'ഭര്‍ത്താവിന്റെ പുകവലി ദുശ്ശീലം മാറ്റാന്‍ ശ്രീദേവി നോണ്‍ വെജ് ഉപേക്ഷിച്ചു, ആരോഗ്യം മോശമായിട്ടും തീരുമാനം മാറ്റിയില്ല'

പലര്‍ക്കുമുള്ള ദുശ്ശീലമാണ് പുകവലി. അത് നിര്‍ത്തുക എന്നത് കഠിനമായ കാര്യമാണ്. അച്ഛന്‍ ബോണി കപൂറിന് പുകവലിക്കുന്ന ശീലമുണ്ടായിരുന്നെന്നും അമ്മ ശ്രീദേവിയുടെ മരണശേഷമാണ് സിഗരറ്റ് വലിക്കുന്നത് നിര്‍ത്തിയതെന്നും മകളും നടിയുമായ ജാന്‍വി കപൂര്‍ പറയുന്നു. അച്ഛന്റെ ഈ ശീലം കുടുംബത്തെ എത്രത്തോളം ബാധിച്ചുവെന്നും താനും സഹോദരി ഖുശി കപൂറും തങ്ങളുടതായ രീതിയില്‍ ഇടപെടലുകള്‍ നടത്തിയെന്നും ജാന്‍വി പറയുന്നു.
'അച്ഛന്‍ ഒരുപാട് സിഗരറ്റ് വലിക്കുമായിരുന്നു. എല്ലാ ദിവസവും രാവിലെ ഞാനും ഖുഷിയും അച്ഛന്റെ സിഗരറ്റ് പാക്കറ്റുകള്‍ നശിപ്പിക്കാന്‍ പുതിയ വഴികള്‍ കണ്ടെത്തുമായിരുന്നു. ഒന്നെങ്കില്‍ ഞങ്ങള്‍ പോയി അദ്ദേഹത്തിന്റെ സിഗരറ്റുകള്‍ മുറിച്ചുമാറ്റുമായിരുന്നു. അല്ലെങ്കില്‍ ഞാന്‍ അത് തുറന്ന് പേസ്റ്റ് തേക്കുമായിരുന്നു. ഓരോ ദിവസവും ഞങ്ങള്‍ വ്യത്യസ്ത വഴികള്‍ കണ്ടെത്തി. പക്ഷേ, ആ ശ്രമങ്ങളൊന്നും ഫലിച്ചില്ല.'-ജാന്‍വി പറയുന്നു.
ഇതിന്റെ പേരില്‍ ശ്രീദേവി എപ്പോഴും ബോണി കപൂറുമായി വഴിക്കിടാറുണ്ടായിരുന്നുവെന്നും ജാന്‍വി പറയുന്നു. ഒടുവില്‍ അമ്മ അച്ഛന്റെ ഈ ശീലം മാറ്റാന്‍ ഒരു ത്യാഗം ചെയ്തുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'അമ്മ വെജിറ്റേറിയനായി മാറി. അച്ഛന്‍ സിഗരറ്റ് വലിക്കുന്നത് അവസാനിപ്പിക്കുന്നത് വരെ നോണ്‍ വെജ് കഴിക്കില്ലെന്ന് തീരുമാനമെടുത്തു. ഡോക്ടര്‍മാര്‍ അമ്മയ്ക്ക് നല്‍കിയ ഉപദേശത്തിന് വിപരീതമായിരുന്നു ഈ തീരുമാനം. അമ്മ വളരെ ദുര്‍ബലയാണെന്നും കൂടുതല്‍ നോണ്‍ വെജ് ഭക്ഷണം കഴിക്കണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, അമ്മ തീരുമാനത്തില്‍നിന്ന് മാറിയില്ല. അച്ഛന്‍ പല തവണ പറഞ്ഞിട്ടും അമ്മ നോണ്‍ വെജ് കഴിച്ചില്ല.'- ജാന്‍വി ഓര്‍ത്തെടുക്കുന്നു.
ഒടുവില്‍ ശ്രീദേവിയുടെ മരണത്തിനുശേഷമാണ് ബോണി കപൂര്‍ ഈ ദുശ്ശീലം മാറ്റിയത്. 'അമ്മ ഞങ്ങളെ വിട്ടുപിരിഞ്ഞിട്ട് അഞ്ച് വര്‍ഷത്തോളം ആയിക്കാണും. അച്ഛന്‍ ഒരു ദിവസം പറഞ്ഞു 'അവള്‍ക്ക് ഇത് നിര്‍ത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ അനുസരിച്ചില്ല. ഇപ്പോള്‍ ഞാന്‍ ഇത് നിര്‍ത്തുകയാണ്' എന്ന്. അതിനുശേഷം അച്ഛന്‍ സിഗരറ്റ് വലിച്ചിട്ടില്ല'-ജാന്‍വി പറയുന്നു.
Content Highlights: janhvi kapoor reveals sridevi turned vegetarian to make her husband quit smoking