'ആ പങ്കാളികൾ വീട്ടിൽ വന്നപ്പോൾ 3 പ്ലേറ്റുകളായിരുന്നു ഉണ്ടായിരുന്നത്, കാമുകി വന്നതോടെ ജീവിതം മാറി'

നടൻ ഇമ്രാൻ ഖാനും ലേഖ വാഷിങ്ടണും |  Photo: https://x.com/Filmyape
നടൻ ഇമ്രാൻ ഖാനും ലേഖ വാഷിങ്ടണും | Photo: https://x.com/Filmyape

കാമുകി വന്നതോടെ ജീവിതത്തിന് വന്ന മാറ്റങ്ങൾ വിവരിച്ച് നടൻ ഇമ്രാൻ ഖാൻ. താൻ ജാപ്പനീസ് മിനിമലിസ്റ്റ് ജീവിതശൈലി പിന്തുടരുന്നയാളായിരുന്നെന്നും എന്നാൽ കാമുകി ലേഖ വാഷിങ്ടൺ ജീവിതത്തിലേക്ക് കടന്നുവന്നതോടെ ഏറെ മാറ്റങ്ങൾ സംഭവിച്ചെന്നും ഇമ്രാൻ ഖാൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞു. 

അധികം കൂട്ടുകാരൊന്നും ഇല്ലാത്തതിനാൽ വീട്ടിൽ ആവശ്യത്തിന് മാത്രമായിരുന്നു സാധനങ്ങൾ ഉണ്ടായിരുന്നതെന്നും എന്നാൽ അതിഥികളെ സ്വീകരിക്കാൻ അത് മതിയാകാതെ വരികയും കാമുകിയുടെ നിർബന്ധപ്രകാരം ജീവിതശൈലി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'നാല് വർഷം മുമ്പ് പങ്കാളികളായ രണ്ടുപേർ വീട്ടിലേക്ക് അതിഥികളായെത്തി. എന്നാൽ അന്ന് വീട്ടിൽ മുന്ന് പ്ലേറ്റുകളും മൂന്ന് ഫോർക്കുകളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. എനിക്ക് അധികം കൂട്ടുകാരൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അധികം സാധനങ്ങളുടെയൊന്നും ആവശ്യം വേണ്ടിവന്നിരുന്നില്ല. അതിഥികളെത്തിയപ്പോൾ നാലുപേർ ഒരുമിച്ച് ഭക്ഷണം കഴിക്കാനിരുന്നു. ലേഖയും ഞാനും ഒരു പ്ലേറ്റിൽ ഭക്ഷണം കഴിച്ചു. അതിന് ശേഷം ലേഖ എന്നോട് പറഞ്ഞു, അതിഥികളെ സത്കരിക്കാൻ നമുക്ക് കുറച്ചുകൂടി സാധനങ്ങൾ ആവശ്യമുണ്ടെന്ന്' - നടൻ പറഞ്ഞു. 

കോവിഡ് കാലത്താണ് ഇമ്രാനും ലേഖയും ഡേറ്റിങ്ങിലാകുന്നത്. പിന്നീട് ലിവിങ് ടുഗദറിലേക്ക് കടക്കുകയായിരുന്നു. ജീവിത പങ്കാളിയായി ലേഖ വന്നതോടെ തന്റെ മിനിമലിസ്റ്റ് ജീവിതം പതിയെ പതിയെ മാറാൻ തുടങ്ങിയെന്നും ആവശ്യമായ വസ്തുക്കൾ വീട്ടിലേക്ക് എത്താൻ തുടങ്ങിയെന്നും ഇമ്രാൻ അഭിമുഖത്തിൽ പറഞ്ഞു.

Content Highlights: imran khan girlfriend lekha washington changed his lifestyle