വിശപ്പിന് മുന്നില്‍ എന്ത് 98 ലക്ഷം?; ആര്‍ട്ട് ഇന്‍സ്റ്റലേഷന്റെ ഭാഗമായുള്ള പഴം കഴിച്ച് വിദ്യാര്‍ഥി

വിശന്നാല്‍ ചിലര്‍ക്ക് കണ്ണ് കാണില്ല. വിശപ്പ് പിടിച്ചുനിര്‍ത്താനും അവരെക്കൊണ്ട് പറ്റില്ല. ആ സമയത്ത് കിട്ടുന്ന ഭക്ഷണം എന്തായാലും നമ്മള്‍ കഴിച്ചുപോകും. അത്തരത്തില്‍ ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഒരു യുവാവ് കഴിച്ചത് ആര്‍ട്ട് ഇന്‍സ്റ്റലാഷേന്റെ ഭാഗമായുള്ള പഴമായിരുന്നു. അതിന് വരുന്ന വിലയാകട്ടെ ഏകദേശം 98 ലക്ഷം രൂപയും!
ദക്ഷിണ കൊറിയയിലെ സിയോളിലെ ലീയം മ്യൂസിയം ഓഫ് ആര്‍ട്ടിലാണ് ഈ സംഭവം നടന്നത്. ഇറ്റാലിയന്‍ വിഷ്വല്‍ ആര്‍ട്ടിസ്റ്റ് മൗറിസിയോ കാറ്റെലന്റെ 'വി' എന്നു പേരുള്ള എക്‌സിബിഷന്റെ ഭാഗമായുള്ള 'കൊമേഡിയന്‍' എന്ന ആര്‍ട്ട് വര്‍ക്കായിരുന്നു ഈ പഴം. ചുമരില്‍ ഡക്ട് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ച രീതിയിലായിരുന്നു ഈ പഴം.
സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥിയായ നോഹ് ഹ്യൂന്‍ സൂ 'രാവിലെ ഒന്നും കഴിച്ചില്ല, വിശക്കുന്നു' എന്ന് പറഞ്ഞാണ് ഈ പഴമെടുത്ത് കഴിച്ചത്. വിദ്യാര്‍ഥിയുടെ സുഹൃത്ത് ഇതിന്റെ വീഡിയോ എടുത്ത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കുകയും ചെയ്തു. ചുമരില്‍ നിന്ന് വാഴപ്പഴം എടുത്ത് കഴിക്കുന്നതും തിരിച്ച് പഴത്തിന്റെ തൊലി അവിടെത്തന്നെ ഒട്ടിച്ചുവെയ്ക്കുന്നതും വീഡിയോയില്‍ കാണാം.
'ഒരു കലാസൃഷ്ടി കേടുവരുത്തുന്നത് മറ്റൊരു കലാസൃഷ്ടിയായി കാണാന്‍ കഴിയണം. അത് രസകരമായിരിക്കുമെന്ന് ഞാന്‍ കരുതി... അത് അവിടെ ടേപ്പ് ചെയ്തുവെച്ചിരിക്കുന്നത് കഴിക്കാനല്ലേ'-സംഭവത്തിന് ശേഷം നോഹ് ഹ്യൂന്‍ സൂ ദക്ഷിണ കൊറിയന്‍ മാധ്യമമായ കെബിഎസിനോട് പ്രതികരിച്ചു.
മ്യൂസിയം അധികൃതര്‍ ഈ സംഭവം വിഷ്വല്‍ ആര്‍ട്ടിസ്റ്റായ മൗറിസിയോ കാറ്റലെന്റെ ശ്രദ്ധയില്‍പെടുത്തി. 'അതു കുഴപ്പമില്ല' എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ ഈ പഴം മാറ്റാറുള്ളതിനാലും പെട്ടെന്നുണ്ടായ സംഭവമായതിനാലും വിദ്യാര്‍ഥിക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
നേരത്തേയും കാറ്റലന്റെ ആര്‍ട്ട് വര്‍ക്കിലെ പഴം ഇത്തരത്തില്‍ ഒരാള്‍ കഴിച്ചിരുന്നു. 2019-ലായിരുന്നു ഈ സംഭവം. മിയാമിയിലെ ആര്‍ട്ട് ബേസലിലെ പ്രദര്‍ശനത്തില്‍ 98 ലക്ഷം രൂപയ്ക്ക് ഈ വര്‍ക്ക് വിറ്റുപോയ ശേഷം ഈ പഴം പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റ് ഡേവിഡ് ഡറ്റൂനയാണ് കഴിച്ചത്.
Content Highlights: hungry student eats rs 98 lakh banana artwork