ഇതിലും ഭേദം ഡല്‍ഹി മെട്രോയാണ്; മാലിന്യം നിറഞ്ഞ ന്യൂയോര്‍ക്ക് സബ്‌വേയുടെ വീഡിയോ പങ്കുവെച്ച് യുവാവ്

ഇന്ത്യയിലെ വൃത്തിയില്ലാത്ത പൊതുസ്ഥലങ്ങളെ കുറിച്ച് വിദേശ ടൂറിസ്റ്റുകളുടെ പല വ്‌ളോഗുകളും നമ്മള്‍ കണ്ടിട്ടുണ്ട്. ഇതില്‍ അവര്‍ ഇന്ത്യയെ വിമര്‍ശിക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതുപോലെ ചര്‍ച്ചയായിരിക്കുന്നത് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു വീഡിയോയാണ്. ന്യൂയോര്‍ക്ക് സബ്‌വേയിലെ വൃത്തിഹീനമായ സാഹചര്യം തുറന്നുകാണിക്കുന്ന വീഡിയോയാണ് ഒരു ഇന്ത്യന്‍ യുവാവ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
നിതീഷ് അദ്വിതി എന്ന യുവാവാണ് ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ചപ്പുചവറുകളും ചിതറിക്കിടക്കുന്ന മറ്റ് മാലിന്യങ്ങളും വീഡിയോയില്‍ കാണാം. ട്രെയ്‌നിനുള്ളിലും പുറത്തും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞിട്ടുണ്ട്. സ്റ്റേഷനും ട്രെയ്‌നുമെല്ലാം വീഡിയോയില്‍ കാണിക്കുന്നുണ്ട്.
ഇങ്ങനെ മാലിന്യം നിറയാനുള്ള കാരണവും വീഡിയോയ്‌ക്കൊപ്പം നിതീഷ് കുറിച്ചിട്ടുണ്ട്. നിരന്തരമായി ആളുകള്‍ ഉപയോഗിക്കുന്നതും സബ്‌വേയുടേയും അടിസ്ഥാന സൗകര്യങ്ങളുടേയും കാലപ്പഴക്കവും ഇതിന് കാരണമാണെന്ന് നിതീഷ് പറയുന്നു. അറ്റക്കുറ്റപ്പണികളുടേയും മതിയായ ക്ലീനിങ് പ്രോട്ടോകോളുടേയും അഭാവവും യുവാവ് കാരണമായി ചൂണ്ടിക്കാണിക്കുന്നുണ്ട്.
മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത ഈ വീഡിയോ നാലര ലക്ഷം പേരാണ് ഇതുവരെ കണ്ടത്. ഒട്ടേറെപ്പേര്‍ കമന്റും ചെയ്തിട്ടുണ്ട്. 'ന്യൂയോര്‍ക്ക് സബ്‌വേയുടെ യഥാര്‍ഥ അവസ്ഥ പങ്കുവെച്ചതിന് നന്ദി' എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. 'ഞാന്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിച്ചപ്പോഴും ഇതുതന്നെയാണ് കണ്ടത്. സബ്വേകളിലെ ദുര്‍ഗന്ധം അസഹനീയമാണ്. അതൊന്നും ഇപ്പോള്‍ ആരും കാര്യമാക്കുന്നതായി തോന്നുന്നില്ല.'-എന്നായിരുന്നു ഒരു കമന്റ്. 'ന്യൂയോര്‍ക്കിലെ സബ്‌വേ സംവിധാനത്തെക്കാള്‍ മികച്ചത് ഡല്‍ഹി മെട്രോ ആണെന്ന് തോന്നുന്നു,' എന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
Content Highlights: indian vlogger exposes new york subways shocking state