സ്തനങ്ങളിൽ വേദന അനുഭവപ്പെട്ടു, ഇംപ്ലാന്റ് പൊട്ടി അണുബാധ-ദുരനുഭവം വെളിപ്പെടുത്തി ഹുദ കറ്റാൻ

ലോകപ്രശസ്ത സൗന്ദര്യവർദ്ധക ബ്രാൻഡായ ഹുഡ ബ്യൂട്ടിയുടെ സ്ഥാപകയാണ് ഹുദ കറ്റാൻ. തന്റെ ആരോഗ്യനിലയെക്കുറിച്ചും സ്തന ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട ഗുരുതര സാഹചര്യത്തെക്കുറിച്ചുമുള്ള ഹുദയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ചർച്ചയാവുകയാണ്. 12 വർഷം മുമ്പ് ചെയ്ത ഇംപ്ലാന്റ് പൊട്ടിയതിനെത്തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചാണ് അവർ ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
12 വർഷം മുമ്പാണ് ഹുഡ ഇംപ്ലാന്റ് ചെയ്തത്. തിരക്കുകൾ കാരണം ഇതിന്റെ പരിശോധനകൾ അവർ നീട്ടിവെച്ചു. എന്നാൽ അപ്രതീക്ഷിതമായി അനുഭവപ്പെട്ട വേദനയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇംപ്ലാന്റ് പൊട്ടിയതായും അവിടെ അണുബാധയും വീക്കവും തുടങ്ങിയതായും കണ്ടെത്തിയത്. ‘ഇതൊരു വലിയ അപകടത്തിലേക്ക് എത്തുന്നതിന് മുമ്പ് കണ്ടെത്താനായതിൽ ഞാൻ ഭാഗ്യവതിയാണ്. പത്തു വർഷം കൂടുമ്പോൾ ഇംപ്ലാന്റുകൾ മാറ്റണമെന്ന് എനിക്കറിയാമായിരുന്നു, എങ്കിലും ഞാൻ അത് വൈകിപ്പിച്ചു’- പോസ്റ്റിൽ പറയുന്നു. ഇംപ്ലാന്റ് ചെയ്തവർ ഓരോ 10 വർഷം കൂടുമ്പോഴും അത് മാറ്റണമെന്ന നിർദ്ദേശവും ആരാധകർക്ക് നൽകുന്നു.
ഇംപ്ലാന്റ് പൊട്ടാനുള്ള ഏറ്റവും പ്രധാന കാരണം അതിന്റെ പഴക്കമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. പുതിയ തലമുറയിലെ സിലിക്കൺ ജെൽ ഇംപ്ലാന്റുകളിൽ പത്തു വർഷത്തിനുള്ളിൽ പൊട്ടാനുള്ള സാധ്യത 10 ശതമാനം മാത്രമാണെങ്കിലും ജാഗ്രത അത്യാവശ്യമാണ്.
ശസ്ത്രക്രിയയ്ക്ക് ശേഷം ഓരോ രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ സ്തന പരിശോധനയും ഹൈ റെസല്യൂഷൻ യുഎസ്ജി (USG) സ്കാനിങ്ങും നടത്തണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. പത്ത് വർഷം കഴിയുമ്പോൾ എംആർഐ പരിശോധന നടത്തുന്നതാണ് ഇംപ്ലാന്റിന്റെ അവസ്ഥ മനസ്സിലാക്കാൻ ഏറ്റവും അനുയോജ്യം.
സാധാരണഗതിയിൽ വലിയ അപകടങ്ങളോ കഠിനമായ സമ്മർദ്ദമോ ഉണ്ടാകുമ്പോഴാണ് ഇംപ്ലാന്റുകൾ പൊട്ടുന്നത്. ഇത്തരം സാഹചര്യങ്ങളിൽ ഇംപ്ലാന്റ് നീക്കം ചെയ്യുകയാണ് ഏക പോംവഴി. കൃത്യമായ പരിശോധനകളിലൂടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കണമെന്നും ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.
Content Highlights: Huda Kattan revealed a ruptured breast implant 12 years post-surgery., Experts advise replacing implants every 10 years to avoid complications