'അപ്‌സരസായി' കംബോഡിയയിലെ ഇന്ത്യന്‍ അംബാസഡര്‍; ചിത്രങ്ങള്‍ വൈറല്‍

അപ്‌സരസായി വേഷം ധരിച്ച് കംബോഡിയയിലെ ഇന്ത്യന്‍ അംബാസഡര്‍ ദേവയാനി ഖോബ്രഗഡെ. കംബോഡിയയുടെ പുതുവത്സര ദിനത്തില്‍ ആശംസകള്‍ അറിയിക്കാനാണ് ദേവയാനി 'ഖമര്‍ അപ്‌സരസാ'യി വേഷപ്പകര്‍ച്ച നടത്തിയത്. ദേവയാനി പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചുനില്‍ക്കുന്ന ചിത്രങ്ങള്‍ കംബോഡിയയിലെ ഇന്ത്യന്‍ എംബസി എക്‌സില്‍ പങ്കുവെച്ചിട്ടുണ്ട്.
'അംബാസഡര്‍ ദേവയാനി ഖോബ്രഗഡെ് ഖമര്‍ സംസ്‌കാരത്തേയും പാരമ്പര്യത്തേയും ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഖമര്‍ പുതുവര്‍ഷത്തിന്റെ ആത്മാവിനെ ആശ്‌ളേഷിച്ചുകൊണ്ട് ദേവയാനി അപ്‌സരസിന്റെ വേഷം ധരിച്ചു. എല്ലാ സുഹൃത്തുക്കള്‍ക്കും സന്തോഷകരമായ ഖമര്‍ പുതുവത്സരം ആശംസിക്കുന്നു.'-ഇന്ത്യന്‍ എംബസി എക്‌സില്‍ കുറിച്ചു. കംബോഡിയക്കാരെ സംബന്ധിച്ച് ഖമര്‍ അപ്‌സരസ് സ്‌നേഹത്തിന്റേയും നൃത്തത്തിന്റേയും ദേവതയാണ്.
സ്വര്‍ണ നിറത്തിലുള്ള സാരിയും കിരീടവുമാണ് ദേവയാനി ധരിച്ചത്. ഇതിനൊപ്പം നിറയെ സ്വര്‍ണാഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. 1999-ലാണ് ദേവയാനി ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നത്. 2020 മുതല്‍ കംബോഡിയയിലെ ഇന്ത്യന്‍ നയതന്ത്രജ്ഞയായി പ്രവര്‍ത്തിച്ചു വരികയാണ്. നേരത്തെ ബെര്‍ലിന്‍, ഇസ്ലാമാബാദ്, റോം എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
വിസ തട്ടിപ്പ് ആരോപിച്ച് 2013 ഡിസംബറില്‍ ദേവയാനിയെ വ്യാജ വിസാ കുറ്റം ചുമത്തി അമേരിക്കയില്‍ അറസ്റ്റ് ചെയ്തിരുന്നു. വീട്ടുജോലിക്കാരിക്ക് നിര്‍ബന്ധിത മിനിമം വേതനംപോലും നല്‍കിയില്ലെന്ന ആരോപണവും ദേവയാനി നേരിട്ടിരുന്നു. ഒടുവില്‍ നയതന്ത്ര പരിരക്ഷ ചൂണ്ടിക്കാട്ടി കോടതി ദേവയാനിക്കെതിരായ ആരോപണങ്ങള്‍ തള്ളി.
അതേസമയം നയതന്ത്ര പരിരക്ഷ ഒഴിവാക്കാന്‍ യുഎസ് ഇന്ത്യയോട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഈ അഭ്യര്‍ഥന ഇന്ത്യ തള്ളുകയും ദേവയാനി ഇന്ത്യയിലേക്ക് മടങ്ങുകയും ചെയ്തു. ഇന്ത്യയും യുഎസും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഈ സംഭവം വിള്ളല്‍ വീഴ്ത്തി.
Content Highlights: indian diplomat devyani khobrogade dresses up as apsara on cambodian new year