സ്ഥിരീകരിച്ച് ഹാര്‍ദിക്കിന്റെ പോസ്റ്റ്; നടാഷയുമായി വേര്‍പിരിയുന്നു

നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹമോചനവാര്‍ത്ത സ്ഥിരീകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ. സാമൂഹികമാധ്യമം വഴിയാണ് ഹാര്‍ദിക് ഇക്കാര്യമറിയിച്ചത്. നാല് വര്‍ഷത്തെ വിവാഹജീവിതത്തിനൊടുവിലാണ് ഇരുവരും വേര്പിരിയലിലെത്തിയിരിക്കുന്നത്. ഹാര്‍ദിക്കിന്റേയും നടാഷയുടേയും വേര്‍പിരിയല്‍ സംബന്ധിച്ച് കുറച്ചുദിവസങ്ങളായി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. മകന് അഗസ്ത്യയ്ക്കൊപ്പം മുംബൈ വിമാനത്താവളത്തിലെത്തിയ നടാഷയുടെ ചിത്രം കഴിഞ്ഞ ദിവസം പ്രചരിക്കുകയും ചെയ്തു. സ്വന്തം നാടായ സെര്‍ബിയയിലേക്ക് നടാഷ മടങ്ങുകയാണെന്ന തരത്തില്‍ വാര്‍ത്തകളും പിന്നാലെ പ്രചരിച്ചു. ഈ അഭ്യൂഹങ്ങള്‍ സ്ഥിരീകരിച്ചാണ് ഹാര്‍ദിക് സാമൂഹികമാധ്യമത്തിലൂടെ ആരാധകര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും മുന്നിലെത്തിയിരിക്കുന്നത്.
''ഒരുമിച്ചുകഴിഞ്ഞ നാല് വര്‍ഷത്തിനുശേഷം ഞാനും നടാഷയും പരസ്പരധാരണയോടെ വേര്‍പിരിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഞങ്ങള്‍ എല്ലാവിധത്തിലും പരമാവധി ശ്രമിച്ചു, ഇതാണ് രണ്ടുപേര്‍ക്കും ഏറ്റവും നല്ലതെന്ന് ഞങ്ങള്‍ കരുതുന്നു. ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നത് ഞങ്ങളെ സംബന്ധിച്ച് കടുപ്പമേറിയതായിരുന്നു, കാരണം പരസ്പരം സന്തോഷവും ബഹുമാനവും നല്‍കുകയും ഞങ്ങളുടെ ദാമ്പത്യം ഞങ്ങള്‍ ആസ്വദിക്കുകയും ഒരു കുടുംബമായി വളരുകയും ചെയ്തു. ഞങ്ങളിരുവരുടേയും ജീവിതങ്ങളുടെ കേന്ദ്രം ഞങ്ങളുടെ മകന് അഗസ്ത്യ തന്നെയായിരിക്കും, അവന്റെ സന്തോഷത്തിനായി ഞങ്ങള്‍ രക്ഷകര്തൃപങ്കാളിത്തം ഉറപ്പുവരുത്തും. നിങ്ങളുടെ പിന്തുണയ്ക്കും സഹകരണത്തിനുമായി ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുകയാണ്. അതിവിഷമകരമായ ഈ സന്ദര്‍ഭത്തില്‍ ഞങ്ങള്‍ക്ക് സ്വകാര്യതയേകണമെന്നും അപേക്ഷിക്കുന്നു", ഹാര്‍ദിക്ക് കുറിച്ചു. കുറിപ്പിന് ചുവടെ ഹാര്‍ദിക് / നടാഷ എന്നും ചേര്‍ത്തിട്ടുണ്ട്.
നേരത്തെ ഹാര്‍ദിക് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീം ട്വന്റി-20 ലോകകപ്പില്‍ കിരീടം നേടിയപ്പോള്‍ അഭിനന്ദിച്ചുള്ള ഒരു പോസ്റ്റ് പോലും നടാഷ പങ്കുവെച്ചിരുന്നില്ല. വിജയാഷോഷങ്ങള്ക്കുശേഷം മകനൊപ്പമുള്ള ചിത്രങ്ങള്‍ ഹാര്‍ദിക് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. തനിക്ക് കിട്ടിയ സ്വര്‍ണമെഡല്‍ മകന്റെ കഴുത്തില്‍ അണിയിക്കുകയായിരുന്നു ഹാര്‍ദിക്. പിന്നാലെ ആനന്ദ് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹാഘോഷങ്ങളിലും ഹാര്‍ദികിനൊപ്പം നടാഷയുണ്ടായിരുന്നില്ല. ആഘോഷത്തിനിടെ ബോളിവുഡ് താരം രണ്‍വീര്‍ സിങ്ങിനൊപ്പം ഹാര്‍ദിക് ഡാന്‍സ് ചെയ്യുന്ന വീഡിയോയും വൈറലായിരുന്നു.
ഇതിനൊപ്പം സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ പ്രാചി സോളങ്കിക്കൊപ്പമുള്ള ഹാര്‍ദികിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയമായി. 'താന്‍ ആരാധിക്കുന്ന ഹാര്‍ദിക്കിനെ കണ്ടുമുട്ടിയ നിമിഷം' എന്ന ക്യാപ്ഷനിലാണ് പ്രാചി വീഡിയോ പോസ്റ്റ് ചെയ്തത്. ഹാര്‍ദിക്കിനും സഹോദരന് ക്രുണാലിനും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും പ്രാചി പങ്കുവെച്ചിട്ടുണ്ട്.
നേരത്തേ ഇന്‍സ്റ്റഗ്രാമിലെ ബയോയില്‍ നിന്ന് പാണ്ഡ്യ എന്ന സര്‍നെയിം നടാഷ ഒഴിവാക്കിയതോടെയാണ് വിവാഹ മോചന അഭ്യൂഹങ്ങളുണ്ടായത്. ഒപ്പം ഹാര്‍ദികിനൊപ്പമുള്ള ചില ചിത്രങ്ങളും അവര്‍ ഒഴിവാക്കിയിരുന്നു. 2020-ലാണ് ഹാര്‍ദികും ഡാന്‍സറും മോഡലും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയുമായ നടാഷയും വിവാഹിതരായത്. ലോക്ഡൗണിനിടയില് രഹസ്യമായായിരുന്നു വിവാഹം. അതേവര്‍ഷം ജൂലായില്‍ ഇരുവര്‍ക്കും കുഞ്ഞ് ജനിക്കുകയും ചെയ്തു.. 2023-ല്‍ ആര്‍ഭാടപൂര്‍വ്വം വിവാഹം വീണ്ടും നടത്തി. ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത പ്രീ വെഡ്ഡിങ് ആഘോഷവും റിസപ്ഷനുമെല്ലാം വിവാഹത്തോട് അനുബന്ധിച്ചുണ്ടായിരുന്നു.
Content Highlights: Hardik Pandya Natasa Stankovic Divorce