'എനിക്ക് ഒന്നുമില്ലാത്ത കാലം മുതല്‍ അവളെന്നെ സ്‌നേഹിച്ചതാണ്'- നിറത്തിന്റെ പേരില്‍ അധിക്ഷേപം, പ്രതികരിച്ച് വരന്‍

ഋഷഭ് രജ്പുതും സൊണാലി ചൗക്‌സേയും | Photo: instagram/ankita patel
ഋഷഭ് രജ്പുതും സൊണാലി ചൗക്‌സേയും | Photo: instagram/ankita patel

വിവാഹചിത്രങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെ നിറത്തിന്റെ പേരില്‍ അധിക്ഷേപം നേരിട്ട് മധ്യപ്രദേശില്‍ നിന്നുള്ള യുവാവ്. ഋഷഭ് രജ്പുത് എന്ന യുവാവാണ് ഇരുണ്ട നിറത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയ ആക്രമണത്തിന് ഇരയായത്. കഴിഞ്ഞ ദിവസമായിരുന്നു ഋഷഭിന്റേയും കാമുകി സൊണാലി ചൗക്‌സേയുടേയും വിവാഹം. 11 വര്‍ഷത്തെ പ്രണയത്തിനുശേഷമായിരുന്നു വിവാഹം.

ഋഷഭിന്റെ പണത്തിനുവേണ്ടിയാണ് സൊണാലി വിവാഹം ചെയ്തതെന്നും ബാങ്ക് ബാലന്‍സാണ് പ്രധാനം എന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തു. സര്‍ക്കാര്‍ ജോലിയുള്ളതിനാലാകാം ഈ വിവാഹം നടന്നതെന്നും ചിലര്‍ കുറിച്ചു. എന്നാല്‍ ഇതിന് പിന്നാലെ ഈ പരിഹാസങ്ങള്‍ക്കെല്ലാം മറുപടിയുമായി ഋഷഭ് രംഗത്തെത്തി.

2014 മുതല്‍ സൊണാലിയെ വിവാഹം കഴിക്കുന്ന നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്ന് ഋഷഭ് പ്രതികരിച്ചു. സൊണാലിയെ വധുവിന്റെ വേഷത്തില്‍ കണ്ടപ്പോള്‍ കരച്ചിലടക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'നിങ്ങളെ നിരാശപ്പെടുത്തുന്നതില്‍ ഖേദമുണ്ട്. ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല. പക്ഷേ എന്റെ കുടുംബത്തിന് വേണ്ടി ഞാന്‍ ജോലി ചെയ്യുന്നു. അവര്‍ക്ക് നല്ലൊരു ജീവിതം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് നല്ല വരുമാനമുണ്ട. പക്ഷേ എനിക്കൊന്നുമില്ലാതിരുന്ന കാലത്ത് അവള്‍ എന്നെ സ്‌നേഹിച്ചു. കോളേജ് കാലം മുതല്‍ എന്റെ എല്ലാ സുഖ ദുഃഖങ്ങളിലും അവള്‍ എന്റെ കൂടെയുണ്ടായിരുന്നു.' ഋഷഭ് വ്യക്തമാക്കി.

കുട്ടിക്കാലം മുതല്‍ നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടിട്ടുണ്ടെന്നും തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും ഋഷഭ് കൂട്ടിച്ചേര്‍ത്തു. കടും പിങ്ക് നിറത്തിലുള്ള ഷാളും തലപ്പാവും ഷെര്‍വാണിയുമായിരുന്നു വരന്റെ ഔട്ട്ഫിറ്റ്്. വധു മജന്ത നിറത്തിലുള്ള ലെഹങ്കയാണ് ധരിച്ചിരുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Content Highlights: indian couple faces internets ugly side over grooms skin colour