‘ഒന്നോ രണ്ടോ മൂന്നോ രൂപ അയക്കൂ’..ഐഫോൺ 17 പ്രോ മാക്സ് വാങ്ങാൻ ഇൻഫ്ലുവൻസറുടെ QR കോഡ് അഭ്യർത്ഥന

ഐഫോൺ 17 പ്രോ മാക്സ്| ഫോട്ടോ: gettyimages
ഐഫോൺ 17 പ്രോ മാക്സ്| ഫോട്ടോ: gettyimages

ഗാഡ്ജറ്റുകളോട് ആളുകൾക്ക് പ്രിയമുണ്ടാകുന്നതിന് കാരണങ്ങൾപലതാണ്. പുതിയ ഐഫോൺ മോഡലിനോട് കടുത്ത ആരാധന തോന്നിയ ഒരു ഇൻഫ്ലുവൻസറുടെ ‘വൃത്യസ്ഥമായ’ വീഡിയോ ശ്രദ്ധനേടുകയാണ്. 

ഐഫോൺ 17 പ്രോ മാക്സ് വാങ്ങുന്നതിനായി ഫോളോവേഴ്‌സിനോട് ചെറിയ തുക സംഭാവനയായി ആവശ്യപ്പെട്ടിരിക്കുകയാണ് ഉത്തർപ്രദേശിൽ നിന്നുള്ള മഹി സിങ് എന്ന ഇൻഫ്ലുവൻസർ.

₹1,30,900 രൂപയോളം വിലയുള്ള ഐഫോൺ 17 പ്രോ മാക്സ് വാങ്ങാൻ ക്യുആർ കോഡും  വീഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. ക്യുആർ കോഡ് വഴി ചെറിയ തുകകൾ സംഭാവനയായി അയക്കാനാണ് അഭ്യർത്ഥന. പുതിയ മോഡലിൻ്റെ കോസ്മിക് ഓറഞ്ച് നിറം തനിക്ക് വളരെ ഇഷ്ടമായെന്നും വീഡിയോയിൽ പറയുന്നുണ്ട്. 

തന്റെ അച്ഛൻ മൂന്ന് മാസം മുമ്പ് ഐഫോൺ 16 വാങ്ങിനൽകിയിരുന്നെന്നും എന്നാൽ ഏറ്റവും പുതിയ മോഡലായ ഐഫോൺ 17 പ്രോ മാക്സിനായി ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം വിസമ്മതിച്ചതെന്നും വീഡിയോയിൽ പറയുന്നുണ്ട്. ഒക്ടോബർ 21-ന് തൻ്റെ ജന്മദിനമാണെന്നും പുതിയ ഐഫോൺ സ്വന്തമാക്കാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്നും അതിനാലാണ് പ്രേക്ഷകരുടെ സഹായം തേടുന്നതെന്നുമാണ് വിശദീകരണം. 

സാമൂഹിക മാധ്യമമായ എക്സിലാണ് വീഡിയോ പ്രചരിക്കുന്നത്. "നിങ്ങൾ ഓരോരുത്തരും ഒന്നോ, രണ്ടോ, മൂന്നോ, നാലോ രൂപ വെച്ച് സഹായിക്കുകയാണെങ്കിൽ എനിക്ക് ഈ ഫോൺ വാങ്ങാൻ കഴിയും. നിങ്ങളുടെ സ്വപ്നം സഫലമാക്കുന്നതിൽ ഞാൻ ഹൃദയം കൊണ്ട് നന്ദിയുള്ളവളായിരിക്കും"- വീഡിയോയിൽ പറയുന്നു. ഫോളോവേഴ്സിനെ ആകർശിക്കാനുള്ള തന്ത്രമാണെന്നും ഇത്തരത്തിലുള്ള അഭ്യർത്ഥനകൾ നിയമവിരുദ്ധമാണെന്നും തുടങ്ങിയ കമൻ്റുകളും വീഡിയോയുടെ പ്രതികരണമായെത്തി.