങ്കിലും സംസാരിച്ചാല്‍ പിന്നെ അന്നത്തെ ബുക്കുകളിലൊക്കെ വേണ്ടാത്ത ഓരോന്ന് എഴുതി വരില്ലേ. എനിക്കും ജയറാമിനും ആശയവിനിമയത്തിന് വേറെ എന്തൊക്കെ മാധ്യമങ്ങളുണ്ട്. ഇടയ്ക്ക് ആംഗ്യം കാണിക്കും. പിന്നെ പറയാനുള്ളത് കാസറ്റില്‍ റെക്കോഡ് ചെയ്യും. ആരും കാണാതെ അത് കൈമാറും. ഞാന്‍ ആ കാസറ്റ് വാക്ക്മാനില്‍ ഇട്ട് കേട്ടുകൊണ്ടിരിക്കും. സിനിമാ ലൊക്കേഷനിലൊക്കെ ഏതുനേരവും വാക്ക്മാന്‍ കേട്ടോണ്ടിരിക്കുന്നത് കാണുമ്പോള്‍ എല്ലാവരും കരുതി, ഞാന്‍ പാട്ട് കേള്‍ക്കുകയാണെന്ന്. പക്ഷേ ഒടുവില്‍ അമ്മയ്ക്കാണ് സംശയം തോന്നിയത്. അമ്മ കണ്ടുപിടിക്കുകയും ചെയ്തു. ആ കാസറ്റ് അമ്മ കേട്ടുനോക്കി. അതില്‍ പകുതിയും ജയറാം അമ്മയെ കുറ്റം പറയുന്ന ഭാഗങ്ങളായിരുന്നു.
1992-ലായിരുന്നു ജയറാമും പാര്‍വതിയും തമ്മിലുള്ള വിവാഹം. മകള്‍ മാളവിക മോഡലിങ് രംഗത്ത് സജീവമാണ്. കഴിഞ്ഞ മേയിലായിരുന്നു മകളുടെ കല്യാണം. മകന്‍ കാളിദാസ് ജയറാമിന്റെ കല്യാണം കഴിഞ്ഞദിവസം ഗുരുവായൂരില്‍ നടന്നു.
Content Highlights: Jayaram's love story with Parvathy