ഇതിന് ഇങ്ങനെയും ഉപയോഗമുണ്ടോ! പങ്കാളി അറിയാതെ രഹസ്യബന്ധത്തിനായി Notes app ഉപയോഗിച്ച് ഐഫോണ്‍ ഉടമകള്‍

പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

പങ്കാളി അറിയാതെ രഹസ്യബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ ഐഫോണ്‍ ഉപഭോക്താക്കള്‍ 'വ്യത്യസ്തവും നൂതനവുമായ' മാര്‍ഗം ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്. അത്യാവശ്യകാര്യങ്ങള്‍ ഫോണില്‍ കുറിച്ചുവെക്കാനായുള്ള നോട്ട്‌സ് ആപ്പ് ഉപയോഗിച്ചാണ് ഐഫോണ്‍ ഉപഭോക്താക്കള്‍ സ്വന്തം പങ്കാളികള്‍ അറിയാതെ തങ്ങളുടെ രഹസ്യപങ്കാളികളുമായി ചാറ്റ് ചെയ്യുന്നത്. ഇതിനെ കുറിച്ചുള്ള നിരവധി പോസ്റ്റുകളും വീഡിയോകളുമാണ് സാമൂഹികമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. 

ഐഫോണിലെ നോട്ട്‌സ് ആപ്പിലുള്ള കൊളാബറേഷന്‍ സൗകര്യം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. നോട്ടുകള്‍ ഇതുവഴി മറ്റൊരാളുമായി പങ്കുവെക്കാന്‍ കഴിയും. നോട്ട് പങ്കുവെക്കപ്പെട്ടുകഴിഞ്ഞാല്‍ ഇരുവര്‍ക്കുമിടയില്‍ രഹസ്യ ചാറ്റിങ്ങിനുള്ള മാര്‍ഗമായി അത് മാറും. നോട്ടുകളിലെ വിവരങ്ങള്‍ പങ്കുവെക്കാനായുള്ള ഈ ഫീച്ചറിനെ ഇങ്ങനെയും ഉപയോഗിക്കാമെന്ന് ഇതിന്റെ നിര്‍മ്മാതാക്കള്‍ ഒരുപക്ഷേ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല!

റിലേഷന്‍ഷിപ്പില്‍ വഞ്ചന കാണിക്കുന്നവര്‍ എങ്ങനെയാണ് ഐഫോണിലെ നോട്ട്‌സ് ആപ്പ് ഉപയോഗിക്കുന്നത് എന്നാണ് സാമൂഹികമാധ്യമങ്ങളിലെ പലരും വിശദീകരിക്കുന്നത്. മറ്റുചിലര്‍ തങ്ങളുടെ സ്വന്തം അനുഭവകഥകളും പങ്കുവെക്കുന്നുണ്ട്. അതേസമയം ഈ ഫീച്ചര്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ ഇവര്‍ മറ്റുള്ളവര്‍ക്ക് മുന്നറിയിപ്പും നല്‍കുന്നുണ്ട്. വലിയ സ്വീകാര്യതയാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് ലഭിക്കുന്നത്. 

നേരത്തേ കാസി ക്രോഫ്റ്റ്‌സ് എന്ന പ്രൈവറ്റ് ഇന്‍വെസ്റ്റിഗേറ്റര്‍ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നു. സ്ത്രീകളെ സഹായിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നയാളാണ് കാസി. സാധനങ്ങള്‍ വാങ്ങാനുള്ള ലിസ്റ്റും പഴയ കാമുകിയോട് പറയാനുള്ള രോഷം നിറഞ്ഞ വാക്കുകളും കുറിച്ചുവെക്കാനുള്ള അതേ ഇടമാണ് രഹസ്യബന്ധത്തിനായും ഉപയോഗിക്കപ്പെടുന്നതെന്ന് കാസി ക്രോഫ്റ്റ്‌സ് പറയുന്നു. 

'നിങ്ങളുടെ പങ്കാളിക്ക് നിങ്ങളെ സംശയമുണ്ടെങ്കില്‍ അവര്‍ നിങ്ങളുടെ ഫോണെടുത്ത് ടെക്‌സ്റ്റ് മെസേജിങ് ആപ്പ് തുറന്നുനോക്കും. ചിലപ്പോള്‍ മെസഞ്ചറും തുറക്കും. എന്നാല്‍ അവര്‍ ഒരിക്കലെങ്കിലും നോട്ട്‌സ് ആപ്പ് തുറന്ന് നോക്കുമോ? ചിന്തിച്ചുനോക്കൂ.' -കാസി പറഞ്ഞു. 

ഒട്ടേറെ ഉപഭോക്താക്കളാണ് ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ക്ക് താഴെ പ്രതികരിക്കുന്നത്. 'എന്റെ ഒരു അടുത്ത സുഹൃത്തിന്റെ നോട്ട്‌സ് ആപ്പ് അവന്റെ ലാപ്പ്‌ടോപ്പിലും തുറന്നിരുന്നു. അങ്ങനെയാണ് അവന്റെ രഹസ്യബന്ധം കാമുകി കണ്ടുപിടിച്ചത്.' -ഒരാള്‍ കുറിച്ചു. 'ഞാന്‍ ഇത് ചെയ്തിട്ടുണ്ട്. നിങ്ങള്‍ക്ക് പ്രത്യേക പാസ്‌വേഡ് ഉപയോഗിച്ച് നോട്ട്‌സ് ലോക്ക് ചെയ്ത് വെക്കാം. അതുകൊണ്ട് തന്നെ ഫോണ്‍ ആര്‍ക്കെങ്കിലും കിട്ടിയാലും അവര്‍ക്ക് നോട്ട്‌സ് തുറക്കാന്‍ കഴിയില്ല.' -മറ്റൊരാള്‍ പറഞ്ഞു. 

പലവിധ കാരണങ്ങളാലാണ് ആളുകള്‍ രഹസ്യബന്ധത്തിനായി നോട്ട്‌സ് ഉപയോഗിക്കുന്നത്. വാട്ട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, തുടങ്ങിയ ആപ്പുകളെ പോലെ സംശയം ജനിപ്പിക്കുന്ന ഒന്നല്ല നോട്ട്‌സ് എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്. നോട്ടുകളെ ഫോള്‍ഡറുകളില്‍ സൂക്ഷിക്കാമെന്നത് അധിക സുരക്ഷ നല്‍കുന്നു. ഡിലീറ്റ് ചെയ്തുകഴിഞ്ഞാല്‍ ചാറ്റിങ്ങിന്റെ ഒരു ശേഷിപ്പും ഉണ്ടാകില്ല. ഷെയര്‍ ചെയ്യുന്നത് അവസാനിപ്പിച്ചാല്‍ ഉടന്‍ നോട്ട് എല്ലാ ഡിവൈസുകളില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെടും. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനുള്ളതിനാല്‍ സാങ്കേതികമായും നോട്ട്‌സ് സുരക്ഷിതമാണ്. 

Content Highlights: People Are Exploiting This iPhone App To Cheat On Their Partners