'ഉള്ളിലൊരുണ്ണി പിറവിയെടുക്കുമ്പോള്‍ അമ്മയും കൂടെപ്പിറക്കും'-ശ്രദ്ധേയമായി നഴ്‌സുമാരുടെ ഗാനം

കുട്ടനാട്: ലോകാരോഗ്യദിനത്തില്‍ ശ്രദ്ധേയമായി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ നഴ്‌സുമാരുടെ ഗാനം. കുപ്പപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സി. രഞ്ജനാദേവി രചന നിര്‍വഹിച്ച് പുളിങ്കുന്ന് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ കെ. പുഷ്പലത പാടിയ ഗാനമാണ് ശ്രദ്ധേയമായത്.
'ഉള്ളിലൊരു ഉണ്ണി പിറവിയെടുക്കുമ്പോള്‍ അമ്മയും കൂടെപ്പിറക്കും,അമ്മ തന്‍ ആരോഗ്യം ഉണ്ണി തന്‍ ആരോഗ്യം, രണ്ടല്ല രണ്ടും ഒരുണ്‍മ തന്നെ...'എന്നിങ്ങനെപോകുന്നു വരികള്‍. ജില്ലാതലത്തില്‍ നടന്ന ലോകാരോഗ്യ ദിനാചരണത്തില്‍ തീം സോങ് ആയി ഇവരുടെ ഗാനം അവതരിപ്പിച്ചു. ചടങ്ങില്‍ പങ്കെടുത്ത എച്ച് സലാം എംഎല്‍എ, ജില്ലാ മെഡിക്കല്‍ ഓഫീസറടക്കം പ്രശംസിക്കുകയും ഇരുവരെയും വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു.
കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍പേര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ വാക്‌സിനേഷന്‍ നല്‍കി വാര്‍ത്തയില്‍ ഇടംനേടിയ ആളാണ് പുഷ്പലത. കെജിജെപിഎച്ച്എന്‍ ആന്‍ഡ് എസ്യു (കേരള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സസ് ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് യൂണിയന്‍) ജില്ലാ ഭാരവാഹികളാണ് ഇരുവരും. പുഷ്പലത ജില്ലാ പ്രസിഡന്റും രഞ്ജന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗവുമായി പ്രവര്‍ത്തിച്ചുള്ള പരിചയമാണ് ഗാനത്തിന്റെ പിറവിക്കു പിന്നില്‍.
ഞായറാഴ്ച ഉച്ചയോടെയാണ് തിങ്കളാഴ്ച ലോകാരോഗ്യ ദിനമായതിനാല്‍ ഒരു ഗാനം തയ്യാറാക്കിയാലോ എന്ന ആലോചന പുഷ്പലതയ്ക്കു വരുന്നത്. സംഗീതം അഭ്യസിക്കുന്ന പുഷ്പലത തന്റെ ഗുരുവായ ആലപ്പി സുരേഷിന്റെ അടുത്തേക്ക് രഞ്ജനയെയും കൂട്ടി പോയി. അഞ്ചുമണിയോടെ ഗാനം ചിട്ടപ്പെടുത്തി. ഏഴുമണിയോടെ കൊമ്മാടിയിലെ റെക്കോഡിങ് സ്റ്റുഡിയോയിലെത്തി ഗാനമാലപിച്ചു. തിങ്കളാഴ്ച ചില തിരുത്തലുകള്‍ക്കുശേഷം ജോലിയില്‍ പ്രവേശിച്ചു. പാട്ട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് അയച്ചുകൊടുത്തു. ആലപ്പുഴയില്‍ ആരോഗ്യ ദിനാചരണം നടക്കുമ്പോള്‍ ഇരുവരും സ്വന്തം ജോലിയില്‍ വ്യാപൃതരായിരുന്നു. ചടങ്ങിനു ശേഷമാണ് വിവരങ്ങളറിഞ്ഞത്.
Content Highlights: health centre nurses song