അര്‍ബുദത്തിനും തോല്‍പ്പിക്കാനാകാത്ത പ്രണയം; നടി ഹിന ഖാന്‍ വിവാഹിതയായി

നടി ഹിന ഖാന്‍ വിവാഹിതയായി. പോഡ്കാസ്റ്ററായ റോക്കി ജയ്‌സ്വാളാണ് വരന്‍. ഏറെക്കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളിലൂടെ ഹിനയാണ് ആരാധകരെ സന്തോഷവാര്‍ത്ത അറിയിച്ചത്. സ്വകാര്യമായി നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
'രണ്ട് വ്യത്യസ്ത ലോകങ്ങളില്‍നിന്ന് ഞങ്ങള്‍ സ്‌നേഹത്തിന്റെ ഒരു പ്രപഞ്ചം കെട്ടിപ്പടുത്തു. ഞങ്ങളുടെ വ്യത്യാസങ്ങള്‍ മാഞ്ഞുപോയി, ഹൃദയങ്ങള്‍ ഒത്തുചേര്‍ന്നു, ആജീവനാന്തം നിലനില്‍ക്കുന്ന ഒരു ബന്ധം സൃഷ്ടിച്ചു. ഞങ്ങളുടെ വീടാണ്, ഞങ്ങളുടെ വെളിച്ചമാണ്, ഞങ്ങളുടെ പ്രതീക്ഷയാണ്, ഒരുമിച്ച് ഞങ്ങള്‍ എല്ലാ തടസ്സങ്ങളെയും മറികടക്കുന്നു. ഇന്ന്, ഞങ്ങളുടെ ഒത്തുചേരല്‍ സ്‌നേഹത്തിലും നിയമത്തിലും എന്നേക്കുമായി മുദ്രവെച്ചിരിക്കുന്നു. ഭാര്യയും ഭര്‍ത്താവുമായി ഞങ്ങള്‍ നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും തേടുന്നു.'- വിവാഹ ചിത്രങ്ങള്‍ക്കൊപ്പം ഹിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഫാഷന്‍ ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത ഒപാല്‍ ഗ്രീന്‍ നിറത്തിലുള്ള കൈത്തറി സാരിയാണ് ഹിന ധരിച്ചത്. സില്‍വര്‍ വര്‍ക്കുകളുള്ള ഇളം പിങ്ക് ബോര്‍ഡറാണ് സാരിക്ക് നല്‍കിയിരുന്നത്. ബോര്‍ഡറിന്റെ അതേ നിറത്തിലുള്ള ബ്ലൗസ് സാരിയുടെ മാറ്റ് കൂട്ടി. ഇതിനൊപ്പം ഇളം പിങ്ക് നിറത്തിലുള്ള വെയ്‌ലുമുണ്ടായിരുന്നു. ഹിനയുടേയും റോക്കിയുടേയും പേരുകള്‍ സാരിയില്‍ തുന്നിച്ചേര്‍ത്തിരുന്നു. ഇതിനൊപ്പം മനീഷ് മല്‍ഹോത്രയുടെ കളക്ഷനിലുള്ള ട്രഡീഷണല്‍ ആഭരണങ്ങളും അണിഞ്ഞതോടെ ലുക്ക് പൂര്‍ണമായി. മനീഷ് മല്‍ഹോത്ര തന്നെ ഡിസൈന്‍ ചെയ്ത വെള്ള നിറത്തിലുള്ള ഷെര്‍വാണിയായിരുന്നു റോക്കിയുടെ ഔട്ട്ഫിറ്റ്.
ഒരു ചിത്രത്തില്‍ ഹിനയെ ചേര്‍ത്തുപിടിച്ചു നില്‍ക്കുന്ന റോക്കിയെ കാണാം. ഹിനയുടെ കാലില്‍ റോക്കി പാദസരം കെട്ടിക്കിടക്കുന്നതും റോക്കിയെ ഹിന ചുംബിക്കുന്നതും ചിത്രങ്ങളിലുണ്ട്. ഇരുവരും വിവാഹരേഖയില്‍ ഒപ്പിടുന്നതും ചിത്രങ്ങളില്‍ കാണാം. ഇതിന് താഴെ ഒട്ടേറെപ്പേരാണ് ഹിനയ്ക്കും റോക്കിക്കും ആശംസകള്‍ നേര്‍ന്നത്.
13 വര്‍ഷത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ് ഹിനയും റോക്കിയും വിവാഹിതരാകുന്നത്. 'യേ രിഷ്താ ക്യാ കെഹ്ലാതാ ഹേ' എന്ന സീരിയലിന്റെ സെറ്റില്‍വെച്ചാണ് ഹിനയും റോക്കിയും ആദ്യമായി കണ്ടുമുട്ടുന്നത്. ഹിന അഭിനയിച്ച് ഈ സീരിയലിലെ സൂപ്പര്‍വൈസിങ് പ്രൊഡ്യൂസറായിരുന്നു റോക്കി. ഇരുവരും അടുത്ത സുഹൃത്തുക്കളായി. പിന്നീട് പ്രണയത്തിലാകുകയായിരുന്നു. 2017-ലാണ് ഇരുവരും പ്രണയം ഔദ്യോഗികമായി അറിയിച്ചത്.
കഴിഞ്ഞ ജൂണില്‍ താന്‍ കാന്‍സര്‍ ബാധിതയാണെന്ന വിവരം ഹിന ഖാന്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു. ചികിത്സയുടെ ഓരോ ഘട്ടവും അനുഭവങ്ങളും നടി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ സ്‌റ്റേജ് 3 സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തിലാണ് താനെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ അവര്‍ തലമുടി പൂര്‍ണമായും നീക്കം ചെയ്തിരുന്നു.
Content Highlights: hina khan and rocky jaiswal are married